തകര്‍ക്കപ്പെട്ടതും വിഭജിക്കപ്പെട്ടതുമായ കുടുംബങ്ങള്‍ക്കായി ഒരു പ്രാര്‍ത്ഥന

പരസ്പരം മനസ്സിലാക്കാതെ പോകുന്ന ദമ്പതിമാര്‍. അവരുടെ കശപിശകള്‍ക്കിടയില്‍ ബാല്യം നഷ്ടമാകുന്ന കുഞ്ഞുങ്ങള്‍. അവഗണിക്കപ്പെടുന്ന വൃദ്ധമാതാപിതാക്കള്‍. ഭാര്യയുടെ അവിഹിതബന്ധം, ഭര്‍ത്താവിന്റെ മദ്യപാനം., മക്കളുടെ വഴിവിട്ട ജീവിതം.. ഓരോ കുടുംബങ്ങളും അഭിമുഖീകരിക്കുന്നത് വ്യത്യസ്തമായ പ്രശ്‌നങ്ങളാണ്. തകര്‍ക്കപ്പെട്ടതും വിഭജിക്കപ്പെട്ടതുമായ കുടുംബങ്ങള്‍ ആധുനികകാലത്ത് വര്‍ദ്ധിച്ചുവരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് ദൈവത്തിലേക്ക് തിരിയുക മാത്രമേ കരണീയമായിട്ടുള്ളൂ. അവിടുത്തെ കൃപ നമ്മുടെ കുടുംബങ്ങളുടെ നേര്‍ക്ക് തിരിയണം. കൃപാകടാക്ഷം ഉണ്ടാവണം. അതിന് നമുക്ക ചെയ്യാനുള്ളത് ഒന്നുമാത്രമേയുള്ളൂ. ദൈവതിരുസന്നിധിയില്‍ മുട്ടുകുത്തുക. ഇതാ തകര്‍ക്കപ്പെട്ടതും വിഭജിക്കപ്പെട്ടതുമായ കുടുംബങ്ങളുടെ സമാധാനത്തിന് വേണ്ടി മനോഹരമായ ഒരു പ്രാര്‍ത്ഥന.

കുടുംബജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഓരോ ദമ്പതിിമാരും മാതാപിതാക്കളും കുടുംബപ്രശ്‌നങ്ങളാല്‍ വലയുന്നവരുടെ പ്രിയപ്പെട്ടവരും ഈ പ്രാര്‍ത്ഥന എല്ലാ ദിവസവുംചൊല്ലി പ്രാര്‍ത്ഥിക്കുക. ദൈവം കുടുംബങ്ങളുടെ മേല്‍ ഇടപെടും.

ഓ എന്റെ ദൈവമേ എല്ലാ മനുഷ്യരുടെയും പിതാവിയിരിക്കുന്നവനേ അങ്ങാണല്ലോ ഞങ്ങളെ വിളിച്ചുചേര്‍ത്തിരിക്കുന്നത്. നിന്റെ സ്‌നേഹത്തിന്റെ പദ്ധതിയുടെ പൂര്‍ത്തീകരണമാണല്ലോ ഓരോ കുടുംബങ്ങളും.

എന്നാല്‍ നിന്റെ ഹിതത്തിന് വിരുദ്ധമായിട്ടാണ് ഞങ്ങളിപ്പോള്‍ ജീവിച്ചുപോരുന്നത്. അനുരഞ്ജനമില്ലാതെ തകര്‍ക്കപ്പെടുകയും വിഭജിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഞങ്ങള്‍. അപ്പനും മകനും തമ്മില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ അമ്മയും മകളും തമ്മില്‍..കുടുംബത്തിലെ ഓരോ ബന്ധങ്ങളിലും പലതരത്തിലുള്ള ഇടര്‍ച്ചകള്‍ വന്നുകൊണ്ടിരിക്കുന്നു.

ഞങ്ങളുടെ കുടുംബം നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള എല്ലാസാഹചര്യങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. സമാധാനരാജാവായ ദൈവമേ നിന്റെ സമാധാനത്തിന്റെ പതാക ഞങ്ങളുടെ കുടുംബങ്ങളില്‍ പാറിക്കണമേ. ഞങ്ങളുടെ വഴികളെ നിയന്ത്രിക്കുകയും ചിന്തകളെ പവീത്രീകരിക്കുകയം ആലോചനകളെ നേര്‍വഴിക്ക് നയിക്കുകയും ചെയ്യണമേ.

അവിടുത്തെ തിരുവിഷ്ടം മാത്രം ഞങ്ങളുടെ കുടുംബങ്ങളില്‍ നിറവേറപ്പെടട്ടെ. അഹിതകരമായത് പലതും ഞങ്ങളുടെ കുടുംബങ്ങളില്‍ നിന്ന് ഒഴിവായിപ്പോകട്ടെ. അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെന്നതുപോലെ ഭൂമിയിലും നിറവേറപ്പെടട്ടെ, ഞങ്ങളുടെ കുടുംബം സ്വര്‍ഗ്ഗം പോലെയാക്കി മാറ്റണമേ..അവിടെ അങ്ങ് രാജാവായി വാഴണമേ,

ഞങ്ങളുടെ കുടുംബജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ അന്ധകാരശക്തികളെയും വ്യക്തികളെയും അവിടുത്തെ കുരിശിന്‍ചുവട്ടിലേക്ക് ഞങ്ങള്‍ പറഞ്ഞയ്ക്കുന്നു. അവ ഒരിക്കലും ഞങ്ങളുടെ കുടുംബത്തിലേക്ക്തിരികെവരാതിരിക്കട്ടെ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.