ഈശോയുടെ തിരുഹൃദയത്തിന്‍റെ വണക്കമാസം- ആറാം ദിവസം- മരിയന്‍ പത്രത്തില്‍

പാപം നിറഞ്ഞ ആത്മാവേ! നിന്‍റെ നേരെയുള്ള ഈശോയുടെ സ്നേഹം തിരിച്ചറിയുക. ലോകത്തില്‍ നീ ആഗതനായ ഉടനെ ജ്ഞാനസ്നാനം വഴി നിന്നെ അവിടുന്ന്‍ ശുദ്ധമാക്കി പിശാചിന്‍റെ അടിമത്തത്തില്‍ നിന്നും രക്ഷിച്ചു. ദൈവപ്രസാദവരത്താല്‍ അലങ്കരിച്ച്‌ അനന്തരം സ്വപുത്രനെന്നും സ്നേഹിതനെന്നും ഏറ്റം വാത്സല്യത്തോടെ വിളിച്ച് അവിടുത്തെ ദിവ്യ ഹൃദയത്തില്‍ നിന്നെ ഭദ്രമായി സൂക്ഷിച്ചു. എന്നാല്‍ നിനക്ക് ഓര്‍മ്മവന്ന ക്ഷണത്തില്‍ ഈശോയുടെ അനന്തമായ സ്നേഹത്തേയും ദയയേയും വിസ്മരിച്ച് അവിടുത്തെ സന്നിധിയില്‍ നിന്നു നീ ഓടി ഒളിക്കുകയും പാപം മൂലം ആത്മാവിനെ അശുദ്ധമാക്കുകയും ചെയ്തു.

അങ്ങനെ ആത്മാവ് ദൈവത്തിന്‍റെ ശത്രുവായ പിശാചിന്‍റെ അടിമയായി ആ ക്ഷണത്തില്‍ തന്നെ മാമോദീസായില്‍ ലഭിച്ചിരുന്ന പരിശുദ്ധിയും ശോഭയും, മിശിഹായുടെ പുത്രനെന്നും സ്നേഹിതനെന്നും ഏറ്റം സൗന്ദര്യമുള്ള മണവാട്ടിയെന്നുമുള്ള നാമവും നഷ്ടമാവുകയും നീ ഏറ്റം വിരൂപനായിത്തീരുകയും ചെയ്തു. ഈശോ നിനക്ക് നഷ്ടമായ ദിനമാണ് നിന്‍റെ ജീവിതത്തിലെ ഏറ്റം നിര്‍ഭാഗ്യമായ ദിനം.

ദൈവത്തെ നിനക്കു നഷ്ടപ്പെട്ട ആ ദിനം അവിടുത്തെ ദിവ്യഹൃദയത്തിനു അത്യന്തം വേദന നിറഞ്ഞ ദിവസമായിരുന്നു എന്നുചിന്തിക്കുക. ദയ നിറഞ്ഞ പിതാവായ അവിടുത്തെ സ്നേഹം നിന്നെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈശോ നിന്നില്‍ ഭയവും ഞടുക്കവും അനുതാപവും വരുത്തിക്കൊണ്ട് നീ മനസ്താപപ്പെടുന്നതിനു ഇടവരുത്തുകയും നിന്‍റെ എല്ലാ പാപങ്ങള്‍ക്കും മോചനം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാ പാപങ്ങള്‍ക്കും പൊറുതി ലഭിച്ച ശേഷം നിന്‍റെ ഉദ്ദേശ്യം എന്തായിരിക്കുന്നു?

