.
രണ്ടാം വത്തിക്കാൻ കൗൺസിലുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പാഷണ്ഡതകൾ എങ്കിലും രൂപപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു.
1) രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരു പുതിയ സഭയ്ക്ക് രൂപം കൊടുത്തിരിക്കുന്നു. ഏകകോശജീവി പരിണമിച്ച് ബഹുകോശ ജീവിയായി മാറിയിരിക്കുന്നതുപോലെ. രണ്ടാം വത്തിക്കാൻ കൗൺസിലിന് മുൻപുള്ള സഭയിലെ പാരമ്പര്യങ്ങളും പ്രബോധനങ്ങളും ഒന്നും അത്ര പ്രസക്തമല്ല എന്ന് ഇക്കൂട്ടർ കരുതുന്നു. ‘ലിബറലിസം’ എന്ന പാഷാണ്ഡതയായി ഇത് മാറിയിരിക്കുന്നു. എല്ലാ മതങ്ങളും ഒന്നാണ്, എല്ലാ സഭകളും ഒരുപോലെയാണ്, തുടങ്ങിയ കാഴ്ചപ്പാടിലേക്ക് ഇവർ എത്തിയിരിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളിലെ ചില ഭാഗങ്ങളെ വ്യക്തമായി മനസ്സിലാക്കാതെ, അല്ലെങ്കിൽ വളച്ചൊടിച്ചൊക്കെയാണ് ഇവർ തങ്ങളുടെ കാഴ്ച്ചപ്പാട് രൂപീകരിച്ചിരിക്കുന്നത്.
2)രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെ വഴിതെറ്റിച്ചിരിക്കുന്നു, സഭയുടെ സത്യവിശ്വാസത്തെ രണ്ടാം വത്തിക്കാൻ കൗൺസിൽ കളങ്കപ്പെടുത്തിയിരിക്കുന്നു. ഈ അബദ്ധ ചിന്തയിൽ പെട്ടുപോയവർ പ്രധാനമായും രണ്ട് രീതിയിലാണ് തങ്ങളുടെ നിലപാടുകൾ പ്രകടിപ്പിക്കുന്നത്. a) രണ്ടാം വത്തിക്കാൻ കൗൺസിൽ സാധുവായ കൗൺസിൽ അല്ല. അതിനാൽ അതിനെ സ്വീകരിക്കേണ്ടതില്ല.b) രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളിൽ, ഡോഗ്മാറ്റിക് കോൺസ്റ്റിട്യൂഷനിൽ പോലും തെറ്റ് കടന്നു കൂടിയിട്ടുണ്ട്. അവ മാറ്റാതെ സഭ ശരിയാവില്ല.
ഈ രണ്ടു കൂട്ടരും പൊതുവിൽ ഒന്നിക്കുന്ന ബിന്ദു, ഒന്നാം വത്തിക്കാൻ കൗൺസിൽ വരെയുള്ള കാര്യങ്ങളെ സ്വീകരിക്കുക എന്നതാണ്. ഈ രണ്ടു നിലപാടുകളും വഴി തെറ്റലാണ് എന്നും, മറ്റ് കൗൺസിലുകളുടെ തുടർച്ചയാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ എന്നും ദൈവശാസ്ത്രജ്ഞനും മാർപാപ്പയും ആയ ബെനഡിക്ട് പതിനാറാമൻ പറഞ്ഞിട്ടുണ്ട്.
സഭയുടെ നേതൃതലങ്ങളിൽ ഉള്ളവർ തുടങ്ങി പലരും ഇത്തരം അബദ്ധ നിലപാടുകളിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സഭാ തനയർ സത്യവിശ്വാസം സ്വീകരിക്കേണ്ടിയിരിക്കുന്നത്. അത് ഏറെ ശ്രദ്ധാപൂർവ്വം നീങ്ങുവാൻ നമ്മെ കടപ്പെടുത്തുന്നു.
ഈ പശ്ചാത്തലത്തിൽ സഭാ സത്യങ്ങളെ പ്രത്യേകിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെ സഭാത്മക മായി അവതരിപ്പിക്കേണ്ടതിന്റെ അത്യാവശ്യം ബോധ്യപ്പെട്ട് IHS മിനിസ്ട്രി ഒരുക്കിയിരിക്കുന്ന ഈ തുടർ പരമ്പരയിലേക്ക് ഒരിക്കൽ കൂടി എല്ലാവരെയും ക്ഷണിക്കുന്നു. പരമ്പരയുടെ എപ്പിസോഡ് – 8 ഉടൻ ആരംഭിക്കുന്നതായിരിക്കും.
ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്, IHS മിനിസ്ട്രി.