==========================================================================
33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക
ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക
==========================================================================
ഒന്നാം ദിവസം
ആദ്യഘട്ടം – ലോകാരൂപിയെ ഉപേക്ഷിക്കുക
താഴെ നൽകിയിരിക്കുന്ന വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക വായനകളും വിചിന്തനവും (ഓരോരുത്തരും തങ്ങളുടെ സമയലഭ്യതയും സാഹചര്യവുമനുസരിച്ച് ഒരുമിച്ചോ വിഭജിച്ചോ വായിക്കുക)
1. ക്രിസ്താനുകരണ വായന
ലോകത്തെ വെറുത്തു ദൈവത്ത സ്നേഹിക്കുന്നത് എത്ര മധുരം!
ശിഷ്യൻ :
കർത്താവെ, വീണ്ടും ഞാൻ അങ്ങയോടു സംസാരിക്കും ; മൗനമായിരിക്കയില്ല. അത്യുന്നതങ്ങളിൽ സ്ഥിതി ചെയ്യുന്ന എന്റെ ദൈവവും കർത്താവും രാജാവുമായ അങ്ങയുടെ ചെവികളിൽ ഞാൻ പറയും.
‘കർത്താവേ, അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങ് സംഗ്രഹിച്ചു വച്ചിരിക്കുന്ന മാധുര്യം എത്രയധികം! എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർക്ക് അങ്ങ് എന്താണ്? പൂർണഹൃദയത്തോടെ അങ്ങയെ സേവിക്കുന്നവർക്കോ?
അങ്ങയെ സ്നേഹിക്കുന്നവർക്ക് അങ്ങ് നൽകുന്ന ദർശന ധ്യാനത്തിന്റെ മാധുര്യം സാക്ഷാൽ അവർണ്ണനീയമാണ്.
എന്നാൽ ഞാൻ വെറും ശൂന്യതയായിരിക്കെ അങ്ങ് എന്നെ സൃഷ്ടിക്കുകയും, ഞാൻ വഴിതെറ്റി അങ്ങിൽ നിന്ന് അകന്നുപോകാനിടയായപ്പോൾ അങ്ങയുടെ സേവനത്തിനു അങ്ങ് എന്നെ തിരിച്ചുകൊണ്ടുവരികയും അങ്ങയെ സ്നേഹിക്കാൻ ആജ്ഞാപിക്കുകയും ചെയ്തതിലാണ് അങ്ങയുടെ സ്നേഹത്തിന്റെ മാധുര്യം അങ്ങ് വിശേഷവിധിയായി പ്രകടമാക്കിയത്.
ഓ, നിത്യസ്നേഹത്തിന്റെ നീരുറവയെ, അങ്ങയെ കുറിച്ച് ഞാനെന്തു പറയാനാണ്.
ഞാൻ അവഹേളിതനായി നശിച്ചശേഷവും എന്നെ ഓർക്കുവാൻ തിരുമനസ്സായ അങ്ങയെ എനിക്കെങ്ങനെ മറക്കാൻ കഴിയും?
ലഭിക്കുമെന്ന് ഒരിക്കലും പ്രേതിക്ഷിക്കാത്ത കൃപ ഈ ദാസനോട് അങ്ങ് പ്രേദർശിപ്പിച്ചു. അർഹിക്കുന്നതിനപ്പുറം സ്നേഹവും അനുഗ്രഹവും അങ്ങ് എനിക്ക് നൽകി.
അങ്ങയുടെ ഈ അനുഗ്രഹത്തിന് പകരം ഞാൻ എന്ത് തരും? സമസ്തവും ത്യജിച്ച്, ലോകത്തെ വെടിഞ്ഞു സന്യാസ ജീവിതം അവലംബിക്കുവാനുള്ള വരം എല്ലാവർക്കും ലഭിക്കുന്നില്ലല്ലോ?
സർവ്വ സൃഷ്ടികളും അങ്ങയെ സേവിക്കുവാൻ കടപ്പെട്ടിരിക്കെ, ഞാൻ അങ്ങയെ സേവിക്കുന്നത് മഹാകാര്യമാണോ?
അങ്ങയെ സ്നേഹിക്കുന്നത് മഹാകാര്യമായി ഞാൻ ഗണിക്കേണ്ടതില്ല. എന്നാൽ, ഇത്ര നീചനും നിന്ദ്യനുമായ ഒരുത്തനെ ദാസനായി സ്വീകരിച്ചു, അങ്ങേ വാത്സല്യ ഭൃത്യരിൽ ഒരാളായി നിയോഗിക്കാൻ തിരുവുള്ളമുണ്ടായത് എത്രയും വിസ്മയാവഹമായ സംഗതി തന്നെയാണ്.
