വത്തിക്കാന്‍ സിറ്റി: മെയ് ഒന്നുമുതല്‍ ആരംഭിച്ച റോസറി മാരത്തോണിന് ഇന്നലെ വത്തിക്കാന്‍ ഗാര്‍ഡനില്‍ സമാപനം കുറിച്ചു. വത്തിക്കാനില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തുടങ്ങിവച്ച ജപമാല പ്രാര്‍ത്ഥന ഇതിനകം ലോകത്തിലെ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പ്രത്യേക നിയോഗങ്ങളോടെ ഈ മാസം മുഴുവനും നടന്നിരുന്നു. കോവിഡ് മഹാമാരിയുടെ അന്ത്യം കുറിക്കുക എന്നതായിരുന്നു റോസറി മാരത്തോണിന്റെ പ്രധാന ലക്ഷ്യം.
ഏപ്രില്‍ അവസാനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് മാസം മുഴുവന്‍ മാതാവിനോടുള്ള പ്രത്യേകമായ ഭക്തിക്കും കോവിഡ് മഹാമാരിയുടെ അന്ത്യത്തിനുമായി പ്രാര്‍ത്ഥിക്കാനായി ആഹ്വാനം ചെയ്തത്.
മെയ് ഒന്നിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സഹായമാതാവിന് മുമ്പില്‍ തുടങ്ങിയ റോസറി മാരത്തോണ്‍ വത്തിക്കാന്‍ ഗാര്‍ഡനില്‍ കെട്ടുകളഴിക്കുന്ന മാതാവിന് മുമ്പില്‍ സമാപിക്കുകയായിരുന്നു. കെട്ടുകളഴിക്കുന്ന മാതാവിന്റെ പുതിയ രൂപമാണ് പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചത്.
ജര്‍മ്മനിയിലെ ഓഗ്സ്ബര്‍ഗില്‍ നിന്നാണ് കെട്ടുകളഴിക്കുന്ന മാതാവിന്റെ ചിത്രത്തിന് ആരംഭം കുറിച്ചത്. നവദമ്പതികള്‍, കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചുകഴിയുന്നവര്, കാത്തലിക് ആക്ഷനിലെ ചെറുപ്പക്കാര്‍ തുടങ്ങിയവരാണ് പാപ്പായ്ക്ക് ശേഷം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേക ഭക്തിയുണ്ട് കെട്ടുകളഴിക്കുന്ന മാതാവിനോട്.