തിരസ്‌ക്കരിക്കപ്പെട്ടതിന്റെ വേദനയിലാണോ നിങ്ങള്‍, ഇത് വായിക്കൂ..


ജീവിതമാണോ ഒരിക്കലെങ്കിലും മറ്റുള്ളവര്‍ നമ്മെ ഒറ്റപ്പെടുത്തിയ അനുഭവം ഉണ്ടായിട്ടുണ്ടാകും. വേദനാകരവും കയ്പുനിറഞ്ഞതുമായ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടില്ലാത്തവര്‍ ഇത് വായിക്കുന്നവരില്‍ ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.

കാരണം നാമെല്ലാം പലയിടങ്ങളില്‍ നിന്നായി തിരസ്‌ക്കരിക്കപ്പെട്ടവരാണ്, സ്‌നേഹങ്ങളില്‍ നിന്ന്, അംഗീകാരങ്ങളില്‍ നിന്ന്, ജോലികളില്‍ നിന്ന്, പ്രിയപ്പെട്ടവരില്‍ നിന്ന്.. ഇത്തരം നിഷേധാത്മകമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്വഭാവികമായും നമുക്കുണ്ടാകുന്നത് വിദ്വേഷവും സങ്കടവും നിരാശതയും ഒറ്റപ്പെടലുമൊക്കെയാണ്. ജീവിതത്തിലെ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരെയെല്ലാം ആശ്വസിപ്പിക്കുന്ന ഒരു തിരുവചനമുണ്ട് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലാണ് അത്.

ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനു മുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍( 15:18) വെറും വാക്കല്ല ഇത് എന്ന് നമുക്ക് ക്രിസ്തുവിന്റെ ജീവിതത്തെ ധ്യാനിക്കുമ്പോള്‍ മനസ്സിലാവും.

പലയിടത്തു നിന്നും തിരസ്‌ക്കരിക്കപ്പെട്ടവനായിരുന്നു ക്രിസ്തു. പലരും അവനെ തെറ്റിദ്ധരിച്ചു, വെറുത്തു. ഒടുവില്‍ കുരിശുമരണംവരെ അവനായി വിധിയെഴുതികൊടുത്തു. അപ്പോഴെല്ലാം ക്രിസ്തു സങ്കടപ്പെട്ടില്ല, നിരാശപ്പെട്ടുമില്ല, ആരോടും വിദ്വേഷം വച്ചുപുലര്‍ത്തിയുമില്ല.

കാരണം ക്രി്‌സ്തുവിന് അറിയാമായിരുന്നു താന്‍ സ്വര്‍ഗ്ഗീയ പിതാവിനാല്‍ സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന്. ദൈവം സ്‌നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിവുള്ള ഒരുവന് മനുഷ്യന്‍ തള്ളിക്കളഞ്ഞാലും വിഷമിക്കേണ്ടിവരുന്നില്ല.

ദൈവം തന്നെ സ്വീകരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഒരുവന് ലോകം മുഴുവന്‍ തന്നെ ഒറ്റപ്പെടുത്തിയാലും നിരാശപ്പെടേണ്ടിവരുന്നില്ല. അതെ, ഏതൊക്കെയോ തിക്താനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ഒന്നുമാത്രം മനസ്സിലാക്കുക ഇതേ അനുഭവത്തിലൂടെ എനിക്കു മുന്നേ ക്രിസ്തുകടന്നുപോയിട്ടുണ്ട്.അവന് എന്നെ മനസ്സിലാകും.അവന് എന്നെ സ്‌നേഹിക്കാനും സ്വീകരിക്കാനും കഴിയും.

അതുകൊണ്ട് അമിതമായ സങ്കടഭാരങ്ങള്‍ ഇറക്കിവച്ച് ക്രിസ്തുവിന്റെതോളോട് മുഖം ചേര്‍ന്ന് ആശ്വാസം കണ്ടെത്തൂ. ക്രിസ്തുവില്‍ മാത്രമേ നമുക്ക് ആശ്വാസമുള്ളൂ. സംശയമില്ലാത്ത കാര്യമാണത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.