കണ്ടാലും ! എനിക്കുള്ളവയും അങ്ങയുടെ ശുശ്രൂഷക്കു ഞാൻ പ്രയോഗിക്കുന്നവയുമെല്ലാം അങ്ങയുടേതാകുന്നു. എങ്കിലും ഞാൻ അങ്ങയെ സേവിക്കുന്നതിനേക്കാളധികം അങ്ങ് എന്നെ സ്നേഹിക്കുന്നു.
മനുഷ്യന്റെ പ്രയോജനത്തിനായി അങ്ങ് സൃഷ്ടിച്ച ആകാശവും ഭൂമിയും ഇതാ അങ്ങയുടെ ആജ്ഞയെ കാത്തിരുന്നു അങ്ങയുടെ കല്പനകളെല്ലാം ദിനംപ്രതി നിർവഹിക്കുന്നു.
മാത്രമല്ല, മനുഷ്യരുടെ ശുശ്രുഷക്കായി അങ്ങയുടെ ദൂതന്മാരെയും അങ്ങ് നിയോഗിച്ചുതന്നു.
ഇവ എല്ലാറ്റിനെയും അതിശയിക്കുന്നതാണ് : അങ്ങുതന്നെ മനുഷ്യരെ ശുശ്രുഷിക്കുവാൻ തിരുമനസ്സായതും അങ്ങയെ തന്നെ അവനു നൽകാമെന്ന് വാഗ്ദാനം ചെയ്തതും.
ഇത്യാദി അസംഖ്യം വരങ്ങൾക്കുപകരം ഞാൻ അങ്ങേക്കു എന്തുതരും? എന്റെ ആയുഷ്കാലം മുഴുവനും അങ്ങേക്ക് ശുശ്രുഷ ചെയ്യാൻ എനിക്ക് കഴിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു
ഒരു ദിവസമെങ്കിലും അങ്ങേക്കു യോഗ്യമായ ശുശ്രുഷ ചെയ്യാൻ ഞാൻ പ്രാപ്തനായിരുന്നെങ്കിൽ !
അങ്ങ് എല്ലാ ശുശ്രുഷകൾക്കും സമസ്ത ബഹുമാനങ്ങൾക്കും നിത്യസ്തുതിക്കും നിശ്ചയമായും യോഗ്യനാണ്.
വാസ്തവത്തിൽ അങ്ങ് എന്റെ കർത്താവും ഞാൻ അങ്ങയുടെ പാവപ്പെട്ട ഭൃത്യനുമാകുന്നു. ഞാൻ സകല കഴിവുകളോടുംകൂടെ അങ്ങയെ ശിശ്രുഷിക്കാൻ കടപ്പെട്ടവനും അങ്ങയെ സ്തുതിക്കുന്നതിൽ ഒരിക്കലും മടുപ്പു തോന്നാതിരിക്കേണ്ടവനുമാകുന്നു.
ഇതാണ് എന്റെ താത്പര്യം ;ഇതാണ് എന്റെ മനസ്സ്. എന്നിലുള്ള കുറവ് അങ്ങ് പരിഹരിക്കേണമേ.
അങ്ങയെ സേവിക്കുകയും അങ്ങയെപ്രതി സമസ്തവും വെറുത്തുപേക്ഷിക്കുകയും ചെയ്യുന്നത് വലിയ ബഹുമാനവും മഹാ മഹിമയുമാണ്.
എത്രയും പരിശുദ്ധമായ അങ്ങയുടെ ശുശ്രുഷക്ക് തങ്ങളെത്തന്നെ കീഴ്പെടുത്തുന്നവർക്ക് മഹാ ദൈവവരങ്ങൾ ലഭിക്കും.
അങ്ങയോടുള്ള സ്നേഹത്തെപ്രതി സകല ജഡിക സന്തോഷങ്ങളെയും ത്യജിക്കുന്നവർ പരിശുദ്ധാത്മാവിന്റെ ഏറ്റവും മാധുര്യമുള്ള ആശ്വാസം കണ്ടെത്തും.
അങ്ങയുടെ നാമത്തെപ്രതി ഇടുക്കുവഴിയില്കൂടെ ചരിക്കുകയും ലൗകിക ചിന്തകൾ വെടിയുകയും ചെയ്യുന്നവർ വലിയ മനസ്വാതത്ര്യം പ്രാപിക്കും.
ഓ! മനുഷ്യനെ യഥാർത്ഥത്തിൽ സ്വതന്ത്രനും പരിശുദ്ധനുമാക്കുന്ന പ്രിയങ്കരവും മധുരവുമായ ദൈവശുശ്രുഷ !
ഓ! മനുഷ്യരെ മാലാഖാമാർക്ക് സമാനരും ദൈവത്തിന് പ്രിയങ്കരരും പിശാചുകൾക് ഭയങ്കരരും സകല വിശ്വാസികൾക്കും വന്ദ്യരുമാക്കിത്തീർക്കുന്ന സന്യാസദാസ്യത്തിന്റെ വിശുദ്ധസ്ഥിതി !
