Day 21-മാതാവിന്റെ വണക്കമാസം

ഈശോമിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ

ലോകരക്ഷകനായ മിശിഹായെ മാതൃവാത്സല്യത്തോടുകൂടി ദിവ്യജനനി വളര്‍ത്തിക്കൊണ്ടു വന്നു. മുപ്പതാമത്തെ വയസ്സുവരെ പ.കന്യകയോടുകൂടിയാണ് ഈശോ വസിച്ചത്. എന്നാല്‍ മുപ്പതു വയസ്സായപ്പോള്‍ അവിടന്ന് പരസ്യജീവിതം സമാരംഭിച്ചു. പ.കന്യകയുടെ പക്കല്‍ ചെന്നു ഈശോ യാത്ര പറഞ്ഞപ്പോള്‍ പ.കന്യകയുടെ മാതൃഹൃദയം വളരെ വേദനിച്ചിരിന്നുവെന്ന്‍ ചരിത്രകാരന്മാര്‍ പറയപ്പെടുന്നു. പ.കന്യക പിന്നീട് ഏകാന്തമായ ഒരു ജീവിതം നയിച്ചു എന്നു കരുതാന്‍ പാടില്ല. ക്രിസ്തുവിന്‍റെ പരസ്യജീവിതകാലത്ത് മേരി അവിടത്തോട് സജീവമായി സഹകരിച്ചിരുന്നു. പല ഭക്തസ്ത്രീകളും ഈശോയെ അനുഗമിച്ചിരുന്നതായി ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പല അവസരങ്ങളിലും പ.കന്യക മിശിഹായുടെ പ്രവര്‍ത്തന രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. കാനായിലെ കല്യാണ വിരുന്നില്‍ പ.കന്യകയും ഈശോയും അവിടുത്തെ ശിഷ്യന്മാരും സംബന്ധിച്ചിരുന്നു. തദവസരത്തില്‍ ആതിഥേയന്‍റെ വീഞ്ഞു തീര്‍ന്നതിനാല്‍ പ.കന്യക അവരുടെ വിഷമം മനസ്സിലാക്കി ഈശോയെ ഓര്‍മ്മപ്പെടുത്തി. അപ്രതീക്ഷിതമായി തീര്‍ന്ന് പോയ വീഞ്ഞ് മൂലം ഒരു ആതിഥേയനുണ്ടാകാവുന്ന മാനസിക ക്ലേശം ഊഹിക്കാവുന്നതാണ്. പ.കന്യക അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു. ഈശോ ഇതിനുമുമ്പ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല.

എങ്കിലും പ.കന്യക അവിടുത്തെ ദിവ്യസുതന്‍റെ ദൈവത്വം മനസ്സിലാക്കിക്കൊണ്ടാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്. അപ്പോള്‍ ഈശോ പ.കന്യകയോട്‌ അരുളിച്ചെയ്തത് പരുഷമായിട്ടാണ്. എന്നു പ്രഥമ വീക്ഷണത്തില്‍ നമുക്കു തോന്നാം. അവിടുന്നു പ.കന്യകയെ സ്ത്രീ എന്നു അഭിസംബോധന ചെയ്തു. സാമാന്യമായ ബഹുമാനമനുസരിച്ചാണെങ്കില്‍ മേരിയെ അമ്മയെന്നു വിളിക്കേണ്ടിയിരുന്നു. എന്നാല്‍ ഈശോ സ്ത്രീ എന്നു വിളിച്ചതും മുമ്പ് വാഗാദാനം ചെയ്തിട്ടുള്ള സ്ത്രീ മരിയാംബിക തന്നെയാണെന്ന് അനുസ്മരിക്കുവാനാണ്.

പ.കന്യക ഒരര്‍ത്ഥത്തില്‍ അവിടുത്തെ ദിവ്യകുമാരനെ കുരിശു മരണത്തിനു ക്ഷണിക്കുകയാണ്. ദിവ്യജനനിയുടെ പരസ്നേഹ ചൈതന്യവും ഇവിടെ പ്രകടമാകുന്നു. പ.കന്യകയ്ക്കു നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിനുള്ള സ്ഥാനവും ഇത് സ്പഷ്ടമാക്കുന്നുണ്ട്. പ.കന്യകാമറിയം വഴി നമുക്കു വരപ്രസാദങ്ങള്‍ ലഭിക്കുന്നു എന്നുള്ളത് വ്യക്തമാക്കുന്നു. കര്‍ത്താവു, സമയമായിട്ടില്ല എന്നു പറഞ്ഞുവെങ്കിലും കന്യാംബിക പറയുന്നു: അവിടുന്നു പറയുന്നതു പോലെ നിങ്ങള്‍ ചെയ്യുവിന്‍. അവര്‍ യഹൂദാചാരപ്രകാരമുള്ള ക്ഷാളന കര്‍മ്മം നിര്‍വഹിക്കുന്നതിനുപയോഗിക്കുന്ന ആറു കല്‍ഭരണികളില്‍ വെള്ളം നിറച്ചു.

