റെയിന്‍ബോ പദ്ധതി: ഭവന നിര്‍മ്മാണത്തിന് നാളെ തുടക്കം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പ്രളയദുരിതാശ്വാസ പദ്ധതിയായ റെയിന്‍ബോ-2021 പദ്ധതിയുടെ ഭവനനിര്‍മ്മാണ സംരംഭങ്ങള്‍ക്ക് കണ്ണിമലയില്‍ തുടക്കമാകുന്നു. കണ്ണിമല ഇടവകയില്‍ നിന്നും ഭൂനിധി പദ്ധതിവഴിയായി ലഭിച്ച സ്ഥലത്ത് നാളെ രാവിലെ 9.30ന് ശിലാസ്ഥാപനം നടത്തിക്കൊണ്ട് രൂപത പ്രളയബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണത്തിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തുടക്കം കുറിക്കും.

ഭൂനിധി പദ്ധതിയില്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കുവാന്‍ തയ്യാറായ നിരവധിയാളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളുള്‍പ്പെടെ രൂപതയുടെ വിവിധ പ്രദേശങ്ങളിലുള്ള സ്ഥലങ്ങളാണ് ഭവനനിര്‍മ്മാണത്തിനായി പ്രയോജനപ്പെടുത്തുന്നത്.

പ്രളയാനന്തരം വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ വിവിധ തലങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രളയാനന്തരം അടിയന്തരാവശ്യങ്ങളായ ഭക്ഷണവും താമസവും ക്രമീകരിച്ചുകൊണ്ടാരംഭിച്ച പദ്ധതി വഴിയായി ഗൃഹോപകരണ കിറ്റുകള്‍ നല്‍കിയും താമസയോഗ്യമല്ലാത്ത നിരവധി ഭവനങ്ങള്‍ ഭവനനിര്‍മ്മാണത്തിനു തുല്യമായ അറ്റകുറ്റപ്പണികള്‍ നടത്തി താമസയോഗ്യമാക്കിയും തുടര്‍പഠനം തുടരാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനസാഹചര്യമൊരുക്കിയും ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് നിശ്ചിത തുക പ്രതിമാസം നല്‍കിയും പ്രളയദുരിതത്തിലായവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ പൂര്‍ത്തീകരിച്ച പ്രസ്തുത സംരംഭങ്ങളുടെ തുടര്‍ച്ചയായി മൂന്നാം ഘട്ടമെന്ന നിലയിലാണ് ഭവനനിര്‍മ്മാണം ആരംഭിക്കുന്നത്.

കണ്ണിമല ഇടവകാംഗമായ ജോയിച്ചന്‍ പുന്നത്താനത്ത് ഭൂനിധി പദ്ധതിയില്‍ നല്‍കിയ സ്ഥലത്ത് ഇടവകാംഗങ്ങളുടെ സഹകരണത്തോടെ നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന് ശിലാസ്ഥാപനം നടത്തി തുടങ്ങുന്ന ഭവനനിര്‍മ്മാണപദ്ധതിയില്‍ രൂപതയുടെ വിവിധ സ്ഥലങ്ങളിലായി 41 ഭവനങ്ങളുടെ നിര്‍മ്മാണം ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള രൂപരേഖ തയ്യാറായിക്കഴിഞ്ഞു.

പ്രളയബാധിതര്‍ക്ക് സൗജന്യ ചികിത്സ, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലായി ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ റോഡുകള്‍ ഗതാഗതയോഗ്യമാക്കല്‍, ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയായിക്കഴിഞ്ഞു. രൂപതയിലെ വിവിധ സന്യാസസമൂഹങ്ങള്‍, വൈദികര്‍, യുവജനങ്ങള്‍, അല്മായ സംഘടനകള്‍ എന്നിവരുടെ സേവനം ദുരിതകാലത്ത് കൈത്താങ്ങായി. രൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളായ മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി, പീരുമേട് ഡവലപ്പ്‌മെന്റ് സൊസൈറ്റി, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി എന്നിവ വഴിയുള്ള പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

രൂപതയിലെ വിശ്വാസിസമൂഹവും സന്യാസിനി സന്യാസ സമൂഹങ്ങളും വിവിധ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും വിവിധ സ്ഥലങ്ങളില്‍ നിന്നും നല്‍കിയ സഹകരണമാണ് പദ്ധതിയെ മുന്നോട്ടു നയിക്കുന്നത്.

ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
പി.ആര്‍.ഓ
കാഞ്ഞിരപ്പള്ളി രൂപത



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.