ഓ! പരമനന്മക്കു യോഗ്യമാക്കിത്തീർക്കുന്നതും അന്ത്യമില്ലാത്ത ആനന്ദം നേടിത്തരുന്നതുമായ എത്രയും അഭിലഷണീയവും അംഗീകാര്യവുമായ ശുശ്രുഷ!
വിചിന്തനം.
ഈശോ തനിക്ക് എന്താണ് ചെയ്തു തന്നിട്ടുള്ളതെന്നും താൻ ഈശോക്ക് എന്തായിരിക്കണമെന്നും അറിയാവുന്ന ക്രിസ്ത്യാനി ഇങ്ങനെ ചെയ്യണം. യാതൊരു ദൈവവരത്തിനും ഞാൻ യോഗ്യനല്ലെന്ന് കരുതുക; ലഭിക്കുന്ന വരങ്ങളോട് സഹകരിക്കുക ;അവിടുത്തെ ശുശ്രുഷയിലുള്ള നമ്മുടെ വിശ്വസ്തതയുടെ മഹത്വമെല്ലാം അവിടുത്തേക്ക് സമർപ്പിക്കുക ;നാം വഴിതെറ്റിപോകുമ്പോൾ നമ്മെ തേടിവന്നു തിരിച്ചടുക്കുന്ന അവിടുത്തെ നന്മക്ക് നന്ദി പറയുക ;അവിടുത്തെ കാരുണ്യത്തിൽ നിന്ന് സമസ്തവും പ്രത്യാശിക്കുക ;അവിടുത്തെ തൃക്കരങ്ങളിൽ പൂർണ്ണമായി നമ്മെ സമർപ്പിക്കുക.
പ്രാർഥിക്കാം.
ദൈവമേ ! മാലാഖമാരെ ശിക്ഷിച്ചതുപോലെ അങ്ങെന്നെ ശിക്ഷിയ്ക്കാതിരിക്കാൻ, അങ്ങയുടെ മുൻപിൽ അഹങ്കരിക്കാൻ എന്നെ അനുവദിക്കരുതേ. മനുഷ്യൻ എന്നെ നിന്ദിക്കുന്നതും അങ്ങ് എന്നെ സ്നേഹിക്കുന്നതുമാണ് ;മനുഷ്യർ എന്നെ അഭിനന്ദിക്കുകയും അങ്ങ് എന്നെ ശാസിക്കുകയും ചെയ്യുന്നതിനെക്കാൾ എനിക്കിഷ്ടം, നന്മയായിട്ടുള്ള സമസ്തവും അങ്ങേക്കു ഞാൻ സമർപ്പിക്കുന്നു. തിന്മകളെല്ലാം അങ്ങേ കാരുണ്യവതിരേകത്താൽ എന്നോട് ക്ഷമിക്കേണമേ. ആമേൻ.
അനുസ്മരണവിഷയം..
ഒരു ദിവസമെങ്കിലും അങ്ങേക്കു യോഗ്യമായ ശുശ്രൂഷ ചെയ്യാൻ ഞാൻ പ്രാപ്തനായിരുന്നെങ്കിൽ!
അഭ്യാസം.
സന്തോഷത്തോടെ ദൈവത്തെ ശുശ്രൂഷിക്കുക ; നീ സമാധാനം കണ്ടെത്തും.
2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.
വചനം മാംസം ധരിക്കുവാന്‍ മറിയത്തെ ദൈവത്തിന് ആവശ്യമായിരുന്നു.
മറിയത്തിലൂടെ മാത്രമാണ് പിതാവായ ദൈവം തന്റെ ഏകജാതനെ ലോകത്തിനു നല്‍കിയത്. ഈ നിധി സ്വീകരിക്കാന്‍ വേണ്ടി 4000 നീണ്ട വര്‍ഷങ്ങള്‍ പൂര്വ്വപിതാക്കന്മാര് നെടുവീര്‍പ്പുകളോടെ കാത്തിരിക്കുകയും പ്രവാചകരും പഴയനിയമത്തിലെ വിശുദ്ധാത്മക്കളും നിരവധി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു. പക്ഷേ, മറിയം അവളുടെ നിശബ്ദമായ പ്രാര്‍ത്ഥനകളുടേയും അത്യുത്കൃഷ്ടങ്ങളായ സുകൃതങ്ങളുടെയും ശക്തിയാല്‍ അതിന് അര്ഹയായുള്ളു. ദൈവതിരുമുമ്പില്‍ കൃപാപൂര്‍ണ്ണയായുള്ളൂ (ലൂക്കാ 1:30).
