Day 14-മാതാവിന്റെ വണക്കമാസം
പരിശുദ്ധ കന്യകയുടെ സന്ദര്‍ശനം
പ.കന്യക ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഉടനെ, അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുവാനായി യൂദയായിലെ ഒരു പട്ടണത്തിലേക്കു പോയി.അവള്‍ വാര്‍ദ്ധക്യ കാലത്ത് ഗര്‍ഭിണിയായിരിക്കുന്നുവെന്ന്‍ പരിശുദ്ധ അമ്മ, ദൈവദൂതനില്‍ നിന്നും മനസ്സിലാക്കി. അതിനാല്‍ അവര്‍ക്ക് സേവനം ആവശ്യമാകയാല്‍ അതിനായിട്ടാണ് അവള്‍ പുറപ്പെട്ടത്. ജോസഫും പ.കന്യകയെ അനുഗമിച്ചിരിക്കാം. സുദീര്‍ഘമായ യാത്ര കഴിച്ച് പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിച്ചേര്‍ന്ന മേരി എലിസബത്തിനു അഭിവാദ്യമര്‍പ്പിച്ചു. മറിയത്തിന്‍റെ സ്വസ്തി ശ്രവിച്ച എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ സംപ്രീതയായി തിരിച്ചും അഭിവാദനം ചെയ്തു.
“നീ സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്‍റെ ഉദരഫലവും അനുഗൃഹീതമാവുന്നു. എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം എവിടെ നിന്ന്‍, കര്‍ത്താവ് നിന്നോട് അരുളിച്ചെയ്ത വാക്കുകള്‍ വിശ്വസിച്ച നീ ഭാഗ്യവതി” എലിസബത്തിന്‍റെ അനുമോദനങ്ങള്‍ ശ്രവിച്ച ദിവ്യകന്യകയുടെ ആത്മാവ് ത്രസിച്ചു. അവള്‍ ആനന്ദാതിരേകത്താല്‍ ഇപ്രകാരമുദ്ഘോഷിച്ചു.
“മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്ധമാണ്” (വി.ലൂക്കാ 1:46-49).
ദൈവജനനിയുടെ എളിമയും ദൈവത്തോടുള്ള അനുപമമായ കൃതജ്ഞതയും സ്നേഹവും ആന്തരികവുമായ ആനന്ദവും വ്യക്തമാക്കുന്നവയാണ് പ്രസ്തുത കൃതജ്ഞതാലാപനം. അതോടൊപ്പം അത് പ്രവചനപരവുമാണ്. എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കുമെന്നുള്ള പ.കന്യകയുടെ വാക്കുകള്‍ പരിപൂര്‍ണ്ണമായി സ്വാര്‍ത്ഥകമായിരിക്കുന്നു. ഇന്നും എല്ലാവരും പ.കന്യകയെ സ്തുതിക്കുന്നതില്‍ ഉത്സുകരാണ്. അക്രൈസ്തവര്‍പോലും മേരിയുടെ വിശേഷഗുണങ്ങളെ പ്രകീര്‍ത്തിക്കുന്നു.
മരിയാംബിക ഉദരസ്ഥിതനായ മിശിഹായെയും സംവഹിച്ചു കൊണ്ടാണ് സേവനത്തിനു പുറപ്പെടുന്നത്. തന്നിമിത്തം മേരിയുടെ അവിടുത്തെ സാന്നിദ്ധ്യം തന്നെ അനേകം അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ക്കു കാരണമായെന്ന് പറയപ്പെടുന്നു. ഏലീശ്വ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതയായി മേരി, ദൈവമാതാവായി എന്നുള്ള വസ്തുത പ്രഖ്യാപിക്കുകയാണ്. ഉദരസ്ഥിതനായ യോഹന്നാന്‍ ശുദ്ധീകരിക്കപ്പെടുന്നു.
നാമും സേവനത്തിനു പോകുമ്പോള്‍ ക്രിസ്തുവാഹകരായിരുന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലമണിയും. 1972-ല്‍ മദര്‍ തെരേസയ്ക്ക് നെഹ്‌റു അവാര്‍ഡ് നല്‍കിയതിനുശേഷം മദറിന്റെ പ്രവര്‍ത്തന വിജയത്തിനുള്ള കാരണമാരാഞ്ഞ പത്രപ്രതിനിധികളോടു മദര്‍ തെരേസ ഇപ്രകാരം പ്രസ്താവിച്ചു. “ഞാന്‍ എല്ലാ ദിവസവും രാവിലെ പ.കുര്‍ബാനയില്‍ മിശിഹായെ ആരാധിക്കും. കല്‍ക്കട്ടായിലും ഡല്‍ഹിയിലും ബോംബെയിലുമുള്ള തെരുവീഥികളിലും പരിത്യക്തരിലും കുഷ്ഠരോഗികളിലും ഞാന്‍ മിശിഹായെ ആരാധിക്കുന്നു” ഇതുപോലെ ഓരോ ക്രിസ്ത്യാനിയും ഒരു ക്രിസ്തുവാഹകനായിരിക്കണം.