ഈശോ അവിടുത്തെ മാതാവിന്‍റെ അഭ്യര്‍ത്ഥന ആദരിച്ച് വെള്ളത്തെ വീഞ്ഞാക്കി മാറ്റി അത്ഭുതം പ്രവര്‍ത്തിക്കുന്നു. ബാഹ്യാചാരാനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന യഹൂദ മതത്തിന്‍റെ സ്ഥാനത്ത്, മനുഷ്യ ഹൃദയത്തിന് ആനന്ദം പകരുന്ന ക്രൈസ്തവ സഭയുടെ ഒരു പ്രതീകവും കൂടിയാണ് ആ വീഞ്ഞ്. കൂടാതെ മറ്റൊരു അവസരത്തില്‍ ഈശോയെ കാണുവാനായി പ.കന്യകയും ഈശോയുടെ സഹോദരന്മാരും ചെന്നതായി നാം സുവിശേഷത്തില്‍ കാണുന്നുണ്ട്.

പ.കുര്‍ബാനയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്ന അവസരത്തില്‍ ജനങ്ങള്‍ ചോദിക്കുന്നു: ഇവന്‍റെ അമ്മയും നമ്മോടു കൂടെയില്ലേ? ഇപ്രകാരം പ.കന്യക ഈശോയുടെ പരസ്യജീവിത കാലത്ത് അവിടുത്തെ സന്തത സഹചാരിണിയായി ആത്മരക്ഷയ്ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു. ഇന്നത്തെ കത്തോലിക്കരോടും, ദിവ്യസുതന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുക എന്നതാണ് ദിവ്യജനനി അരുളിച്ചെയ്യുന്നത്. മക്കളായ നമ്മുടെ ആത്മരക്ഷയില്‍ മാതാവിന് അത്യധികമായ താത്പര്യമുണ്ട്.

സംഭവം

ആംഗ്ലേയ സാഹിത്യകാരനായ ജി.കെ.ചെസ്റ്റര്‍ട്ടന്‍ ഒരു ആംഗ്ലിക്കന്‍ സഭാംഗമായിരുന്നു. അദ്ദേഹം, ഏതാണ് ക്രിസ്തു സ്ഥാപിച്ച സഭ എന്നറിയുന്നതിനു വേണ്ടി എല്ലാ സഭാ വിഭാഗങ്ങളുടെയും തത്വസംഹിത പഠിച്ച് പാലസ്തീനായിലേക്ക് തീര്‍ത്ഥയാത്ര നടത്തി. അവസാനം അദ്ദേഹം ബ്രാണ്ട്വീസിയിലുള്ള ദൈവമാതൃ സ്വരൂപത്തിന്‍റെ മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കുമ്പോഴാണ്‌ കത്തോലിക്കാ സഭയെ സമാശ്ലേഷിക്കുവാനുള്ള തീരുമാനം എടുക്കുന്നത്. കര്‍ദ്ദിനാള്‍ ന്യൂമാനും മറ്റനേകം പ്രശസ്ത വ്യക്തികളും സഭാംബികയുടെ മടിത്തടത്തില്‍ എത്തുന്നതും ദിവ്യജനനിയുടെ ഭക്തി നിമിത്തമാണ്.

പ്രാര്‍ത്ഥന

ദൈവമാതാവേ, അവിടുന്ന്‍ ഈശോയുടെ പരസ്യജീവിതകാലത്ത് ഈശോയോടുകൂടി സഞ്ചരിച്ചു കൊണ്ട് രക്ഷാകര കര്‍മ്മത്തില്‍ സഹകരിച്ചല്ലോ. ദിവ്യമാതാവേ, ഞങ്ങളും ആത്മാക്കളുടെ രക്ഷയില്‍ തീക്ഷ്ണതയുള്ളവരായി ജീവിക്കുവാന്‍ സഹായിക്കേണമേ. അവിടുത്തെ ദിവ്യസുതന്‍റെ സുവിശേഷ പ്രബോധനങ്ങള്‍ അറിയാത്തവരെയും, അതിനെ അവഗണിച്ചുകൊണ്ട് ജീവിക്കുന്നവരെയും, പാപികളെയും അങ്ങേ ദിവ്യകുമാരന്‍റെ സവിധത്തിലേക്കാനയിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. കാനായിലെ കല്യാണ വിരുന്നില്‍ അവിടുത്തെ പരസ്നേഹവും സേവന ചൈതന്യവും പ്രകാശിതമാകുന്നു. ഞങ്ങളും അങ്ങേ അനുകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തരാക്കേണമേ.

എത്രയും ദയയുളള മാതാവേ

ലുത്തീനിയ

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

മറിയത്തിന്‍റെ വിമലഹൃദയമേ, ഇന്ത്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.‍‍

Comments are closed.