പിതാവായ ദൈവത്തിന്റെ തൃക്കരങ്ങളില്‍നിന്നു നേരിട്ട് ദൈവപുത്രനെ സ്വീകരിക്കാന്‍ ലോകം അനര്‍ഹമായിരുന്നുവെന്ന് വിശുദ്ധ അഗസ്തീനോസ് പറയുന്നു. അവിടുന്നു സ്വപുത്രനെ മറിയത്തിനു നല്കി; അവളിലൂടെ ലോകം അവനെ സ്വീകരിക്കാന്‍ വേണ്ടി.നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രന് മനുഷ്യനായി. മറിയത്തിലൂടെയും മറിയം വഴിയുമാണ് അത് സംഭവിച്ചത്. പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനെ അവളില്‍ രൂപപ്പെടുത്തി; എന്നാല്‍ തന്റെ സൈന്യവ്യൂഹങ്ങളില്‍ പ്രധാനിയായ ഒരുവന് വഴി അവളുടെ സമ്മതം വാങ്ങിയതിനുശേഷം മാത്രം.
പിതാവായ ദൈവം, ഒരു സൃഷ്ടിക്കു സ്വീകരിക്കാവുന്നിടത്തോളം ഫലസമൃദ്ധി അവളില്‍ നിക്ഷേപിച്ചു. എന്തുകൊണ്ടൊല്‍ തന്റെ തിരുപ്പുത്രനെയും അവിടുത്തെ മൗതികശരീരത്തിലെ എല്ലാ അംഗങ്ങളെയും രൂപപ്പെടുത്തുവാന്‍ വേണ്ട ശക്തി നല്കുവാന് വേണ്ടിയായിരുന്നു അത്.
ദൈവപുത്രന്, അവളുടെ കന്യകോദരത്തില്‍, പുതിയ ആദം ഭൗമിക പറുദീസായില്‍ പ്രവേശിച്ചാല്‍ എന്ന പോലെ ഇറങ്ങിവന്ന് അവിടെ ആനന്ദം കണ്ടെത്തി. അവളില്‍ അവിടുന്നു രഹസ്യമായി കൃപാവരങ്ങളുടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.
മനുഷ്യനായിത്തീര്‍ന്ന ദൈവം മറിയത്തിന്റെ ഉദരത്തില്‍ സ്വയം ബന്ധിയാകുന്നതില്‍ സ്വാതന്ത്ര്യം കണ്ടെത്തി. അവിടുന്നു വിനീതയായ കന്യകയാല്‍ സംവഹിക്കാന്‍ അനുവദിച്ചുകൊണ്ട്, തന്റെ സര്‍വശക്തി പ്രകടമാക്കി. ഭൂമിയിലുള്ള സര്വസൃഷ്ടിജാലങ്ങളില്നിന്നും തന്റെ പ്രതാപം മറച്ചുവച്ച് അത് മറിയത്തിനുമാത്രം വെളിപ്പെടുത്തിക്കൊടുത്തുകൊണ്ട് അവിടുന്ന് തന്റേയും പിതാവിന്റേയും മഹത്വം സാധിച്ചു. തന്റെ ഉദ്ഭവത്തിലും ജനനത്തിലും ദേവാലയത്തിലെ സമര്‍പ്പണത്തിലും മുപ്പതുവര്‍ഷത്തെ രഹസ്യജീവിതത്തിലും തന്റെ മാധുര്യപൂര്ണ്ണയായ കന്യാംബികയെ ആശ്രയിച്ചുജീവിച്ചുകൊണ്ട് അവിടുന്നു തന്റെ സ്വാതന്ത്ര്യത്തെയും പ്രതാപത്തെയും മഹത്വീകരിച്ചു. അബ്രാഹം ദൈവഹിതത്തിന് സമ്മതം മൂളിക്കൊണ്ടു പുത്രനായ ഇസഹാക്കിനെ ബലിചെയ്തതുപോലെ യേശുവിന്റെ മരണവേളയില്‍ മറിയം സന്നിഹിതയായി. അവിടുത്തോടുകൂടി ഒരേ യാഗത്തില്‍ പങ്കുചേര്‍ന്നു. നിത്യപിതാവിന് അവളും പുത്രനോടുകൂടെ ഒരേ ബലിയര്‍പ്പിച്ചു. ഇപ്രകാരം പരിഹാരമനുഷ്ഠിച്ച അവളാണ് അവിടുത്തെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും അവിടുത്തേക്ക് ആലംബമരുളുകയും ഒടുവില്‍ നമുക്കായി ബലിയര്‍പ്പിക്കുകയും ചെയ്തത്.
