നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തെ പരിഹസിക്കുന്നവരായിരിക്കും ചിലരെങ്കിലും. പ്രത്യേകിച്ച് പ്രാര്‍ത്ഥനാജീവിതം നയിച്ചിട്ടും ജീവിതത്തില്‍ തിരിച്ചടികളും മക്കളുടെ വഴിതെറ്റലുകളും സാമ്പത്തികബുദ്ധിമുട്ടുകളും ഒക്കെ പിടിമുറുക്കുമ്പോള്‍. അവന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ലെന്നാണ് അവരുടെ വാദം. സങ്കീര്‍ത്തനകാരന്‍ ഇതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.
ദൈവം അവനെ സഹായിക്കുകയില്ലെന്ന് പലരും എന്നെക്കുറിച്ച് പറയുന്നു. ( സങ്കീ 3:2)
പക്ഷേ, കര്‍ത്താവേ അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്വവും. എന്നെ ശിരസുയര്‍ത്തി നിര്‍ത്തുന്നതും അവിടുന്ന് തന്നെ എന്ന് സങ്കീര്‍ത്തനകാരന്‍ തുടര്‍ന്നുപറയുന്നു. ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു. തന്റെ വിശുദ്ധ പര്‍വതത്തില്‍ നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു എന്ന വിശ്വാസവും ഇവിടെ രേഖപ്പെടുത്തുന്നു.
അതെ സങ്കീര്‍ത്തനകാരന്റെ ഈ വിശ്വാസത്തോട് ചേര്‍ന്ന് നമുക്കും ദൈവത്തെ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കാം.
പ്രത്യേകിച്ച് നിസ്സഹായതകളില്‍.. നിരാശകളില്‍..ജീവിതത്തില്‍ ആരും സഹായിക്കാനില്ലാതെ വരുമ്പോള്‍.. ഒറ്റപ്പെടുത്തുമ്പോള്‍..അവഗണിക്കപ്പെടുമ്പോള്‍.. തെറ്റിദ്ധരിക്കപ്പെടുമ്പോള്‍, നന്മ ചെയ്തിട്ടും തിന്മ കിട്ടുമ്പോള്‍.. സാമ്പത്തികപ്രയാസങ്ങള്‍ നേരിടുമ്പോള്‍, രോഗങ്ങള്‍ പിടികൂടുമ്പോള്‍.. ഉറക്കെ ഉറക്കെ നമുക്ക് ദൈവത്തെ വിളിച്ചപേക്ഷിക്കാം. അവിടുന്ന് സ്വര്‍ഗ്ഗം ചായ്ച്ച് ഇറങ്ങിവരും.