വിവേകം കൗതുകത്തിനു വഴി മാറിയാൽ…

“ആ വൃക്ഷത്തിൻ്റെ പഴം ആസ്വാദ്യവും കണ്ണിനു കൗതുകകരവും അറിവേകാൻ കഴിയുന്നതിനാൽ അഭികാമ്യവും ആണന്നു കണ്ട് അവൾ അത് പറിച്ചുതിന്നു. ഭർത്താവിനും കൊടുത്തു. അവനും തിന്നു.” (ഉൽപ്പത്തി 3: 6)

തീർത്തും അചിന്തനീയമെന്നു കരുതിയിരുന്നൊരു കാര്യം സാക്ഷാത്ക്കരിച്ചിട്ട്, മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ട്, ഇന്നലെ (ജൂലൈ 20) അൻപതു വർഷങ്ങൾ പൂർത്തിയായി. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വിപ്ലവാത്മകമായ വൻ കുതിച്ചുചാട്ടമാണുണ്ടായത്. ഭൂമിയിലെ മനുഷ്യജീവിതം എളുപ്പമാക്കാൻ സഹായിക്കുന്ന പല കണ്ടുപിടുത്തങ്ങളും ഈ ശാസ്ത്രവളർച്ചയുടെ നല്ല ഗുണങ്ങളായെത്തി. മനുഷ്യജീവിതം ആയാസരഹിതമാക്കാനും രസം പകരാനുമുതകുന്ന ഈ കാലഘട്ടത്തിലെ  പല കണ്ടുപിടുത്തങ്ങളും കൗതുകവും ഒപ്പം പുത്തൻ അനുഭവങ്ങളും പ്രദാനം ചെയ്യുന്നവയാണ്. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ റോബോട്ടുകളും 40-50 വർഷങ്ങൾക്കുശേഷം മുഖഭാവത്തിൽ വരുന്ന മാറ്റം അറിയാൻ സഹായിക്കുന്ന ‘ഫേസ് ആപ്പും’ വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ!

സോഷ്യൽ മീഡിയായിൽ ഏറ്റവും ഒടുവിലത്തെ ‘ട്രെൻഡ്’ ഫേസ് ആപ്പ് എന്നൊരു കണ്ടുപിടുത്തമാണ്. പ്രായമാകുമ്പോൾ എങ്ങനെയിരിക്കുമെന്നു കാണാൻ പ്രായ ഫിൽട്ടർ ഉപയോഗിച്ച് ഇപ്പോഴത്തെ ഫോട്ടോ മാറ്റിയെടുക്കുന്ന സംവിധാനമാണിത്. ഫോട്ടോയിൽ ഇപ്പോഴുള്ളയാളെ 40 വർഷത്തിനുശേഷം കണ്ടു നേരിട്ട് എടുത്ത ഫോട്ടോ പോലിരിക്കും എന്നതാണ് ഫേസ് ആപ്പ് നൽകുന്ന ചിത്രത്തിൻ്റെ പ്രത്യേകത. നിമിഷങ്ങൾക്കുള്ളിൽ  ജനപ്രീതി നേടിയ ഈ ആപ്പിനെക്കുറിച്ചുള്ള ആശങ്കകളും ഇപ്പോൾ സജീവ ചർച്ചയാണ്. ഫേസ് ആപ്പ് – ൽ പങ്കുചേരുന്നവരുടെ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളുമൊക്കെ (ഡേറ്റ) ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രധാന ആശങ്കയായി പറയപ്പെടുന്നത്. എന്നാൽ, ഇത് ഒരു തെറ്റായ അറിവാണന്നും ആളുകളുടെ മുഖം എങ്ങനെ മാറുന്നുവെന്ന് പഠിക്കാനും തിരിച്ചറിയൽ ഉപയോഗത്തിനായി മുഖത്തിൻറെ സാധ്യതകളെക്കുറിച്ചുള്ള  ഗവേഷണത്തിനും ഇത് സഹായിക്കുമെന്നും ഇതിന്റെ നിർമ്മാതാക്കളും അവകാശപ്പെടുന്നു. ഏതായാലും കൗതുകത്തിനായി എടുത്തുചാടിയ പലർക്കും ഇപ്പോൾ ‘എട്ടിന്റെ പണികിട്ടിയോ’ എന്ന ആശങ്കയാണ്. സത്യമെന്താണെന്നു കാത്തിരുന്നു കാണാം!