ഓ! പ്രശംസനീയവും അഗ്രാഹ്യവുമായ ദൈവത്തിന്റെ ആശ്രയഭാവം. യേശുവിന്റെ രഹസ്യജീവിതത്തിലെ മിക്കവാറും എല്ലാം തന്നെ നമ്മില്‍നിന്നും മറച്ചുവച്ച പരിശുദ്ധാത്മാവ് മുകളില്‍ പറഞ്ഞ ആശ്രയഭാവത്തെ സുവിശേഷങ്ങളില്‍ പരാമര്ശിക്കാതിരുന്നില്ല. അവിടുന്നു ചുരുങ്ങിയപക്ഷം വെളിപാടുകള്‍ വഴിയെങ്കിലും അതിന്റെ ഔന്നത്യത്തിന്റെയും അനന്തമായ മഹത്വത്തിന്റെയും കുറച്ചുഭാഗമെങ്കിലും നമ്മെ മനസിലാക്കാം എന്നു കരുതിക്കാണുമെന്നു തോന്നുന്നു. മഹത്തായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഈ ലോകത്തെ മുഴുവനും മാനസാന്തരപ്പെടുത്തിയാല്‍ എന്നതിനേക്കാള്‍ ഉപരിയായ മഹത്വം യേശുക്രിസ്തു മറിയത്തിനു വിധേയനായി മുപ്പതുവര്‍ഷം ജീവിച്ചുകൊണ്ട് പിതാവായ ദൈവത്തിനു നല്കി.അവിടുത്തേ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ ഏകമാതൃകയായ യേശുവിനെപ്പോലെ മറിയത്തിനു നാം സ്വയം വിധേയരാകുമ്പോള്‍, ഓ എത്ര അധികമായി നാം ദൈവത്തെ ‘ മഹത്വപ്പെടുത്തുകയില്ല.
3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.
ലോകാരൂപിയെ നിരാകരിക്കുക ,
പരിപൂർണതയിലേക്കു എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഏറ്റവും വിപ്ലവാത്മകമായ പ്രബോധനങ്ങളിലൊന്ന് എല്ലാ വിശ്വാസികളും വിശുദ്ധരാകാൻ, അഥവാ പൂർണതയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ‘തിരുസഭയിൽ എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. അപ്പോസ്തോലൻ പറയുന്നു. ഇതാണ് ദൈവതിരുമനസ്സ് – നിങ്ങളുടെ വിശുദ്ധീകരണം’ (രണ്ടാം വത്തിക്കാൻ കൗൺസിൽ, ‘തിരുസഭ’)
ഏതു ജീവിതാവസ്ഥയിലുള്ളവരും പരിപൂർണ്ണരാകണം
ഏതു അവസ്ഥയിലും ജീവിതവൃത്തിയിലുള്ള എല്ലാ ക്രൈസ്തവരും ക്രൈസ്തവജീവിതത്തിന്റെ പൂർണതയിലേക്കും സ്നേഹത്തിന്റെ പൂര്‍ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. ( തിരുസഭ 40, മതബോധനഗ്രന്ഥം 2013 )
സന്ന്യാസ – പൗരോഹിത്യ അന്തസ്സിലുള്ളവർക്കോ അസാധാരണ ആധ്യാത്മികനുഭവങ്ങൾ പ്രാപിച്ചവർക്കോ മാത്രമുള്ളതാണ് പരിപൂർണത എന്ന തെറ്റിദ്ധാരണയാണ് ഇതുവഴി നീക്കപ്പെട്ടതു. എല്ലാ ക്രൈസ്തവരുടെയും ജീവിതാന്തസ്സു ഏതുതന്നെ ആയാലും ജീവിതലക്ഷ്യം പരിപൂർണത കൈവരിക്കുകയാണെന്ന് ഈ പ്രബോധനം സ്പഷ്ടമാക്കി. തന്റെ എല്ലാ ശിഷ്യൻമാരെയും അവരുടെ ജീവിതവസ്ഥ പരിഗണിക്കാതെ പരിപൂർണനാകാൻ ഉപദേശിച്ചു. “നിങ്ങളുടെ സ്വർഗ്ഗസ്ഥാനായ പിതാവ് പരിപൂർണനായിരിക്കുന്നപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ” ( മത്തായി 5:48 ). ഇത് സാധ്യമാക്കാനാണ് പരിശുദ്ധാത്മാവിനെ എല്ലാവരിലേക്കും അയച്ചിരിക്കുന്നത് എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കി. “അവിടുന്ന് എല്ലാവരിലേക്കും പരിശുദ്ധാരൂപിയെ അയച്ചത് അവർ ദൈവത്തെ മുഴുഹൃദയത്തൊടും സർവ ശക്തിയോടും പൂർണ്ണ ആത്മാവോടും കൂടെ സ്നേഹിക്കാൻ താൻ അവരെ സ്നേഹിച്ചതുപോലെ അവർ പരസ്പരം സ്നേഹിക്കാനും ആന്തരികമായി അവരെ പ്രേരിപ്പിക്കാൻ വേണ്ടിയാണു” (തിരുസഭ 40)
