“പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ കുടുംബത്തിനും സമൂഹത്തിനും പുരോഗതി നല്കുന്നു”

കൊച്ചി: കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രൊ-ലൈഫ് ശുശ്രൂഷകള്‍ കുടുംബത്തിന്റെ ക്ഷേമത്തിനും സമൂഹത്തിന്റെ പുരോഗതിക്കും ശക്തി പകരുന്നതായി പാലാരിവട്ടം പിഒസിയില്‍ നടന്ന സംസ്ഥാന നേതൃസമ്മേളനം വിലയിരുത്തി.

കേരളത്തിലെ 5 മേഖലകളിലെയും 32 രൂപതകളില്‍ ജീവന്റെ സമൃദ്ധിക്കും സംരക്ഷണത്തിനും വേണ്ടി യുള്ള മുന്നേറ്റങ്ങള്‍ വളരെ സജീവമായി നടക്കുന്നതുവഴി കിടപ്പുരോഗികള്‍, മൂക-ബധിരര്‍, കാഴ്ചപരിമിതര്‍ അടക്കമുള്ള ഭിന്നശേഷിക്കാരുടെയും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെട്ടതാക്കുവാന്‍ ഇടയാക്കുന്നുവെന്നും സംസ്ഥാന നേതൃത്വ സമ്മേളനം കണ്ടെത്തി.

സമൂഹത്തെ സ്‌നേഹസാന്ത്വനമാക്കുവാന്‍ കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ റവ. ഫാ. പോള്‍ മാടശേരി ആഹ്വാനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് സാബു ജോസ്് അധ്യക്ഷത വഹിച്ചു. അഗതികള്‍ക്ക് ആശ്രയവും നിരാലംബര്‍ക്ക് പ്രത്യാശയുമാകുവാന്‍ സമൂഹത്തില്‍ പരസ്‌നേഹ പ്രവര്‍ത്തനങ്ങളുടെ ദീപങ്ങളായി പ്രശോഭിക്കുവാന്‍ പ്രൊ-ലൈഫ് പ്രവര്‍ത്തനം വഴി സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പിഒസി ചാപ്പലില്‍ സംസ്ഥാന പ്രസിഡന്റ് നയിച്ച മധ്യസ്ഥപ്രാര്‍ത്ഥനയോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, മലബാര്‍ മേഖലകളിലെ ഭാരവാഹികളും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും നേതൃത്വം നല്കി. വിവിധ മേഖലകളില്‍ നേതൃത്വം, പരിശീലന ക്യാമ്പുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. രൂപതകള്‍തോറും അവിവാഹിതരുടെ സംഗമം, വാക്ക് ഫോര്‍ ലൈഫ്, സ്റ്റാന്‍ഡ് ഫോര്‍ ലൈഫ്, യുവജന സംഗമം, നേഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ എന്നിവരുടെ സംഗമം എന്നിവ സംഘടിപ്പിക്കും.

ഫാ. ജോസ് പെന്നാപറമ്പില്‍ (താമരശേരി), ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് (കോതമംഗലം), ജനറല്‍ സെക്രട്ടറി അഡ്വ ജോസി സേവ്യര്‍, ടോമി പ്ലാത്തോട്ടം, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ജെയിംസ് ആഴ്ചങ്ങാടന്‍, നാന്‍സി പോള്‍, ഷിബു ജോണ്‍, ജോണ്‍സണ്‍ പി അബ്രാഹം, ശാലു അബ്രാഹം, ആന്റണി പത്രോസ്, ജോളി ജോസഫ്. യുഗേഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.