വെളളത്തിന് മുകളിലൂടെ നടന്നുപോയ ഈ ഫ്രാന്‍സിസ്‌ക്കന്‍ വിശുദ്ധനെക്കുറിച്ച്‌കേട്ടിട്ടുണ്ടോ?


നിങ്ങള്‍ക്ക് അസാധ്യമായിട്ടൊന്നുമില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം നമുക്ക് നല്കുന്ന ശുഭസൂചനകളിലൊന്ന്. തനിക്ക് ചെയ്യാന്‍ കഴിയുന്ന അത്ഭുതങ്ങളൊക്കെ നിങ്ങള്‍ക്കും ചെയ്യാമെന്ന് ക്രിസ്തു തന്റെ ശിഷ്യരെ ധൈര്യപ്പെടുത്തുന്നുണ്ട്. പക്ഷേ ക്രിസ്തുവിന്റെ കൂടെയുണ്ടായിരുന്നെേപ്പഴൊന്നും അവര്‍ക്ക് അത്രമേല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതായി നാം വായിക്കുന്നുമില്ല.

കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ക്രിസ്തു അപ്പസ്‌തോലന്മാര്‍ക്കെല്ലാം അത്ഭുതമായി മാറിയതായി നാം ബൈബിളില്‍ കണ്ടുമുട്ടുന്നുണ്ട്. എന്നാല്‍ പത്രോസിന് അന്ന് അത്തരമൊരു അത്ഭുതം ചെയ്യാന്‍ കഴിഞ്ഞതുമില്ല. പക്ഷേ പത്രോസിന്റെ പിന്തുടര്‍ച്ചക്കാരായ ചില വിശുദ്ധര്‍ക്ക് വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത്തരക്കാരിലൊരാളാണ് ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയായ വിശുദ്ധ ഫ്രാന്‍സിസ് ഓഫ് പൗളോ.

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതമാതൃക വഴിയാണ് സന്യാസത്തിലേക്ക് പൗളോയിലെ വിശുദ്ധ ഫ്രാന്‍സിസ് കടന്നുവന്നത്. പതിനഞ്ചാം നൂറ്റാണ്ടാണ് ജീവിതകാലം. അക്കാലത്തെ ഭരണാധിപന്മാരെയും മാര്‍പാപ്പമാരെയും എല്ലാം വിശുദ്ധന്റെ വിശുദ്ധി ആകര്‍ഷിച്ചിരുന്നതായി ചരിത്രം പറയുന്നു. പോപ്പ് സിക്റ്റസ് നാലാമന്‍, ലൂയി പതിനൊന്നാമന്‍, ചാള്‍സ് എട്ടാമന്‍ എന്നിവരെല്ലാം ഉദാഹരണം. അത്ഭുതപ്രവര്‍ത്തകനായിട്ടാണ് ഈ വിശുദ്ധന്‍ പരക്കെ അറിയപ്പെട്ടിരുന്നത്.

ഒരിക്കല്‍ കടല്‍ കടന്നുപോകേണ്ടതായ സാഹചര്യം അദ്ദേഹത്തിനുണ്ടായി. പക്ഷേ കയ്യില്‍ പണം ഇല്ലാത്തതുകൊണ്ട് തുറമുഖ ജോലിക്കാരന്‍ അതിന് സമ്മതിച്ചില്ല. ഈ സമയം വിശുദ്ധന്‍ നിലത്തു മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുകയും കടലിന് നേരെ കരം നീട്ടുകയും ചെയ്തു. ഏറെ നേരം പ്രാര്‍ത്ഥിച്ചതിന് ശേഷം എണീറ്റ അദ്ദേഹം കടലിന് നേരെ നടന്നുതുടങ്ങുകയും അദ്ദേഹം പാദങ്ങള്‍ വച്ചിടമെല്ലാം കരയായി തെളിഞ്ഞുവരുകയും ചെയ്തു.

അതുപോലെ തന്റെ മേലങ്കി വെള്ളത്തിന് മീതെ വിരിച്ച് അതില്‍ അദ്ദേഹം കടലിലൂടെ യാത്ര ചെയ്തതായും പറയപ്പെടുന്നു. ഇക്കാരണത്താല്‍ ബോട്ടുതൊഴിലാളികള്‍, കടല്‍യാത്രക്കാര്‍ തുടങ്ങിയവരുടെ മാധ്യസ്ഥനായി ഇദ്ദേഹത്തെ കണക്കാക്കിവരുന്നു.

ദൈവത്തില്‍ ശിശുസഹജമായ ഭാവത്തോടെ പ്രത്യാശയര്‍പ്പിച്ചതുകൊണ്ടാണ് വിശുദ്ധര്‍ക്കെല്ലാം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. നമുക്കും ദൈവത്തില്‍ ശരണം വയ്ക്കാം. അപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല( മത്താ: 17;20) എന്ന തിരുവചനം നമ്മുടെ ജീവിതത്തില്‍ നിറവേറുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.