ശുദ്ധീകരണാത്മാക്കള്‍ക്കായി ഒരു മ്യൂസിയമോ?

ഇന്ന് സകല മരിച്ചവരുടെയും തിരുനാള്‍ ദിനം. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്ന ദിനം. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ കൂടുതലായി ഉയരേണ്ട ദിനം.

ശുദ്ധീകരണാത്മാക്കള്‍ ഭൂമിയിലെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും അവരോട് പ്രാര്‍ത്ഥനാസഹായം തേടുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ശുദ്ധീകരണാത്മാക്കളുടെ മ്യൂസിയം. വത്തിക്കാന് വെളിയില്‍ കാസ്റ്റില്‍ സാന്‍ ആന്‍ഞ്ചലോയില്‍ പ്രാറ്റി സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

ശുദ്ധീകരണാത്മാക്കള്‍ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കുകയും അവരോട് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നതിന് തെളിവുകളാണ് ഈ മ്യൂസിയം നല്കുന്നത്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിന് ലഭിച്ച തെളിവുകള്‍ ശേഖരിച്ച് മ്യൂസിയം ആരംഭിച്ചത് ഫ്രഞ്ച് പുരോഹിതനായ വിക്ടര്‍ ജോറ്റാണ്.

ശുദ്ധീകരണാത്മാക്കള്‍ പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുമ്പോള്‍ ചില അടയാളങ്ങളും നല്കാറുണ്ട്. ഈ അടയാളങ്ങളാണ് ഫാ. വിക്ടര്‍ ജോറ്റ് ശേഖരിച്ചത്. 1897ല്‍ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയത്തിന് തീപിടിച്ചു. അന്ന് പുകപടലങ്ങള്‍ക്കിടയില്‍ ഒരു മനുഷ്യമുഖം കാണാന്‍ അച്ചന് സാധിച്ചു. അത് ശുദ്ധീകരണസ്ഥലത്തെ ഒരു ആത്മാവാണെന്ന് അച്ചന്‍ വിശ്വസിച്ചു. ഈ അനുഭവം ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയുള്ള ഒരു മ്യൂസിയം എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ നയിക്കുകയായിരുന്നു.

യൂറോപ്പ് മുഴുവന്‍ ചുറ്റി സഞ്ചരിച്ച് അദ്ദേഹം ഒരു ദേവാലയത്തിനുള്ള പണം ശേഖരിച്ചതും ഒരു സ്വപ്‌നത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചായിരുന്നു. ആ വര്‍ഷം തന്നെ അദ്ദേഹം മ്യൂസിയം ആരംഭിച്ചു. അന്ന് അഗ്‌നിനാളങ്ങള്‍ക്കിടയില്‍ കണ്ട മനുഷ്യമുഖം ഇന്നും ആ മ്യൂസിയത്തിലുണ്ടത്രെ.
സാധാരണക്കാരായ മനുഷ്യരോട് മാത്രമല്ല വിശുദ്ധര്‍ക്ക് പോലും ശുദ്ധീകരണാത്മാക്കളുടെ സാന്നിധ്യം ഉണ്ടായതായും പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടതായും വിശുദ്ധരുടെ ജീവചരിത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാകുന്നുണ്ട്.

എന്തിനും ഏതിനും തെളിവുകള്‍ അന്വേഷിക്കുന്ന ഇക്കാലത്ത് സ്വര്‍ഗ്ഗം, നരകം തുടങ്ങിയവയെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള തെളിവുകള്‍ക്ക് ഉത്തരം നല്കാന്‍ ഈ മ്യൂസിയത്തിന് തീര്‍ച്ചയായും കഴിയും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.