കത്തോലിക്കാ സഭയില്‍ പരിശുദ്ധ മറിയത്തോടുള്ള വണക്കത്തിന് സഭയുടെ ഉദയം മുതല്ക്കുളള പഴക്കമുണ്ട്. അതുപോലെ ശനിയാഴ്ചകളെ പരിശുദ്ധ മാതാവിന്റെ വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന പതിവും മധ്യയുഗം മുതല്‍ക്ക് നിലവിലുണ്ട്. കാത്തലിക് എന്‍സൈക്ലോപീഡിയായുടെ അഭിപ്രായപ്രകാരം ശനിയാഴ്ചകളെ മാതാവിന്റെ വണക്കത്തിനായി നീക്കിവച്ചിരിക്കുന്നത് പത്താം നൂറ്റാണ്ടുമുതല്ക്കാണ്. എന്തുകൊണ്ടാണ് ശനിയാഴ്ചകളെ മാതാവിന്റെ വണക്കത്തിനായി നീക്കിവച്ചിരിക്കുന്നത്?
പല കാരണങ്ങളും ഇതിനായി പറയുന്നുണ്ട്. എന്നാല്‍ അതില്‍ ഒന്നാണ് വിശുദ്ധ തോമസ് അക്വിനാസിന്റെ അഭിപ്രായം. ഈശോയുടെ ഉയിര്‍പ്പുമായി ബന്ധപ്പെട്ടാണ് വിശുദ്ധന്‍ ഇതിനെ വ്യാഖ്യാനിക്കുന്നത്.
ഈശോ ഞായറാഴ്ച ഉത്ഥാനം ചെയ്തതുവരെയും മാതാവിന്റെ വിശ്വാസം ദുര്‍ബലപ്പെട്ടിരുന്നില്ല. ദൃഢമായ വിശ്വാസത്തില്‍ മാതാവ് ഉറച്ചുനിന്നു. അതുകൊണ്ടാണ് ശനിയാഴ്ചകളെ മാതാവിനായി പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ടത് എന്ന് അദ്ദേഹം പറയുന്നു. ഞായര്‍ ഈശോയോടുള്ള ആരാധനയ്ക്കായി നീക്കിവച്ചിരിക്കുന്നതുകൊണ്ട് ശനി അവിടുത്തെ അമ്മയായ മറിയത്തിന വേണ്ടി നീക്കിവച്ചിരിക്കുന്നു എന്നും പറയുന്നവരുണ്ട്.
എങ്കിലും ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെടുത്തിയാണ് കൂടുതലാളുകളും ശനിയാഴ്ചയെയും മരിയവണക്കത്തെയും വിലയിരുത്തുന്നത്. ഫാത്തിമാ ദര്‍ശനത്തിന് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ ലൂസിക്ക് നല്കിയ സ്വകാര്യ വെളിപാടില്‍ മാതാവ് ആവശ്യപ്പെട്ടത് അമ്മയുടെ വിമലഹൃദയത്തിനായി അഞ്ച് ആദ്യ ശനിയാഴ്ചകള്‍ നീക്കിവയ്ക്കണമെന്നാണ്. ഇതില്‍ നിന്നാണ് ഇന്ന് നിലവിലുളള ശനിയാഴ്ച ആചരണത്തിന് വ്യാപകമായ പ്രചാരം കിട്ടിയിരിക്കുന്നത് എന്ന് ന്യായമായും വിചാരിക്കാവുന്നതാണ്.
അമ്മേ മാതാവേ ഞങ്ങള്‍്ക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ.