ബംഗളൂര്: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ക്രിസ്തുവിനെയും പ്രവാചകനെയും പോലെയുളള മതനേതാക്കളെ എടുത്തുമാറ്റുന്ന കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ തീരുമാനത്തെ ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ അപലപിച്ചു. സംസ്ഥാനം ഭരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. ഇതിഹാസ നായകന്മാരായ ടിപ്പുസുല്‍ത്താന്‍, ഹൈദരലി എന്നിവരെയും പാഠ്യഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാഠഭാഗങ്ങളുടെ ഭാരം കുറയ്ക്കാനുള്ള ഭാഗമെന്ന നിലയിലാണ് സിലബസില്‍ മാറ്റം വരുത്തിയിരിക്കുന്നത് എന്നാണ് ഗവണ്‍മെന്റിന്റെ ന്യായീകരണം.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢതന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ക്രിസ്തുവിനെയും മറ്റ് മതനേതാക്കളെയും സിലബസില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് പ്രതികരിച്ചു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്കുന്ന മതനിരപേക്ഷ മുഖത്തെയാണ് ഗവണ്‍മെന്റ് നിരാകരിക്കുന്നത്. ഇതൊരിക്കലും നല്ല അടയാളമല്ല. അദ്ദേഹം വ്യക്തമാക്കി.