ഈശോയുടെ സ്നേഹത്തില്‍ നിലനില്‍ക്കണമെന്നാണോ നിന്‍റെ ചിന്ത? ഈശോയുടെ വാത്സല്യത്തെ മറന്നു നീ അവിടുത്തെ അനുനിമിഷം വിട്ടകന്നു പോകുന്നു. അവിടുന്നു വീണ്ടും വീണ്ടും അത്യന്ത സ്നേഹത്തോടും ദീര്‍ഘശാന്തതയോടും കൂടി നിന്‍റെ സമീപത്തേയ്ക്കു ഓടിവരുന്നു. എന്‍റെ ആത്മാവേ! നിന്‍റെ ഹൃദയനാഥനായ ദിവ്യരക്ഷകന്‍റെ സ്നേഹത്തെ നീ കാണുന്നില്ലല്ലോ? അനുസ്യൂതമായ നിന്‍റെ വീഴ്ചയില്‍ മിശിഹായുടെ ഹൃദയം അനുഭവിക്കുന്ന ദുഃഖം നീ അറിയുന്നില്ലെന്നോ? നിന്‍റെ ഹൃദയകവാടത്തില്‍ അവിടുന്നു മുട്ടിവിളിക്കുന്നത് നീ ശ്രവിക്കുന്നില്ലെന്നോ? എന്തിനാണു അവിടുന്നു ഇത്ര ജാഗ്രതയോടുകൂടെ നിന്നെ അന്വേഷിക്കുന്നത്?

നീ ശിക്ഷിക്കപ്പെട്ടാല്‍ ഈ ദിവ്യഹൃദയത്തിനു നഷ്ടം വല്ലതും നേരിടുമെന്ന് നീ വിചാരിക്കുന്നുവോ? അമൂല്യമായ നിന്‍റെ ആത്മാവ് നഷ്ടമാകാതിരിക്കാനാണ് അവിടുന്ന്‍ ബദ്ധപ്പെട്ട് നിന്‍റെ പക്കലേക്ക് ഓടി അണയുന്നത്. എന്‍റെ ആത്മാവേ! നിന്നോടുതന്നെ നിനക്ക് ദയ തോന്നുന്നില്ലെന്നോ? നീ സ്വയം സ്നേഹിക്കുന്നുവെങ്കില്‍ നിന്നെ അന്വേഷിച്ചു വരുന്ന പിതാവും, സ്രഷ്ടാവും നാഥനുമായ ഈശോയുടെ ദിവ്യഹൃദയത്തിലേക്കു ഓടി എത്തുക. അവിടുന്ന്‍ എല്ലാ പാപങ്ങളും വിസ്മരിച്ച് പ്രസാദവരത്താല്‍ നിന്നെ അലങ്കരിച്ച് ആശീര്‍വദിക്കും.

ജപം

ആത്മാക്കളുടെ ഉത്തമ സ്നേഹിതനായ ഈശോയേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ശക്തിയൊക്കെയോടും കൂടെ സ്നേഹിക്കുന്നു. എന്‍റെ ഈശോയെ! എന്‍റെ രക്ഷ ഇത്രയധികം ആഗ്രഹിക്കുന്ന അങ്ങയുടെ നിത്യസ്നേഹത്തെ ഓര്‍ക്കാതെയിരിക്കുന്നത് എത്രയോ വലിയ നന്ദിഹീനതയായിരിക്കുന്നു. എത്രയും മാധുര്യം നിറഞ്ഞ ദിവ്യഹൃദയമേ! അങ്ങയുടെ ദിവ്യഹൃദയത്തിന്‍റെ മുറിവുകള്‍ ഞാന്‍ കണ്ടിട്ടും എന്‍റെ ആത്മാവില്‍ ദയയും സ്നേഹവും തോന്നാതിരിക്കുന്നതിനാല്‍ അത്യന്തം ഖേദിക്കുന്നു. എന്‍റെ ഹൃദയത്തിന്‍റെ സമ്പൂര്‍ണ്ണ സന്തോഷമായ ഈശോയെ! ഞാന്‍ എന്‍റെ ആത്മാവിന്‍റെ സ്ഥിതി ഗ്രഹിച്ചു മനസ്താപപ്പെടുന്നതിനും അങ്ങേ എന്‍റെ ഹൃദയമൊക്കെയോടും കൂടെ സ്നേഹിക്കുന്നതിനും ഇടവരുത്തിയരുളണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദാശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യക മറിയത്തിന്റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,

ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,

നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,

നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ,

ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,

അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,

ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ,

മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,

സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ,

പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,

അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ,

അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം

ഈശോയുടെ ദിവ്യഹൃദയമേ! എന്‍റെ സ്നേഹമായിരിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.