Day 16-മാതാവിന്റെ വണക്കമാസം

ഉണ്ണീശോയുടെ പിറവി

പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്‍ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര വിസ്മയാവഹമാണ് ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഈ ബ്രഹ്മാണ്ഡകടാഹത്തെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിച്ചു വരുന്ന അപരിമിതനായ ദൈവം, മറ്റുള്ളവര്‍ക്കു കൊട്ടാരങ്ങളും രമ്യഹര്‍മ്മ്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ദൈവത്തിന് ഒരു വാസസ്ഥലം ലഭിച്ചില്ല. അവിടത്തേയ്ക്ക് രാജകൊട്ടാരത്തിലോ പ്രഭുക്കന്‍മാരുടെ മണിമന്ദിരങ്ങളിലോ വന്നു ജനിക്കുവാന്‍ അവകാശമുണ്ടായിരുന്നു. എന്നാല്‍ അതു സ്വയം പരിത്യജിച്ച് ദരിദ്രരില്‍ ദരിദ്രനായി പുല്‍ക്കൂട്ടില്‍ വന്നു പിറക്കുന്നു. സൂര്യചന്ദ്രനക്ഷത്രാദിജ്യോതിര്‍ ഗോളങ്ങളെ അമ്മാനമാടുന്ന അവിടുത്തേയ്ക്ക് അര്‍ദ്ധരാത്രിയിലെ അന്ധകാരത്തിന്‍റെ ആധിപത്യത്തില്‍ നിന്നും രക്ഷനേടുവാന്‍ മാര്‍ഗ്ഗമില്ലാഞ്ഞിട്ടല്ല.

കൊടുംതണുപ്പില്‍ ദിവ്യശിശുവിന്‍റെ മൃദുലമേനി വിറയ്ക്കുന്നു. ഈ വിലപനീയമായ അവസ്ഥ പ.കന്യകയ്ക്ക് വളരെ ദുഃഖത്തിനു കാരണമായി. എങ്കിലും മേരി കഴിവനുസരിച്ച് ഈശോയുടെ ക്ലേശങ്ങള്‍ ലഘൂകരിക്കുവാന്‍ പരിശ്രമിച്ചു. ദിവ്യശിശുവിനെ അവളുടെ സ്നേഹത്തിന്‍റെ ഊഷ്മാവില്‍ മാറോടു ചേര്‍ത്തു കിടത്തി സമാശ്ലേഷിച്ചു. അത്ഭുതപൂര്‍ണ്ണമായി അവള്‍ ദിവ്യ ശിശുവിനെ നോക്കിക്കൊണ്ടുതന്നെ നിന്നു. മണിക്കൂറുകള്‍ തന്നെ കടന്നുപോയത് അറിഞ്ഞില്ല. മേരിയുടെ ഉള്ളില്‍ പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത അത്രയും ആനന്ദം ഉളവായി. സ്രഷ്ടാവും പരിപാലകനും പരിത്രാതാവുമായ അവളുടെ അരുമസുതന്‍ ഉറങ്ങുന്നത് കണ്ണും കരളും കുളിര്‍ക്കെ കണ്ടുനിന്നു.

ഏറ്റവും ചെറിയവനായി സര്‍വശക്തന്‍ ബലഹീനനായി അവിടെ ശയിക്കുന്നത് അവളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. എങ്കിലും ഹൃദയംഗമമായി അവള്‍ അതു അംഗീകരിച്ച്, ഭക്തി സ്നേഹബഹുമാനപുരസ്സരം അവിടുത്തെ ആരാധിച്ചു. ഈശോയുടെ അഗാധമായ എളിമ നമുക്ക് ഇവിടെ ദര്‍ശിക്കുവാന്‍ സാധിക്കും. അവിടുന്ന്‍‍ സ്വയം ശൂന്യനാക്കി. ക്രിസ്തീയമായ എളിമ മിശിഹായുടെ ശൂന്യമാക്കലിലുള്ള ഭാഗഭാഗിത്വമാണ്. അഹങ്കാരത്താല്‍ നശിച്ച മനുഷ്യനെ എളിമയിലൂടെ അവിടുന്ന്‍ രക്ഷിച്ചു. മിശിഹായുടെ ആഗമനത്തില്‍ ശ്രവിച്ച സ്വര്‍ഗ്ഗീയ ഗാനം ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയെന്നാണല്ലോ! ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനം എന്നാണ്. ആട്ടിടയന്മാരും പൗരസ്ത്യ വിജ്ഞാനികളും അവിടുത്തെ സന്ദര്‍ശിക്കുന്നു. അവര്‍ ശിശുവിനെ ആരാധിച്ച് അവിടുത്തേക്ക് കാഴ്ചയണച്ചു.