സംഭവം
ഫ്രാന്‍സിലെ ഒരു കുഗ്രാമത്തില്‍ ഇടവക വൈദികനായി ജീവിച്ച് അനിതരസാധാരണമായ വിശുദ്ധി കൊണ്ട് ജീവിതകാലത്തും മരണശേഷവും ലോകത്തെ അനുഗ്രഹിച്ച പുണ്യവാനാണ് ജോണ്‍ വിയാനി. 1788-ല്‍ ജനിച്ച വി.വിയാനി സെമിനാരിയില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. സഹപാഠികളോടൊപ്പം പഠിച്ച് പരീക്ഷകള്‍ പാസാകാന്‍ വേണ്ട ബുദ്ധിസാമര്‍ത്ഥ്യമോ കഴിവോ അദ്ദേഹത്തിനില്ലായിരുന്നു. സെമിനാരി പരീക്ഷയില്‍ ഉത്തരങ്ങള്‍ എഴുതാന്‍ സാധിച്ചില്ലയെന്ന്‍ മാത്രമല്ല ചോദ്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. അങ്ങനെ വൈദികനാകാനുള്ള തന്‍റെ അഭിലാഷം എന്നന്നേക്കുമായി തകര്‍ന്നതില്‍ വിയാനിയുടെ മനസ്സ് വേദനിച്ചു.
എല്ലാ മാര്‍ഗ്ഗങ്ങളും തന്‍റെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ ജോണ്‍ ദുഃഖിതനായി. പ. കന്യകാമറിയത്തിന്‍റെ സഹായം ഒന്നു മാത്രമാണ് തന്‍റെ കാര്യസാധ്യത്തിനായി അദ്ദേഹം ആശിച്ചത്. ദൈവമാതാവിനോടു വിശുദ്ധന്‍ നിരന്തരം പ്രാര്‍ത്ഥിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ സുഹൃത്തായ ബയിലിയുടെ അപേക്ഷപ്രകാരം വീണ്ടും ഒരു പരീക്ഷ കൂടി നടത്തി. ദൈവമാതാവിന്‍റെ സഹായം അപേക്ഷിച്ച് ഒരിക്കല്‍ക്കൂടി പരീക്ഷയ്ക്ക് വിയാനി അണഞ്ഞു.
ആ പരീക്ഷയില്‍ സ്തുത്യര്‍ഹമായ വിധം ഉത്തരം നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവസാനവിധി കല്പ്പിക്കുവാനുള്ള അധികാരി ജനറല്‍ ഫാ.കേര്‍ബന്‍ ആയിരുന്നു. അദ്ദേഹം ചോദിച്ചു.”ജോണ്‍ വിയാനി ഭക്തനാണോ? ദൈവമാതാവിനോടു അയാള്‍ക്ക് ഭക്തിയുണ്ടോ? അങ്ങനെയെങ്കില്‍ പട്ടം കൊടുക്കുവാന്‍ എനിക്കു മടിയില്ല.” ഇതു കേട്ടപ്പോള്‍ ഫാ.ബെയിലിയുടെയും ജോണ്‍ വിയാനിയുടെയും കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.
പരിശുദ്ധ മറിയത്തെ സ്വന്തം അമ്മയെക്കാളധികം സ്നേഹിക്കുന്ന സഭാതനയനാണ് ജോണ്‍ വിയാനി എന്നറിഞ്ഞപ്പോള്‍ കര്‍ദ്ദിനാളിന്‍റെ സ്ഥാനപതിയായ വികാരി ജനറല്‍ പറഞ്ഞു: “ഇയാളില്‍ വേണ്ടതു ദൈവം പ്രവര്‍ത്തിച്ചു കൊള്ളും. പണ്ഡിതരേക്കാള്‍ ഭക്തരായ വൈദികരെയാണ് ഇന്നത്തെ സഭയ്ക്ക് കൂടുതല്‍ ആവശ്യം.” മരണം വരെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ അതീവ ഭക്തനായിരുന്ന വി.ജോണ്‍ വിയാനി അങ്ങനെ 1815 ആഗസ്റ്റ് 15 നു പുരോഹിത പദവിയിലേക്ക് ഉയര്‍ന്നു.
പ്രാര്‍ത്ഥന
പരിശുദ്ധ കന്യകാമറിയമേ, അങ്ങ് അവിടുത്തെ ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ ഉദരസ്ഥിതനായ മിശിഹായെയും സംവഹിച്ചു കൊണ്ടുപോയല്ലോ. ഞങ്ങള്‍ അങ്ങേ മാതൃക അനുകരിച്ചു മറ്റുള്ളവര്‍ക്കു സേവനം അര്‍പ്പിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളും ഞങ്ങളുടെ സേവന രംഗങ്ങളില്‍ മിശിഹായെ സംവഹിക്കുവാനും അപ്രകാരം മിശിഹായ്ക്കു വേണ്ടി എല്ലാ സേവനവും അര്‍പ്പിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങള്‍ മിശിഹായ്ക്കു സാക്ഷ്യം വഹിക്കട്ടെ. ദിവ്യജനനി അങ്ങ് മിശിഹായോടുകൂടി സേവനത്തിനു പോയപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവായി. അതുപോലെ ഞങ്ങളുടെ എല്ലാ സേവനങ്ങളിലും ആദ്ധ്യാത്മികമായ ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രാപിച്ചു നല്‍കണമേ.
എത്രയും ദയയുള്ള മാതാവേ
ലുത്തീനിയ
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
സുകൃതജപം
ഏലീശ്വായെ സന്ദര്‍ശിച്ചു സഹായിച്ച പരിശുദ്ധ ദൈവമാതാവേ, പരസ്നേഹം ഞങ്ങളില്‍ വളര്‍ത്തണമേ.
Comments are closed.