ആദി മാതാപിതാക്കളായ ആദത്തിന്റെയും ഹവ്വയുടെയും ജീവിതത്തിലെ ആദ്യ ദുരന്തം പറുദീസാ നഷ്ടമായിരുന്നുവല്ലോ? തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തം മക്കളുടേതായിരുന്നു. കായേനും ആബേലുമായിരുന്നുവല്ലോ അവരുടെ മക്കൾ. അതിൽ കായേൻ ആബേലിനെ കൊന്നതോടുകൂടി അവരുടെ ജീവിതം ദുരിതപൂർണ്ണമായി. പിന്നീട് ആ ദമ്പതികൾക്ക് ഒരു മകൻകൂടി പിറന്നു. സേത്ത്.
ആദം വീണ്ടും തന്റെ ഭാര്യയോട് ചേർന്നു. അവൾ ഒരു പുത്രനെ പ്രസവിച്ചു. സേത്ത് എന്ന് അവനുപേരിട്ടു. കാരണം കായേൻ കൊന്ന ആബേലിന് പകരം എനിക്ക് ദൈവം തന്നതാണ് അവൻ എന്ന് അവൾ പറഞ്ഞു. ( ഉല്പത്തി 4: 25) ആദത്തിന് 130 വയസുള്ളപ്പോഴായിരുന്നു സേത്തിന്റെ ജനനം. സേത്തിന്റെ ജനനത്തിന് ശേഷം 800 വർഷംകൂടി ആദം ജീവിച്ചുവെന്നും ഉല്പത്തിയുടെ പുസ്തകം പറയുന്നു.