നാം ദിവ്യകാരുണ്യ സ്വീകരണാവസരത്തില്‍ എത്രമാതം സ്നേഹവും തീക്ഷ്ണതയും ഭക്തിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്? മിശിഹായ്ക്കു മൂന്നു ജനനങ്ങളുണ്ടെന്നാണു ദൈവശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഒന്നാമത്തേത് നിത്യത്വത്തില്‍ പിതാവില്‍ നിന്നുള്ള ജനനം, രണ്ടാമത്തേത് കാലത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ പ.കന്യകാമറിയത്തില്‍ നിന്നുള്ള ജനനം, മൂന്നാമത്തേത് നമ്മില്‍ ഓരോരുത്തരിലുമുള്ള ആദ്ധ്യാത്മിക ജനനമാണ്‌. ആ ജനനത്തിലും പ.കന്യകയ്ക്ക് കാതലായ ഒരു പങ്കുണ്ട്.

സംഭവം

ലൂര്‍ദ്ദിലെ ഒരു ദരിദ്ര ഭവനമായിരുന്നു ബുനോര്‍ട്ടള്‍സ് കുടുംബം. ആ കുടുംബത്തിലെ രണ്ടു വയസ്സുള്ള ജസ്റ്റിന്‍, ജനിച്ചനാള്‍ തുടങ്ങി രോഗിയായിരുന്നു. സന്ധിവാതവും കോട്ടവും ആണു പ്രധാന രോഗം. ഒരു രാത്രി രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ശരീരം മരവിച്ചു. ശ്വാസോച്ഛ്വാസം മന്ദഗതിയിലായി. അവന്‍റെ അമ്മ കുട്ടിയുടെ മരണ ചേഷ്ടകള്‍ കണ്ടു വാവിട്ടു കരഞ്ഞു. നാഡി അടിപ്പ് നിലച്ചതു പോലെ കാണപ്പെട്ടു. കുട്ടിയുടെ അമ്മയായ ക്രെയിനിക്കോട്ടലിനു ഒരു ഭാവപ്പകര്‍ച്ച ഉണ്ടായി. അവള്‍ വിളിച്ചു പറഞ്ഞു: ലൂര്‍ദ്ദിലെ ഗ്രോട്ടോയിലുള്ള കന്യക എന്‍റെ കുട്ടിയെ രക്ഷിക്കും എന്നു പറഞ്ഞ് കുഞ്ഞിനെ എടുത്തു കൊണ്ട് ഗ്രോട്ടോയിലേക്ക് അവള്‍ ഓടി. അത്ഭുത ഉറവയില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന തൊട്ടിയില്‍ ബാലന്‍റെ ശിരസ്സ് ഒഴിച്ചുള്ള ശരീരഭാഗം മുഴുവന്‍ മുക്കിപ്പിടിച്ചു. കണ്ടുനിന്നിരുന്നവര്‍ അമ്പരന്നു. മഞ്ഞുകട്ടയ്ക്കു തുല്യം തണുപ്പുള്ള വെള്ളത്തില്‍ മരണാസന്നനായ ഒരു കുട്ടിയെ മുക്കുക. ഇതില്‍ കൂടുതല്‍ അബദ്ധം എന്താണു ചെയ്യുവാനുള്ളത്.