പരിപൂർണതയിലേക്കെത്തുക: ആത്മീയജീവിതത്തിന്റെ സ്വഭാവം
പൂർണത പ്രാപിക്കുക പ്രകൃതിനിയമമാണ്. പ്രകൃത്യ ജീവൻ നിരന്തരം അഭിവൃദ്ധിപ്പെട്ടുകൊണ്ടാണ് ഇരിക്കുന്നത്. പക്വത പ്രാപിക്കുക, പൂർണതയിലേക്ക് എത്തുക എന്നത് ജീവന്റെ പുതുനിയമം ആണ്. ശാരീരിക ജീവന്റെ കാര്യത്തിൽ മാത്രമല്ല, ആധ്യാത്മക ജീവിതത്തെ സംബന്ധിച്ചും ഇതുതന്നെയാണ് തത്വം. വിശുദ്ധ അഗസ്തീനോസ് പഠിപ്പിക്കുന്നത് “ദൈവത്തിന്റെ പക്കലേക്കുള്ള മാർഗത്തിൽ പുരോഗമിക്കാതിരിക്കുക എന്നുവച്ചാൽ പുറകോട്ട് പോകുകയത്രെ എന്നാണ്. സുകൃതങ്ങൾ അഭ്യസിച്ചുകൊണ്ട് പരിപൂർണതയ്ക്കായി നിരന്തരം പരിശ്രമിക്കുന്നില്ലെങ്കിൽ നമ്മിലേ പഴയ ദുരാശകൾ ശക്തിപ്രാപിച്ചു ആദ്യത്തെതിനെക്കാളും മോശം സ്ഥിതിയിലേക്ക് നാം എത്തിച്ചേരും മാത്രമല്ല, “കൂടുതൽ നൽകപെട്ടവനിൽ നിന്നും ഏറെ അവശ്യപ്പെടും” (ലൂക്ക 12:48) എന്ന മാനദണ്ഡമനുസരിച്ചു, ആധ്യാത്മിക നവീകരണം കൈവന്നവരിൽ നിന്ന് ആനുപാതികമായി വളർച്ച പ്രതീക്ഷിക്കുന്നുമുണ്ട്. പത്തു താലന്തും അഞ്ചു താലന്തും ലഭിച്ച ദാസന്മാർ അതു വർധിപ്പിച്ചതിനാൽ യജമാനന്റെ വൻ പ്രതിസമ്മാനതിനർഹരാവുകയും ഒരു താലന്തു മാത്രം ലഭിച്ചവൻ അത് പ്രയോജനകരമാക്കാതിരുന്നതിനു കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നത് ഇക്കാര്യമാണല്ലോ ഉറപ്പിക്കുന്നത്.
പരിപൂർണതയ്ക്കുവേണ്ടിയുള്ള തീവ്രശ്രമം: അരൂപിയിൽ നിലനില്‍ക്കാനുള്ള വഴി
വിസ്മയകരമായ ദൈവാനുഭവം ധ്യാനത്തിലുടെ ലഭിച്ചവരും ഏതാനും ദിവസം കഴിയുന്നതോടെ ആത്മീയ വരൾച്ച പ്രാപിച്ചു പഴയ സ്ഥിതിയിലേക്ക് തിരിച്ചു പോകാനുള്ള കരണം, എത്തിച്ചേർന്ന ഇടതു തന്നെ നിന്നതിനാലും പുർവോപരി പരിപൂർണതക്കായി ശ്രദ്ധിക്കാതിരിക്കുന്നതിന്നാലും തന്നെയാണ്. പരിശുദ്ധാത്മവു മുൻകൈ എടുത്തു നമ്മിൽ സമാരംഭിച ജീവിത നവീകരണ പ്രക്രിയയിൽ പുരോഗമിക്കുക എന്നത് നമ്മുടെ ഭാഗത്തു നിന്നുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുക്കേണ്ട ഒന്നാണ്. അത് സുഖമമാക്കുന്നതിനു ഏറെ സഹായകമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന 33 ദിവസ മരിയപ്രതിഷ്ഠ.
നാം എത്തിച്ചേരേണ്ട പരിപൂർണതയുടെ തോത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ പരിപൂർണതയാണ് എന്ന് മത്തായി 5:48-ൽ പറയുന്ന തിരുവചനം. അതിനാൽ നാം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന അദ്ധ്യാതമിക നിലവാരത്തിൽ നിന്ന് ഇനിയും വളരെ പുരോഗമിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാന മാനസാന്തരം ഉളവാക്കിയ പരിശുദ്ധാത്മാവു തന്നെ പൂർണതയിലേക്ക് നമ്മെ എത്തിക്കും.
