ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളില്‍ വിഷാദത്തിന് അടിപ്പെടാത്തവരും വിഷാദത്തിലൂടെ കടന്നുപോകാത്തവരുമായി ആരും തന്നെയുണ്ടാവില്ല. എന്നാല്‍ വിഷാദത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ പറയാം. ഇവ നല്കിയിരിക്കുന്നതാവട്ടെ മനശ്ശാസ്ത്രജ്ഞനോ ഡോക്ട്‌റോ ഒന്നുമല്ല. വിശുദ്ധനാണ്. വിശുദ്ധ തോമസ് അക്വിനാസ്.
അദ്ദേഹം പറയുന്ന ചില നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് വിഷാദം വരുമ്പോള്‍ കരയണം എന്നത്. പലപ്പോഴും കരയാന്‍ മടിക്കുന്നവരാണ് നമ്മളില്‍ പലരും. അത് കൊച്ചുകുട്ടികള്‍ക്കോ അല്ലെങ്കില്‍ സ്ത്രീകള്‍ക്കോ മാത്രമുളളതാണെന്ന് പലരുടെയും ധാരണ. ഇത് ശരിയല്ല. കരയുമ്പോള്‍ മനസ്സിനും ശരീരത്തിനും ഒന്നുപോലെ സൗഖ്യം കിട്ടും.
ചെറിയൊരു വിരുന്ന് സ്വയം നടത്തുക.രുചികരമോ ഇഷ്ടമുള്ളതോ ആയ ഭക്ഷണം കഴിക്കുക എന്നതാണ് അതുവഴി ഉദ്ദേശിക്കുന്നത്. നിങ്ങളെ മനസ്സിലാക്കുമെന്ന് ഉറപ്പുളള ഒരു സുഹൃത്തിന്റെയോ അല്ലെങ്കില്‍ പ്രിയപ്പെട്ട ആരുടെയെങ്കിലുമോ ഉപദേശമോ സാന്നിധ്യമോ സ്വീകരിക്കുക. അവരുടെ ദയവും സ്‌നേഹവും നിങ്ങളുടെ മനസ്സിലെ വിഷാദം അകറ്റാന്‍ സഹായകമാകും. ഒരു സിനിമ കാണുകയോ പാട്ടു കേള്‍ക്കുകയോ പ്രകൃതിഭംഗി ആസ്വദിക്കുകയോ ചെയ്യുന്നതുമാണ് മറ്റൊരു പോംവഴി.
എന്താ ഇനി മുതല്‍ വിഷാദം നെഞ്ചു കലക്കുമ്പോള്‍ നമുക്ക് ഈ വഴിയൊന്ന് പരീക്ഷിച്ചാലോ?