ഭാവിയിൽ എന്തായിത്തീരുമെന്നറിയാൻ എല്ലാ മനുഷ്യർക്കും താല്പര്യമുണ്ട്. ഭാവി പ്രവചിക്കുന്നവരുടെ അടുത്തുപോകുന്നവരും നക്ഷത്രഫലങ്ങളിൽ വരും നാളുകളുടെ രഹസ്യം അറിയാൻ പരതുന്നവരും പ്രവചനവരമുള്ളവരുടെ അടുക്കലേക്കോടുന്നവരുമെല്ലാം ഈ മനുഷ്യസഹജമായ താല്പര്യത്തിൻറെ ഓരോരോ ഭാവങ്ങളാണ്. വര്ഷങ്ങള്ക്കുശേഷം എന്തായിത്തീരുമെന്നറിയാനുള്ള മനുഷ്യഹൃദയത്തിന്റെ ആഗ്രഹത്തെ മുതലെടുക്കുന്നതുവഴി പണം സമ്പാദിക്കുന്ന ബിസിനസ് ബുദ്ധിയാണ് കൗതുകമുണർത്തുന്ന ഈ ആപ്ലിക്കേഷൻറെ സൃഷ്ടിക്കുപിന്നിൽ. 

ഉള്ളിൽ കൗതുകം ഉണർത്തുന്ന കാര്യങ്ങളുടെയെല്ലാം പിന്നാലെ വിവേകമില്ലാതെ പോയാൽ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നത് ഓർത്തുവയ്ക്കേണ്ടതാണ്. വര്ഷങ്ങള്ക്കുശേഷം എങ്ങനെയിരിക്കുന്നുവെന്നു അറിയാനുള്ള ആഗ്രഹവും കൗതുകവും മാത്രം മനസ്സിൽ നിറഞ്ഞുനിന്നപ്പോൾ അത് പിന്നീട് വരുത്തിവയ്ക്കാൻ സാധ്യതയുള്ള അപകടങ്ങളേതെങ്കിലുമുണ്ടോ എന്നുകൂടി ചിന്തിക്കാനുള്ള വിവേകം പലർക്കും ഇല്ലാതെ പോയി. ഇതിലൂടെ സ്വകാര്യതയും അതുവഴി മനഃസമാധാനവും നഷ്ടപ്പെടുമെന്ന് വളരെ വൈകി മാത്രം ഇപ്പോൾ  പലരും തിരിച്ചറിയുന്നു. ഏദൻ തോട്ടത്തിൽ കണ്ണിനു കൗതുകമായി ഒരു പഴം കണ്ടപ്പോൾ പിന്നീട് വരാൻ സാധ്യതയുള്ള പാപത്തിന്റെ ഭീകരത മറന്നു പോയ ആദവും ഹവ്വയും ആ വിലക്കപ്പെട്ട പഴത്തിന്റെ ആകർഷണീയതയിലും മനോഹാരിതയിലും മറ്റെല്ലാം മറന്നുപോയി. പക്ഷേ, ആ പഴം തിന്നതോടുകൂടി പിന്നീട് അവർക്കുണ്ടായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും നമുക്കറിയാം. ചില കൗതുകങ്ങൾക്കുപിന്നിൽ ചതിക്കുഴികളുണ്ടന്ന് തിരിച്ചറിയാനുള്ള ആലോചനയും വിവേകവും നമുക്ക് വേണം.

