വത്തിക്കാന്‍ സിറ്റി: രണ്ടാം വത്തിക്കാന്‍സൂനഹദോസിനെ സംശയിക്കുക എന്നത് സൂനഹദോസ് പിതാക്കന്മാരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കലാണെന്നും ആത്യന്തികമായി സഭയെ നയിക്കുന്ന പരിശുദ്ധാത്മാവിനെ തന്നെ സംശയിക്കലാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
പഴയ റോമന്‍ കുര്‍ബാനക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണത്തെ സംബന്ധിച്ച നിബന്ധനകള്‍ നവീകരിച്ചുകൊണ്ട് ത്രദീസിയോനിസ് കുസ്‌തോദെസ് എന്ന ലത്തീന്‍ നാമത്തില്‍ പുറപ്പെടുവിച്ച സ്വയാധികാര പ്രബോധനത്തോടൊപ്പം മെത്രാന്മാര്‍ക്ക് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ ഉണ്ടാകുന്ന ദുരാചരണങ്ങളിലും പാപ്പ കത്തില്‍ ഖേദം പ്രകടിപ്പിച്ചു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസും മാര്‍പാപ്പമാരുടെ പ്രബോധനങ്ങളും വരുത്തിയ ആരാധനക്രമ പരിഷ്‌ക്കാരങ്ങളെ മാനിച്ചുകൊണ്ടുവേണം പഴയ റോമന്‍ ആരാധനാക്രമം ഉപയോഗപ്പെടുത്തേണ്ടതെന്നും പാപ്പ ഇതില്‍ ഓര്‍മ്മിപ്പിക്കുന്നു. പുതിയ കുര്‍ബാനക്രമത്തിന്റെ നിര്‍ദ്ദേശങ്ങളോട് വിശ്വസ്തത പാലിച്ചുകൊണ്ടല്ല പലയിടത്തും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതെന്നും ദുസ്സഹ വൈകല്യങ്ങളിലേക്ക് നയിക്കുന്നതായ സര്‍ഗ്ഗാത്മകതയ്ക്കുള്ള അംഗീകാരമായി അല്ലെങ്കില്‍ ആവശ്യകതയായിപോലും അതിനെ വ്യാഖ്യാനിക്കുന്നുവെന്നുമുള്ള ബെനഡിക്ട് പതിനാറാമന്‍ വാക്കുകളും പാപ്പ കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
പാരമ്പര്യത്തെയും സത്യസഭയെയും വഞ്ചിച്ചു എന്ന അടിസ്ഥാനരഹിതവും നിലനില്ക്കാത്തതുമായ ആരോപണം ഉന്നയിച്ചുകൊണ്ട് ആരാധനക്രമ നവീകരണത്തെ മാത്രമല്ല രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ തന്നെ നിരാകരിക്കാനുള്ള കരുവാക്കി 1962 ലെ റോമന്‍ കുര്‍ബാനക്രമത്തെ മാറ്റുന്നത് കൂടുതല്‍ വേദനാജനകമാണെന്നും പാപ്പ പറയുന്നു.