“ജറുസലേമിൽവച്ച് അപ്പസ്തോലന്മാരും ശ്രേഷ്ഠൻമാരും എടുത്ത തീരുമാനങ്ങൾ അനുസരിക്കണം എന്ന് അവർ നഗരങ്ങളിലൂടെ ചുറ്റിസഞ്ചരിക്കവേ അവിടെയുള്ളവരെ അറിയിച്ചു. തന്മൂലം സഭകൾ വിശ്വാസത്തിൽ ശക്തിപ്പെടുകയും അവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയും ചെയ്തു.” (അപ്പ.പ്രവൃത്തകൾ 16: 4,5 ). സുവിശേഷം ശ്രവിച്ചു ക്രിസ്തീയ ജീവിതം നയിച്ചിരുന്ന വിശ്വാസികൾ കൗൺസിൽ പ്രബോധനങ്ങൾ സ്വീകരിച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ നന്മകളെ കുറിച്ച് പറഞ്ഞിരിക്കുന്നതാണിത്. കൗൺസിൽ പ്രബോധനങ്ങളുമായി ബന്ധപ്പെട്ട ഈ ആത്മീയ സത്യം വിശ്വാസികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഈ കാലഘട്ടത്തിൽ തീവ്രവാദത്തിൻ്റെയും മറ്റും രൂപത്തിൽ സഭയ്ക്ക് പുറമേനിന്നും അതിനേക്കാളുപരി തെറ്റായ പ്രബോധനങ്ങളിലൂടെ മറ്റും സഭയ്ക്കകത്ത്നിന്നും സഭയ്ക്ക് ഏറെ പീഡനം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനെക്കുറിച്ചുള്ള പഠനങ്ങൾ സഭയ്ക്ക് വലിയ ഉണർവ് നൽകും എന്നതിൽ സംശയമില്ല. കൗൺസിൽ പ്രബോധനങ്ങളിൽ തിരുസഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷൻ പ്രത്യേകിച്ച്, അല്മായരെക്കുറിച്ചും, സഭയിൽ എല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും ഉള്ള അധ്യായങ്ങൾ, വിശുദ്ധ ഗ്രന്ഥത്തിൻ്റെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ദൈവാവിഷ്കരണത്തെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷൻ, ആരാധനക്രമത്തെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷൻ, എല്ലാ വിശ്വാസികളും പ്രേഷിതരാകണം എന്ന് പഠിപ്പിക്കുന്ന പ്രേഷിതപ്രവർത്തനം, അൽമായ പ്രേഷിതത്വം എന്നീ ഡിക്രികൾ, സാമൂഹ്യസമ്പർക്ക മാധ്യമങ്ങൾ പ്രേഷിത പ്രവർത്തനത്തിന് നൽകുന്ന സഹായത്തെ കുറിച്ച് പഠിപ്പിക്കുന്ന ഡിക്രി, ആധുനികലോകത്തിൽ വിശ്വാസികളുടെ ജീവിതശൈലി എപ്രകാരമാണ് എന്ന് പഠിപ്പിക്കുന്ന കോൺസ്റ്റിറ്റ്യൂഷൻ ഇവയെക്കുറിച്ച് വിശ്വാസികൾ ശരിയായി മനസ്സിലാക്കി കഴിയുമ്പോൾ സഭയുടെ സൗന്ദര്യം പൂർവാധികം വെളിപ്പെടും.
ഈ വിഷയസംബന്ധമായ കൂടുതൽ പഠനങ്ങൾക്കായി ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക.
https://youtu.be/KSGvqjrTPeo