ക്രിസ്തിയ പരിപൂർണതയുടെ അന്തസത്ത: ആത്മീയ പരിവർത്തനം
പെട്ടന്ന് അത്ഭുതങ്ങൾ നടക്കുന്നതിനാൽ അത്യാകർഷകമായി തോന്നുന്ന ഭക്തനുഷ്ടനങ്ങളുടെ നിർവഹണമോ ചില പ്രത്യേക പ്രാർത്ഥനകളുടെ നിർദിഷ്ട രീതിയിലുള്ള ആവർത്തനമോ കാലാകാലങ്ങളിൽ ജനപ്രിതി നേടാരുള്ള ധ്യാനങ്ങളിലെ പങ്കാളിത്തമോ പ്രാർത്ഥനാജീവിതത്തിൽ ഉണ്ടാകുന്ന ആത്മീയാനുഭുതികൾ പോലുമോ അല്ല യഥാർത്ഥ ക്രിസ്തിയ ആധ്യാത്മികതയുടെ മാനദണ്ഡം.
പരിപൂർണതയ്ക്കുളള മാർഗ്ഗം ദൈവോന്മുഖക ജീവിതം.
യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു, സഹോദരരെ ഞാൻ തന്നെ ഇനിയും ഇത് സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാൽ ഒരു കാര്യം ഞാൻ ചെയ്യുന്നു എന്റെ പിന്നിലുള്ളവ വിസ്മരിച്ചിട്ട് മുമ്പിലുള്ളവ ലക്ഷ്യമാക്കി ഞാൻ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനു വേണ്ടി ഞാൻ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു. അതിനാൽ നമ്മിൽ പൂർണ്ണത പ്രാപിച്ചവർ ഇങ്ങനെ തന്നെ ആഗ്രഹിക്കട്ടെ ” ( ഫിലിപ്പി-12:15) ഈ വചനത്തിൽ പരിപൂർണ്ണതയുടെ മാർഗം വിശുദ്ധ, പൗലോസ് പറഞ്ഞു തരുന്നുണ്ട്: പിന്നിലുള്ളവ വിസ്മരിച്ചിട്ട് മുമ്പിലുള്ളവ ലക്ഷ്യമാക്കി മുന്നേറുക. ഭൗതിക നേട്ടങ്ങൾക്കും, സന്തോഷങ്ങൾക്കും മുൻഗണന നല്‍കിയിരുന്ന ജീവിത ശൈലി ഉപേക്ഷിച്ച് ദൈവത്തേയും സ്വർഗത്തേയും ലക്ഷ്യമാക്കിയുള്ള ജീവിതക്രമം രൂപപെടുത്തിയെടുക്കണം. ശരീരത്തിന്റെ ആവിശ്യങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തിയിരുന്ന സ്ഥാനത്ത് ആത്മാവിന്റെ പരിപോഷണത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കണം. ലോകത്തെ അഭിമുഖീക്കരിക്കുന്ന പ്രലോഭനത്താൽ കീഴ്പ്പെടുത്തപെട്ടിരുന്ന സ്ഥാനത്ത് യേശുവിനെ അനുകരിക്കുന്നതിനുള്ള ആവേശത്തിലേക്കു വളരണം. ജീവിതവ്യഗ്രതയിലും പ്രവർത്തനതിരക്കിലും, സമയം മുഴുവൻ വ്യായം ചെയ്തിരിക്കുന്നത് തിരുത്തി പ്രാർത്ഥനയ്ക്കും പ്രേക്ഷിത പ്രവർത്തനത്തിനുമായി വിലയേറിയ സമയം മാറ്റി വയ്ക്കണം. ഭൂമിയിൽ നിക്ഷേപം കൂട്ടാനുള്ള വ്യഗ്രത തിരുത്തി സ്വർഗത്തിൽ നിക്ഷേപമുണ്ടാക്കുന്ന പരസ്നേഹ പ്രവർത്തനങ്ങളിൽ മുഴുകണം. സ്വന്തം കുടുംബകാര്യങ്ങളിലേക്കു ചുരുങ്ങി ജീവിക്കുന്നതിനു പകരം തിരുസഭയുടെ ആവശ്യങ്ങൾ സ്വന്തം ആവശ്യമായിക്കരുതി പ്രവർത്തിക്കണം.
ചുരുക്കത്തിൽ ക്രിസ്തുവിന് അനുരൂപപ്പെടുക എന്നതാണ് പരിപൂർണത പ്രാപിക്കുക എന്നതിനർഥം “നമ്മുടെ പൂർണത മുഴുവൻ, യേശുക്രിസ്തുവുമായുള്ള അനുരൂപണം, ഐക്യം, അവിടത്തേക്കുള്ള സമർപ്പണം എന്നിവയിൽ അടങ്ങിയിരിക്കുന്നു” എന്ന് വിശുദ്ധ ,ലൂയിസ് ഡി മോൺഫോർട്ട് പഠിപ്പിക്കുന്നു “അവനിൽ സർവസംപൂർണതയും നിവസിക്കണമെന്ന് ദൈവം തിരുമനസ്സായി” (കൊളോ- 1,19) എന്ന് വചനം പറയുന്നു.