മദ്യം, പുകയില, ഫോൺ, ഇന്റർനെറ്റ് മുതലായ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ അമിതവും അനാരോഗ്യകരവുമായ ഉപയോഗം, നല്ലതല്ലാത്ത സുഹൃത്ബന്ധങ്ങൾ തുടങ്ങിയവയോക്കെ കയ്യെത്തും ദൂരത്തു നിൽക്കുമ്പോഴും കാണുമ്പോഴും ആദ്യമാദ്യം അനുഭവിക്കുമ്പോഴും കൗതുകമുണർത്തുന്നതാണ്, ആകര്ഷണീയവുമാണ്. എന്നാൽ വേണ്ടത്ര വിവേകമില്ലാതെ, മുൻപിൻ നോക്കാതെ എടുത്തുചാടിയാൽ വ്യക്തിപരമായ പല സ്വകാര്യതകളും ഒപ്പം മനഃസമാധാനവും നഷ്ടപ്പെടും. ലോകത്തു നടക്കുന്നതിലെല്ലാം തനിക്കും പങ്കുചേരണമെന്നു കരുതുന്നവർക്കാണ് ഇത്തരം അബദ്ധങ്ങൾ കൂടുതൽ പറ്റുന്നത്. ഒത്തിരിയേറെ കാര്യങ്ങൾ ഓരോ ദിവസവും ഈ ലോകത്തു സംഭവിക്കുമ്പോൾ, അതിൽ തനിക്കാവശ്യമുള്ളതും നന്മയായി മാറുന്നതും മാത്രം മതി എന്ന് ചിന്തിക്കാൻ പറ്റുന്നവർക്കു ഈ അബദ്ധങ്ങളുടെ പേടി വേണ്ട. ഒരു നെൽപ്പാടം മുഴുവൻ വിളഞ്ഞു കിടക്കുമ്പോഴും, അതിൽ തനിക്കാവശ്യമുള്ള ഒരു നെൽക്കതിർ മാത്രം കൊത്തിയെടുക്കാൻ ശ്രമിക്കുന്ന, ബാക്കിയെല്ലാം ശ്രദ്ധിക്കാതെ പോകുന്ന ഒരു കിളി നൽകുന്ന ജീവിതപാഠമാണ് നമുക്ക് വേണ്ടത്. 


ഇത്തരം അപകടങ്ങളിലേക്കു വീണുപോകുന്നവർക്ക്, തങ്ങളുടെ ജീവിതത്തിൻറെ നിയന്ത്രണം അപ്പോൾ മുതൽ മറ്റാരുടെയോ കരങ്ങളിലേക്ക് പൊയ്പോകുന്നു എന്നതാണ് ഏറ്റവും ദൗർഭാഗ്യകരം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ മനസ്സിന്റെയും ശരീരത്തിന്റേയും നിയന്ത്രണം അപ്പോൾ മുതൽ ഈ ലഹരി വസ്തുക്കൾ ഏറ്റെടുക്കുന്നു. കംപ്യുട്ടറിന്റേയും ഫോണിന്റെയും മായാവലയങ്ങളിലേക്കു വീണുപോകുന്നവരുടെ മനസ്സ് പിന്നീട് ഈ ഉപകരണങ്ങൾ നിയന്ത്രിക്കാൻ തുടങ്ങും, ഇവയില്ലാതെ ജീവിക്കാൻ കഴിയാതെവരും. തുടർച്ചയായി പാപം ചെയ്യുകയും അതിനെക്കുറിച്ചു അനുതപിക്കാതെ, അതിൽനിന്നു മാറാതെ കഴിയുന്നവരുടെ മനസ്സിന്റെ നിയന്ത്രണം തിന്മ ഏറ്റെടുക്കും, പിന്നീട് അവർ പിശാചിന്റെ ആജ്ഞകൾക്കനുസരിച്ചുമാത്രം ചരിക്കുന്നവരാകും. ഇത് മുൻകൂട്ടിക്കണ്ട ഈശോ അപകടങ്ങളെ ഒഴിവാക്കാനായി പറഞ്ഞു: “നിങ്ങൾ പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരുന്നാൽ മാത്രം പോരാ, സർപ്പങ്ങളെപ്പോലെ വിവേകികളുമായിരിക്കുവിൻ”. (മത്തായി 10: 16). 

