Day 11-മാതാവിന്റെ വണക്കമാസം

ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക

ദൈവിക ദൗത്യ വാഹകനായ ഗബ്രിയേല്‍ ദൂതന്‍ മേരിയെ സമീപിച്ച് ദൈവവചനം അറിയിച്ചു. മറിയം ദൈവവചനം സ്വീകരിക്കുന്നതിനു എത്ര സന്നദ്ധയായിരുന്നു എന്ന്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. “നീ ഒരു പുത്രനെ പ്രസവിക്കും. അവന് യേശു എന്നു പേരിടണം” ദൈവസുതന്‍റെ വാക്കുകള്‍ കേട്ട പരിശുദ്ധ കന്യക ഒരു സംശയം ചോദിക്കുന്നുണ്ട്? ഞാന്‍ പുരുഷനെ അറിയാത്തതിനാല്‍ ഇത് എപ്രകാരം സംഭവിക്കും? ന്യായയുക്തമായ ഒരു സംശയമായിരുന്നു അത്. മേരി ദൈവത്തോട് കന്യാവ്രതം വാഗ്ദാനം ചെയ്തിരുന്നു എന്നുള്ള വസ്തുത അത് സൂചിപ്പിക്കുന്നു. ദൈവദൂതന്‍ മറിയത്തിന് സംശയ നിവാരണം വരുത്തി. “പരിശുദ്ധാത്മാവ് എഴുന്നള്ളി വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആയതിനാല്‍ നിന്നില്‍ നിന്നു പിറക്കുന്നവന്‍ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍ പരിശുദ്ധനായിരിക്കും.”

മേരിയുടെ പ്രശ്നത്തിന് ദൈവദൂതന്‍ പരിഹാരം നിര്‍ദ്ദേശിച്ച ഉടനെ പരിശുദ്ധ കന്യക പ്രതിവചിച്ചു: “നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.” ഇപ്രകാരമുള്ള സന്നദ്ധത ദൈവവചനം സ്വീകരിക്കുന്നതില്‍ നമുക്കുണ്ടോ? ക്രിസ്തുനാഥന്‍ ഒരിക്കല്‍ വിതക്കാരന്‍റെ ഉപമ അരുളിച്ചെയ്തു: “വിതയ്ക്കാരന്‍ വിതക്കാന്‍ പുറപ്പെട്ടപ്പോള്‍ ചിലത് വഴിയരികില്‍ വീണു. അത് ആകാശപ്പറവകള്‍ കൊത്തിക്കൊണ്ടുപോയി. മറ്റ് ചിലത് പാറപ്പുറത്ത് വീണു. മണ്ണിന് ആഴമില്ലാതിരുന്നതു കൊണ്ട് അതു കരിഞ്ഞുപോയി. വേറെ ചിലതു മുള്ളുകളുടെ ഇടയില്‍ വീണു. മുള്ളുകള്‍ അതിനെ ഞെരുക്കിക്കളഞ്ഞു. എന്നാല്‍ ചിലത് നല്ല നിലത്തു വീണു. അവ നൂറും അറുപതും മുപ്പതും മേനി വിളവ്‌ നല്‍കി.”

ദൈവവചനം സ്വീകരിക്കുന്ന നാലു തരക്കാരായ വ്യക്തികളുടെ മാതൃകയാണ് ഈ ഉപമയില്‍ പ്രതിപാദിച്ചിരിക്കുന്ന വിത്തുകള്‍. ഒന്നാമത്തെ തരക്കാര്‍ ദൈവവചനം ശ്രവിച്ചാല്‍ ഉടനെതന്നെ അതിനെ പുച്ഛിച്ചു തള്ളും; രണ്ടാമത്തെ കൂട്ടര്‍ ദൈവവചനം സ്വീകരിക്കുമെങ്കിലും വചനം നിമിത്തം ഞെരുക്കമോ പീഡകളോ ഉണ്ടാകുമ്പോള്‍ അത് പരിത്യജിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടര്‍ മുള്ളുകളുടെ ഇടയില്‍ വീണ വിത്തുപോലെ വചനം സ്വീകരിക്കുമെങ്കിലും പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വിസ്മരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. നാലാമത്തെ കൂട്ടര്‍ ദൈവവചനം സ്വീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്.

