കോഴിക്കോട്: കേരളം നേടിയ സന്തോഷ് ട്രോഫിയുമായി കേരള ടീം കോച്ച് ബിനോ ജോര്‍ജ് നന്ദിപറയാന്‍ മഞ്ചേരി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെത്തി. കളിയില്ലാത്ത ദിവസങ്ങളില്‍ ടീം കോച്ചും അംഗങ്ങളില്‍ ചിലരും ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. രാവിലെ ആറരയ്ക്കുള്ള കുര്‍ബാനയ്ക്കായിരുന്നു ടീം പങ്കെടുത്തിരുന്നത്.
വികാരി ഫാ. ടോമി കളത്തൂരിനോടു ടീമിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥന ചോദിക്കുകയും അച്ചന്‍ വിശ്വാസികളോടും ഈ നിയോഗം പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് ഈവിജയം നേടിയതെന്ന് ടീം വിശ്വസിക്കുന്നു.
അതുകൊണ്ട് നന്ദി പറയാന്‍ ദേവാലയത്തിലെത്തിയത് അവര്‍ സന്തോഷ് ട്രോഫിയുമായിട്ടാണ്. മത്സരത്തിന്റെ തലേദിവസം കളിക്കാരുടെ പന്തും ജേഴ്‌സിയും വെഞ്ചരിച്ചിരുന്നതായി ഫാ. ടോമി അറിയിച്ചു. വിജയിച്ചാല്‍ ട്രോഫിയുമായി ദേവാലയത്തിലെത്തുമെന്നായിരുന്നു ടീമിന്റെ വാക്ക്.
അതനുസരിച്ച് ട്രോഫിയുമായി സംഘം ദേവാലയത്തിലെത്തിയപ്പോള്‍ അത് കൃതജ്ഞതാപ്രകടനം കൂടിയായി. വിജയങ്ങളില്‍ ദൈവത്തെ മറന്നുപോകാത്തവരുടെ കൃതജ്ഞതാപ്രകടനം.