ഇത്തരം ആപ്പുകളിൽ തല വച്ച്, ഭാവിയെക്കുറിച് അനാവശ്യമായി ഏറെ ചിന്തിച്ചുകൂട്ടുന്നവർ ഇന്നത്തെ ജീവിതം കാണാതെ പോകുന്ന അപകടം ഉള്ളവരാണ്. തലേദിവസത്തെ മിച്ചം വന്ന ഭക്ഷണം കളയാതിരിക്കാൻ ഇന്നുണ്ടാക്കിയത് ഫ്രിഡ്ജിൽ വച്ചിട്ട്, ഇന്നലെ മിച്ചം വന്നത് ഫ്രിഡ്ജിൽ നിന്നെടുത്തു ചൂടാക്കികഴിക്കുന്നവരെപ്പോലെയാണിവർ. ഒരു ദിവസവും അന്നുണ്ടാക്കിയതിന്റെ രുചി അവർ അറിയില്ല. നാളെയെക്കുറിച്ചു കൂടുതൽ ചിന്തിക്കുന്നത്, ഇന്നിന്റെ സൗന്ദര്യം, ചുറ്റും നടക്കുന്ന കാര്യങ്ങളുടെ ഭംഗി കാണാതെ പോകാൻ ഇടയാക്കും. ഇന്നത്തെ ലോകത്തിന്റെ പ്രശ്നം, പലരും വർത്തമാനകാലത്തിൽ (present) ജീവിക്കാൻ മറന്നു പോകുന്നു എന്നതാണ്.  

സാധാരണ ഇങ്ങനെ പറയാറുണ്ട്: “Past is history, future is mystery, but present is a gift, that is why it is know as present”. 40 വർഷത്തിൽ എങ്ങനെയോ ഉണ്ടായി വരേണ്ട ഒന്നല്ല എന്റെ ഭാവി, മറിച് ഇപ്പോൾ ഞാൻ എങ്ങനെ ജീവിക്കുന്നോ അതിനനുസരിച്ചു ഞാൻ തന്നെ ഉണ്ടാക്കിയെടുക്കേണ്ടതാണ് എൻ്റെ ഭാവി. 40 വര്ഷം കഴിഞ്ഞു വരാവുന്ന ചുക്കിച്ചുളിഞ്ഞ ശരീരത്തെയും നരബാധിച്ച  മുടിയിഴകളെയും കണ്ട് ഇപ്പോഴേ ആകുലപ്പെട്ടു കഴിയേണ്ടന്ന്  സാരം. ഭാവിയിൽ ദൈവം ഓരോ സമയത്തും ഓരോ പ്രായത്തിലും നമ്മുടെ നന്മയ്ക്കായി എന്തുതരുന്നോ അതിനെ സ്വീകരിക്കാനുള്ള മനസ്സുമാത്രമാണ് നമുക്കാവശ്യം. ഈശോ പറഞ്ഞു: “നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്, നാളത്തെ ദിനം തന്നെ അതിനെക്കുറിച് ആകുലപ്പെട്ടുകൊള്ളും” (മത്തായി 6: 34).

ഭാവിയും അതിലെ ആകുലതകളും ദൈവത്തെ ഏൽപ്പിക്കുക. കാരണം അവിടുന്ന് പറഞ്ഞിരിക്കുന്നു: “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്; നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്: നിങ്ങള്ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി.” (ജെറമിയ 29: 11). ഓരോ അവസരത്തിലും ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കാൻ സാധിക്കട്ടെ, അങ്ങനെ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ദൈവം ഏറ്റെടുക്കട്ടെ, അത് ഇന്നിന്റെ സൗന്ദര്യം കാണാനും ചുറ്റുമുള്ളതിൻറെ മനോഹാരിതയറിയാനും ഇടവരുത്തും. ഇത് മനസ്സമാധാനവും യഥാർത്ഥ സന്തോഷവും കൈവരുത്തും. 

ലോകം തരുന്ന ‘ആപ്പു’കളിൽപ്പെട്ട് പ്രായമേറിപ്പോകാതെ, ഈശോയുടെ ‘സംരക്ഷണത്തിന്റെ ആപ്പ്’ പ്രാർത്ഥനയിലൂടെ ഡൗൺലോഡ് ചെയ്തു നിത്യസൗന്ദര്യത്തിലും ദൈവികാനന്ദത്തിലും ആയിരിക്കാൻ എല്ലാവര്ക്കും കഴിയട്ടെയെന്ന പ്രാർത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂർവ്വം ആശംസിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.