ഒരിക്കല്‍ ഈശോനാഥന്‍റെ ദിവ്യഅധരങ്ങളില്‍ നിന്നുമുള്ള വചനം കേട്ട ഒരു സ്ത്രീ ആവേശവതിയായി ഇങ്ങനെ പ്രഘോഷിച്ചു, “നിന്നെ വഹിച്ച ഉദരത്തിനും നിന്നെ കുടിപ്പിച്ച മുലകള്‍ക്കും ഭാഗ്യം.” ഉടനെ ദിവ്യനാഥന്‍ ഇപ്രകാരം അരുളിച്ചെയ്തു. ദൈവത്തിന്‍റെ വചനം കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഭാഗ്യം (ലൂക്കാ: 11: 27-29). പരിശുദ്ധ കന്യയുടെ യഥാര്‍ത്ഥത്തിലുള്ള മഹത്വം അടങ്ങിയിരിക്കുന്നത് എന്തിലാണെന്ന് ഇത് നമ്മെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.

ആയതിനാല്‍ നമുക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പരിശ്രമിക്കാം. എല്ലാ ദിവസവും വി. ഗ്രന്ഥ പാരായണത്തിലൂടെ ദൈവവചനം ശ്രവിക്കാം. ഞായറാഴ്ച ദിവസങ്ങളില്‍ ദിവബലിയില്‍ ദൈവവചനത്തെ ആസ്പദമാക്കി ചെയ്യുന്ന പ്രഭാഷണത്തിലും ശ്രദ്ധാപൂര്‍വ്വം സംബന്ധിക്കുക. ദൈവവചനം ഇരുമുനവാളാണ്. അതു ശ്രവിച്ചു പ്രാവര്‍ത്തികമാക്കുന്നത് രക്ഷാകരമായിരിക്കും. എന്നാല്‍ അതിനെ അവഗണിക്കുന്നവര്‍ക്ക് നാശത്തിനും കാരണമാകും.

സംഭവം

വി.അല്‍ബത്തോസ് ഒരു വൈദിക വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹത്തിന് പരിശുദ്ധ കന്യകയോടു അതിയായ ഭക്തി ഉണ്ടായിരുന്നു. എന്നാല്‍ കുറെക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് പഠനത്തില്‍ വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ഡൊമിനിക്കന്‍ സന്യാസ സഭാംഗമായ അദ്ദേഹം സന്യാസ ജീവിതം പരിത്യജിച്ചു പോകുവാന്‍ തീരുമാനിച്ചു. ഒരു ദിവസം പ.കന്യക അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു. മകനേ, നീ ഈ സന്യാസത്തില്‍ നിലനില്‍ക്കുക. നിനക്ക് സന്യാസ ജീവിതം നയിക്കുന്നതിനുള്ള എല്ലാ അനുഗ്രഹങ്ങളും ഞാന്‍ എന്‍റെ ദിവ്യകുമാരനില്‍ നിന്നും പ്രാപിച്ചു നല്‍കുന്നതാണ്.

വി.അല്‍ബത്തോസ് തത്ഫലമായി സന്യാസ ജീവിതം തുടര്‍ന്നു നയിക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹം പിന്നീട് വലിയ ഒരു മരിയ ഭക്തനായിത്തീര്‍ന്നു. പഠിക്കുവാന്‍ വളരെ വിഷമിച്ചിരുന്ന അദ്ദേഹം അഗാധ പണ്ഡിതനായി. ലോകം ദര്‍ശിച്ചിട്ടുള്ളതിലേക്ക് ഏറ്റം കഴിവു തികഞ്ഞ വി.തോമസ്‌ അക്വിനാസിന്‍റെ ഗുരുഭൂതനാകാനുള്ള ഭാഗധേയവും അദ്ദേഹത്തിന് സിദ്ധിച്ചു. മരിയശാസ്ത്രത്തിന്‍റെ മല്‍പാന്‍ എന്നാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്.

പ്രാര്‍ത്ഥന

മരിയാംബികയേ! അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു.”നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.” എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യ ലോകത്തെ സൃഷ്ടിച്ചു. നാഥേ! ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കേണമേ. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്‍പര്യമില്ലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ഞങ്ങള്‍ മന:സ്തപിക്കുന്നു. ഞങ്ങളുടെ ഭാവി ജീവിതം അങ്ങേ ദിവ്യകുമാരന്‍റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ.

എത്രയും ദയയുള്ള മാതാവേ

ലുത്തീനിയ

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നല്കണമേ

Comments are closed.