കന്യകാമറിയം, പരിപൂർണ്ണതയുടെ വഴിക്കാട്ടി.
“””””””””””””””””””””””””””””””””””””””
പരിശുദ്ധ കന്യകാമറിയമാണ്, ഇക്കാര്യത്തിൽ നമ്മുക്ക് ഏറ്റവും വലിയ സഹായം. യേശുവിന് അനുരൂപപെടേണ്ടത് എങ്ങനെയെന്നും ,എത്ര മാത്രമെന്നും അവൾക്കറിയാവുന്നതു പോലെ മറ്റാർക്കും അറിയുകയില്ല. ക്രിസ്തുവിൽ നാം അനുരൂപപ്പെടുന്നതിൽ പരിശുദ്ധ മറിയത്തിനുള്ള പങ്കിനെപ്പറ്റി വിശുദ്ധ ലൂയിസ്, ഡി മോൺ ഫോർട്ട് പറയുന്നത് ഇപ്രകാരമാണ്: സൃഷ്ട്ടികളിൽ യേശുക്രിസ്തുവുമായി ഏറ്റവും കൂടുതൽ അനുരൂപയായവളാണ് മറിയം. അതു കൊണ്ട് ഒരു വ്യകതിയെ യേശുക്രിസ്തുവുമായി അനുരൂപപെടുത്തുകയും യേശുവിനെ സമർപ്പിക്കുവാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഭക്തകൃത്യം മറിയത്തോടുള്ള ഭക്തിയാണ് യഥാർത്ഥ മരിയഭക്തി.
ക്രിസ്തുവുമായി നമ്മെ അനുരൂപപെടുത്തന്നതിനുള്ള പരിശുദ്ധ മറിയത്തിന്റെ പങ്ക് വ്യക്തമാക്കാനായി വിശുദ്ധ, അഗസ്റ്റിൻ ഒരു പിടകൂടി കടന്നു പറയുകയാണ്: തിരഞ്ഞെടുക്കപെട്ടവർ മനുഷ്യപുത്രനോട് അനുരൂപരാകേണ്ടതിന്, ഈ ലോകത്തിൽ ആയിരിക്കുമ്പോൾ അവർ മറിയത്തിന്റെ ഉദരത്തിൽ സൂക്ഷിക്കപ്പെടുന്നു. അവർ സംരക്ഷണവും സഹായവും ,പോഷണവും ഈ നല്ല മാതാവിൽ നിന്നും സ്വീകരിച്ച് അവിടെ വളരുന്നു. നീതിമാൻമാരുടെ ജന്മദിനമെന്ന് സഭ വിശേഷിപ്പിക്കുന്ന മരണം വരെ അവൾ അവരെ സംരക്ഷിച്ചു മഹത്വത്തിലേക്കാനയിക്കും.
ബൈബിൾ വായന
“””””””””””””””””””””””””””””””””””
ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കയറി .അവൻ ഇരുന്നപ്പോൾ ശിഷ്യൻമാർ അടുത്തെത്തി, അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി, ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാന്മാർ, അവർ ഭൂമി അവകാശമാക്കും, നീതിക്കുവേണ്ടി വിശക്കുകയും, ദാഹിക്കുകയും, ചെയ്യുന്നവൻ ഭാഗ്യവാന്മാർ അവർക്ക് സംതൃപ്തി ലഭിക്കും.കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്ക് കരുണ ലഭിക്കും.ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവൻ ഭാഗ്യവാന്മാർ അവർ ദൈവപുത്രന്മാരെന്ന് വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഠന മേൽക്കുന്നവൻ ഭാഗ്യവാന്മാർ സ്വർഗരാജ്യം അവരുടേതാണ്. എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും, പീഠിപ്പിക്കുക്കയും, എല്ലാ വിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ ,നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ, സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന പ്രവാചകൻമാരേയും, അവർ ഇപ്രകാരം പീഠിപ്പിച്ചിട്ടുണ്ട്, (മത്തായി,5′ 1- 12) നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉപ്പിനെ എങ്ങനെ വീണ്ടും ഉറക്കൂട്ടും, നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്.(മത്തായി,5-13,14) സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ പ്രമാണങ്ങളിൽ ഏറ്റവും നിസാരമായ ഒന്ന് ലംഘിക്കുകയോ, ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും.എന്നാൽ അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വിലയനെന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി നീയമജ്ഞരുടേയും ,ഫരിസേയരുടേയും, നീതിയേ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ, പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു.(മത്തായി 5,18-20)
===========================================================================
വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനയും അനുബന്ധ വായനകളും ഓഡിയോ രൂപത്തിൽ കേൾക്കുവാൻ ഈ ലിങ്ക് ഉപയോഗിക്കുക
=========================================================================
ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .
✝️MARlAN MINISTRY, MARIAN EUCHARISTIC MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️