മതസൗഹാര്‍ദ്ദവും സമുദായ സാഹോദര്യവും സംരക്ഷിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യം മുറുകെപിടിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപും കെസിബിസിയുടെയും കേരള ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെയും അധ്യക്ഷനുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി.

മതസൗഹാര്‍ദ്ദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചര്‍ച്ചകളും വിവാദങ്ങളും ഈ ദിവസങ്ങളില്‍ കേരളസമൂഹത്തില്‍ നടക്കുന്നുണ്ട്. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് നമ്മുടെ പാരമ്പര്യം.അതിനൊരു വിധത്തിലും കോട്ടം തട്ടാന്‍ അനുവദിക്കരുത്. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്ന് സംശയിക്കുന്ന കാര്യങ്ങളില്‍ പോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.

സമൂഹത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കും. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ വിവാദങ്ങളും അവസാനിപ്പിച്ചു പരസ്പരസ്‌നേഹത്തിലും സാഹോദര്യത്തിലും മുന്നേറാന്‍ നമുക്ക് പരിശ്രമിക്കാം. ഇതിനായി മതാചാര്യന്മാരും രാഷ്ട്രീയനേതാക്കളും സമുദായ ശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.