പൗരോഹിത്യജീവിതത്തിന്റെ സാധ്യതകളെയും വെല്ലുവിളികളെയും സംഘര്‍ഷങ്ങളെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു ആല്‍ബമാണ് പോവുക പുത്രാ നീ.
ജീവിതത്തോട് ചേര്‍ന്നുനില്ക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഈ ആല്‍ബത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരിറ്റു കണ്ണുനീര്‍ത്തുള്ളിയെങ്കിലും നമ്മുടെ കണ്ണുകളില്‍ പൊടിയാതിരിക്കുകയുമില്ല. ഏകപുത്രനെ ദൈവേഷ്ടപ്രകാരം ബലി കഴിക്കാന്‍ തയ്യാറാകുന്ന പൂര്‍വ്വപിതാവായ അബ്രാഹത്തെ അനുസ്മരിപ്പിക്കുന്ന ഒരു അപ്പനും മകനും തന്നെയാണ് ഈ ആല്‍ബത്തിന്റെ കാതല്‍. മകനെ സെമിനാരിയില്‍ ഏല്പിച്ച് മടങ്ങിപ്പോരുന്നുവെങ്കിലും മകന്റെ പൗരോഹിത്യജീവിതത്തില്‍ ഉണ്ടാകുന്ന തെറ്റിദ്ധാരണകളിലും സംഘര്‍ഷങ്ങളിലും ആ അപ്പന്‍ അവന്റെ അരികില്‍ തന്നെയുണ്ട് എന്നത് ഓരോ വൈദികനും നല്കുന്ന ആശ്വാസം ചെറുതൊന്നുമല്ല.
ഒരു യഥാര്‍ത്ഥ പുരോഹിതന് ക്രിസ്തു ആഗ്രഹിക്കുന്ന വിധത്തില്‍ ജീവിക്കേണ്ടി വരുമ്പോള്‍ നിരവധി വെല്ലുവിളികളും തെറ്റിദ്ധാരണകളും ഉണ്ടാകേണ്ടിവരുമെന്നും എന്നാല്‍ അതുപോലെ തന്നെ അനേകം ജീവിതങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിന് സാഹചര്യങ്ങളുണ്ടെന്നും ഈ വീഡിയോ പറഞ്ഞു തരുന്നു.ഓരോ വൈദികന്റെയും ദൈവവിളിയെ കൂടുതല്‍ ഉണര്‍ത്താനും ജ്വലിപ്പിക്കാനും ഈ ആല്‍ബത്തിന് കഴിയുമെന്നത് ഉറപ്പാണ്.
മനോഹരമായ വരികളും ആലാപനവും സംഗീതവും ദൃശ്യഭംഗിയും അഭിനയവുമാണ് ഈ ആല്‍ബത്തെ ഹൃദയാകര്‍ഷകമാക്കുന്നത്. ജോജു ഇഞ്ചോടിയുടെ വരികള്‍ക്ക് സംഗീതം നല്കിയിരിക്കുന്നത് നെല്‍സണ്‍ ജോസാണ്. കെ പി ബിനുവിന്റേതാണ് ആലാപനം. ജെയ്ബി അഗസ്റ്റ്യനാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.
റെയിന്‍ ഡൗണ്‍ മ്യൂസിക്‌സിന്റെ ബാനറില്‍ ജോണ്‍ ജോസഫ്, റോബിന്‍ ജെയിംസ്, മാത്യൂസ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കറുകുറ്റി സെന്റ് ഫ്രാന്‍സിസ് ഫൊറോന ദേവാലയത്തിലെ സഹവികാരി ഫാ. ജെസ്ലിന്‍ തെറ്റയിലാണ് ആല്‍ബത്തില്‍ വൈദികനായി വേഷമിട്ടിരിക്കുന്നത്. യുഎഇയിലും കേരളത്തിലുമുളള ജീസസ് യൂത്ത് അംഗങ്ങള്‍ ചേര്‍ന്നാണ് ഈ മനോഹര ആല്‍ബം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ആല്‍ബം കാണാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.