അവള്‍ കുട്ടിയെ കൊല്ലുവാന്‍ പോവുകയാണെന്ന് കണ്ടു നിന്നിരുന്നവര്‍ പറഞ്ഞു. അവള്‍ പ്രതിവചിച്ചു. “എനിക്ക് കഴിവുള്ളതു ഞാന്‍ ചെയ്യുന്നു. ബാക്കി നല്ലവനായ ദൈവവും പ.കന്യകയും ചെയ്യുന്നതാണ്.” പതിനഞ്ചു മിനിട്ടോളം സമയം അവള്‍ കുട്ടിയെ വെള്ളത്തില്‍ മുക്കിപ്പിടിച്ചു കൊണ്ടിരുന്നു. ശേഷം തുണിയില്‍ എടുത്തു പൊതിഞ്ഞു കൊണ്ട് വീട്ടിലേക്കോടി. വന്ന ഉടനെ തൊട്ടിലില്‍ കിടത്തി. കുട്ടി മരിച്ചുവെന്ന് കുട്ടിയുടെ പിതാവും മറ്റുള്ളവരും വിചാരിച്ചു. ജസ്റ്റിന്‍ ഗാഢനിദ്രയിലായി. പിറ്റേ ദിവസം അവന്‍ ഉണര്‍ന്നത് പൂര്‍ണ്ണ ആരോഗ്യവാനായിട്ടാണ്. ജന്മനാ രോഗിയായിരുന്ന, അതുവരെ എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന ജസ്റ്റിന്‍ ആരോഗദൃഢഗാത്രനായി നടന്നു തുടങ്ങിയിരിക്കുന്നു. അത്ഭുതകരമായ രോഗശാന്തിയുടെ വിശേഷം എല്ലാ കാതുകളിലുമെത്തി. കുട്ടിയെ ചികിത്സിച്ചിരുന്ന സുപ്രസിദ്ധരായ ഡോക്ടര്‍മാര്‍ ഈ രോഗശമനം അത്ഭുത സംഭവമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രാര്‍ത്ഥന

പ.കന്യകയെ, അവിടുന്ന്‍ അങ്ങേ ദിവ്യസുതനെ പ്രസവിച്ച് ഒരു‍ പുല്‍ക്കൂട്ടില്‍ കിടത്തിയല്ലോ. അങ്ങേ ദിവ്യകുമാരന് മാതൃസഹജമായ പരിലാളനകള്‍ അര്‍പ്പിക്കുവാന്‍ പോലും സാധിക്കാതെ അവിടുന്ന്‍ വളരെ ദുഃഖിച്ചു. എങ്കിലും സ്നേഹത്താല്‍ ഉജ്ജ്വലിച്ച അവിടുത്തെ ഹൃദയത്തില്‍ നിന്നും ആരാധനയുടെ അര്‍ച്ചനകള്‍ ഉയര്‍ന്നു. അവിടുത്തെ പ്രസാദിപ്പിക്കുവാനായി അങ്ങേ വിനീതവും ലളിതവുമായ പരിചരണങ്ങള്‍ നല്‍കി. അങ്ങേ കരതാരില്‍ ദിവ്യശിശു പരിപൂര്‍ണ്ണമായ സംതൃപ്തി അനുഭവിച്ചു. സ്നേഹനിധിയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളേയും അവിടുത്തെ സ്നേഹവായ്പിനാല്‍ സംതൃപ്തമാക്കണമേ. ഞങ്ങളുടെ ഹൃദയത്തില്‍ ഈശോമിശിഹാ ആത്മീയമായി പിറന്നു ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ.

എത്രയും ദയയുള്ള മാതാവേ

ലുത്തീനിയ

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

പിതാവായ ദൈവത്തിന്‍റെ പുത്രീ, പുത്രനായ ദൈവത്തിന്‍റെ മാതാവേ, പരിശുദ്ധാത്മാവിന്‍റെ മണവാട്ടീ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

Comments are closed.