വ്യാകുലമാതാവിനോടുള്ള വണക്കം സഭയുടെ പാരമ്പര്യങ്ങളില്‍ ഒന്നാണ്. ജീവിതദു:ഖങ്ങളുടെ നടുവില്‍ നമുക്ക് ആശ്വാസത്തിനായി പരിശുദ്ധ അമ്മയുടെ ചാരെ അണയാം. വ്യാകുലസമുദ്രമായ മറിയത്തിന് നമ്മുടെ ദു:ഖങ്ങളില്‍ ഈശോയില്‍ നിന്ന് ആശ്വാസം വാങ്ങിത്തരാന്‍ പ്രത്യേക മാധ്യസ്ഥശക്തിയുണ്ട്. നമ്മുടെ മനസ്സിലും ശരീരത്തിലും ആത്മാവിലും കൊണ്ട മുറിവുകള്‍ അമ്മയ്ക്ക് മനസ്സിലാവും. കാരണം അമ്മയുടെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് അമ്മയുടെ മുറിപ്പെട്ട ഹൃദയത്തോടുള്ള വണക്കവും ആദരവും പ്രകടിപ്പിച്ചുകൊണ്ട് ആ മുറിവുകളോട് ചേര്‍ന്ന് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.
വ്യാകുലമാതാവേ, അമ്മയുടെ ഹൃദയത്തിലെ മുറിവുകളോട് ചേര്‍ന്നുകൊണ്ട് എന്റെ ജീവിതസങ്കടങ്ങളുടെ ദൂരീകരണത്തിനായി ഞാന്‍ അമ്മയോട് പ്രാര്‍ത്ഥിക്കുന്നു. എന്റെ സങ്കടങ്ങളുടെ മേല്‍ അലിവുതോന്നി എനിക്ക് വേണ്ടി അമ്മ ഈശോയോട് മാധ്യസ്ഥം യാചിക്കണമേ. ഇനി സഹിക്കുവാനാണ് ദൈവതിരുമനസ്സെങ്കില്‍ അവ സന്തോഷപൂര്‍വ്വം സഹിക്കുവാനും എന്നെ സഹായിക്കണമേ. അമ്മയുടെ വിമലഹൃദയത്തില്‍ എന്നെ എപ്പോഴും ചേര്‍ത്തുപിടിക്കണമേ. ആമ്മേന്‍.