Day 27-മാതാവിന്റെ വണക്കമാസം
പരിശുദ്ധ അമ്മ- സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ
അനേകം വേദശാസ്ത്രജ്ഞന്മാരും വിശുദ്ധരും സംയുക്തമായി തീരുമാനിച്ചിരുന്നതുപോലെ ദൈവിക പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണതയ്ക്കു മിശിഹാ കഴിഞ്ഞാല്‍ കന്യകാമറിയത്തിന്‍റെ യോഗ്യതകള്‍ വഴിയായിട്ടു കൂടിയാണ് നമുക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു. പ.കന്യക സഹരക്ഷകയാണെന്നുള്ള വസ്തുത തന്നെ സകല വരപ്രസാദങ്ങളും മറിയം വഴി പ്രാപിക്കുന്നു എന്നതിനു തെളിവാണ്. സഹരക്ഷക, സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ എന്നീ നിലകളില്‍ മറിയം തിരുസ്സഭയുടെ പ്രതീകമാണ്.
ദൈവസ്നേഹം അഥവാ ദൈവവുമായിട്ടുള്ള ഐക്യം ഒരു വിശുദ്ധനില്‍ അഥവാ ഒരു വിശുദ്ധയില്‍ എത്ര വര്‍ദ്ധിച്ചിരിക്കുന്നുവോ, അതിന്‍റെ തോതനുസരിച്ചാണ് വിശുദ്ധരുടെ മാദ്ധ്യസ്ഥശക്തി എന്നാണ് വി.തോമസ് അക്വിനാസിന്‍റെ വാക്കുകള്‍. ലോകരക്ഷകന്‍റെ അമ്മ, സഹരക്ഷക, എന്നീ വിവിധ നിലകളില്‍ മാനവവംശത്തിനു വേണ്ടിയുള്ള രക്ഷാകര രഹസ്യത്തില്‍ പരിശുദ്ധ അമ്മ പങ്കാളിയായി. വരപ്രസാദ ദാതാവിനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തതുകൊണ്ട് ഒരര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും അവള്‍ വരപ്രസാദം നേടിക്കൊടുത്തു എന്ന്‍ വി.തോമസ് അക്വിനാസ് പ്രസ്താവിക്കുന്നു.
മറിയമേ! നീ ദൈവത്തിന്‍റെ പക്കല്‍ കൃപ കണ്ടെത്തിയിരിക്കുന്നു. (വി.ലൂക്കാ 1:26-38) എന്ന്‍ ദൈവദൂതന്‍ പ.കന്യകയോടു പറയുന്നു. മറിയം അവള്‍ക്കു വേണ്ടി മാത്രമല്ല ദൈവ സവിധത്തില്‍ കൃപ കണ്ടെത്തിയത് ലോകത്തിനു മുഴുവന്‍ വേണ്ടിയാണ്. മിശിഹായുടെ കുരിശിലെ ബലി പൂര്‍ത്തീകരിക്കുന്നതിനു മുമ്പായി അരുളിച്ചെയ്ത അന്തിമ ശാസനവും പ.കന്യകയുടെ സാര്‍വത്രിക മാദ്ധ്യസ്ഥത്തെ പ്രഖ്യാപിക്കുന്നുണ്ട്. ഇവിടെ നമ്മുടെ കര്‍ത്താവീശോമിശിഹാ പ.കന്യകയുടെ ആദ്ധ്യാത്മിക മാതൃത്വം പ്രഖ്യാപിക്കുക മാത്രമല്ല പ്രത്യുത മനുഷ്യര്‍ക്കു ആദ്ധ്യാത്മിക ജീവന്‍ നല്‍കുക, സംരക്ഷിക്കുക, പരിപോഷിപ്പിക്കുക എന്നിങ്ങനെയുള്ള മാതൃസഹജമായ ജോലികളും അവിടുന്നു ഭരമേല്‍പ്പിക്കുന്നുണ്ട്.
സ്നാപക യോഹന്നാന്‍റെ വിശുദ്ധീകരണം (ലൂക്കാ 1:41-44) കാനായിലെ കല്യാണവിരുന്നില്‍ മിശിഹായുടെ പ്രഥമാത്ഭുതം (യോഹ 2:3-8), ശ്ലീഹന്മാര്‍ ദൈവമാതാവിനോടു കൂടി ഊട്ടുശാലയില്‍ ധ്യാനിച്ചു കൊണ്ടിരുന്നപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ എഴുന്നള്ളി വന്നത് (നടപടി 1:14) എന്നീ വി.ഗ്രന്ഥ ഭാഗങ്ങളും പ.കന്യകയുടെ സാര്‍വത്രിക മാദ്ധ്യസ്ഥത്തെ സ്ഥിരീകരിക്കുന്നതിന് പര്യാപ്തമായിട്ടുണ്ട്.
അലക്സാണ്ട്രിയായിലെ വി.സിറിള്‍ എഫേസൂസ് സൂനഹദോസില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരിന്നു, “ലോകത്തിന്‍റെ മുഴുവന്‍ അനുഗ്രഹ ഭണ്ഡാരമായി വണങ്ങപ്പെടേണ്ട പ്രസാദവരപൂര്‍ണ്ണയായ ദൈവമാതാവേ, അവിടുന്ന്‍ ഒരിക്കലും അണയാത്ത നിത്യദീപമാണ്. കന്യാത്വത്തിന്‍റെ മകുടമാണ്. സത്യവിശ്വാസത്തിന്‍റെ സംരക്ഷകയാണ്. അവിടുന്ന്‍ വഴി പ.ത്രിത്വം ആരാധിക്കപ്പെടുകയും മഹത്വപ്പെടുകയും ചെയ്യുന്നു. ലോകം മുഴുവന്‍ കുരിശ് ആദരിക്കപ്പെടുന്നു. അന്ധകാരത്തിലും മരണ ഭീകരതയിലും സ്ഥിതി ചെയ്യുന്നവരെ ദൈവത്തിന്‍റെ ഏകജാതന്‍ പ്രകാശിപ്പിക്കുന്നത് കന്യകാമറിയം വഴിയാണ്”. നമ്മുടെ അനുദിന ജീവിതത്തില്‍ ആദ്ധ്യാത്മികവും ഭൗതികവുമായ നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. അവയിലെല്ലാം പുത്രസഹജമായ സ്നേഹത്തോടെ മരിയാംബികയെ സമീപിച്ചാല്‍ അവള്‍ നമ്മെ പരിത്യജിക്കുകയില്ല.
സംഭവം
ഒരിക്കല്‍ വി.ഫ്രാന്‍സീസ് അസ്സീസിക്ക് ഒരു ദര്‍ശനമുണ്ടായി. അദ്ദേഹവും അദ്ദേഹത്തിന്‍റെ ആത്മീയതനയരും കൂടി ഒരു സോപനത്തിന്‍റെ സമീപം നില്ക്കുകയായിരിന്നു. ആ സോപാനത്തിന്‍റെ ഉച്ചിയില്‍ നമ്മുടെ കര്‍ത്താവ് സിംഹാസനരൂഢനായിരിക്കുന്നു. വി. ഫ്രാന്‍സീസും അദ്ദേഹത്തിന്‍റെ ആത്മീയസുതരും കൂടി ആ സോപാനത്തിലൂടെ മിശിഹായുടെ പക്കല്‍ അണയുവാന്‍ വളരെ സമയം പരിശ്രമിച്ചു. എന്നാല്‍ അവര്‍ക്കു സാധിച്ചില്ല. കുറെ കഴിഞ്ഞപ്പോള്‍ വി.ഫ്രാന്‍സീസ് വേറൊരു സോപാനം ദര്‍ശിക്കുന്നു. അതിന്‍റെ ഏറ്റവും മുകളില്‍ പ.കന്യക വേറൊരു സിംഹാസനത്തില്‍ ഉപവിഷ്ടയായിരിക്കുന്നത് കണ്ടു.
അതോടൊപ്പം ഒരശരീരി വാക്യവും ശ്രവിക്കുന്നു. “ഫ്രാന്‍സീസേ നിന്‍റെ പുത്രരേ എന്‍റെ അമ്മയുടെ സോപാനത്തിലേക്ക് നയിക്കുക. അതാണ് എന്‍റെ പക്കല്‍ വരുവാനുള്ള ഏറ്റം സുഗമമായ മാര്‍ഗ്ഗം.” അതെ ഈശോയിലേയ്ക്കു മറിയം വഴി എന്നതും സഭാപിതാക്കന്മാരുടെ മുദ്രാവാക്യമായിരുന്നു. ലൂര്‍ദ്ദും ഫാത്തിമയും വിശ്വവ്യാപകമായ നിത്യസഹായമാതാവിന്‍റെ ഭക്തിയും അതല്ലേ നമ്മെ അനുസ്മരിപ്പിക്കുന്നത്. ലോകത്തിന്‍റെ നാനാഭാഗത്ത് എത്രമാത്രം ജനങ്ങളാണ് പ.കന്യകയുടെ അനുഗ്രഹങ്ങളാല്‍ ചൈതന്യം പ്രാപിക്കുന്നത്!
പ്രാര്‍ത്ഥന
ദൈവമാതാവേ! അങ്ങ് സര്‍വ്വവരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥനായ മിശിഹാ കഴിഞ്ഞാല്‍ എല്ലാ അനുഗ്രഹങ്ങളും അങ്ങ് വഴിയാണ് ഞങ്ങള്‍ പ്രാപിക്കുന്നത്. ദൈവം അവിടുത്തെ അനുഗ്രഹങ്ങളുടെ നിക്ഷേപം അങ്ങേ ഭരമേല്‍പ്പിച്ചിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുമ്പോഴും ആഗ്രഹിക്കുന്ന വിധത്തിലും ആഗ്രഹിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കേണമേ. ലോക സമാധാനം, പാപികളുടെ മാനസാന്തരം, ക്രൈസ്തവ ഐക്യം എന്നിവയ്ക്കാവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങളില്‍ വര്‍ഷിക്കണമേ.
എത്രയും ദയയുള്ള മാതാവേ
ലുത്തീനിയ
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
സുകൃതജപം
നിത്യസഹായ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ.
Comments are closed.