‘അപമാനകരം, വേദനാജനകം, ലജ്ജാവഹം അടുത്തകാലത്തൊന്നും ഇത്രയും വേദനാജനകവും വിശ്വാസിയെന്ന നിലയില്‍ അപമാനകരവുമായ ഒരു കാഴ്ച കണ്ടിട്ടില്ല’. ഒരു സുഹൃത്ത് പറഞ്ഞതാണ് ഈ വാക്കുകള്‍. ഇതെല്ലാം സംഭവിച്ചത് നമ്മുടെ കേരളത്തില്‍ തന്നെയാണോ എന്ന് സംശയവും തോന്നി. അദ്ദേഹം പറഞ്ഞു.
ഈ സുഹൃത്തിന് സമാനമായ രീതിയിലാണ് കഴിഞ്ഞദിവസം കേരളത്തിലെ ഭൂരിപക്ഷം ക്രൈസ്തവരും ചിന്തിക്കുകയും സംഭവങ്ങളെ വിലയിരുത്തുകയും ചെയ്തത്. കത്തോലിക്കരെന്നോ സീറോ മലബാര്‍ വിശ്വാസികളെന്നോ ക്രൈസ്തവരെന്നോ പോലുംഅതിന് ഭേദമുണ്ടായിരുന്നില്ല. മറിച്ച് മനുഷ്യത്വമുള്ള, ദൈവവിശ്വാസികളായ ഏതൊരാളെയും വേദനിപ്പിക്കുന്നതായിരുന്നു ആ ദൃശ്യങ്ങള്‍.
പറഞ്ഞുവരുന്നത് മറ്റൊന്നിനെയും കുറിച്ചല്ല സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കുന്നതുമായി ബന്ധപ്പെട്ടു പ്രസന്നപുരം ദേവാലയത്തിലെ അള്‍ത്താരയില്‍ നടന്ന സംഘര്‍ഷവും അവിടെ കണ്ട അഭ്യാസപ്രകടനങ്ങളെയും കുറിച്ചാണ്. ഈ ബഹളം വച്ചവരെല്ലാം കത്തോലിക്കാ വിശ്വാസികളായിരുന്നോ… ആണ് എങ്കില്‍ ഒരു കത്തോലിക്കാ വിശ്വാസിക്ക് ഇങ്ങനെയെങ്ങനെ പ്രതികരിക്കാന്‍ കഴിയും? പരിശുദ്ധമായ അള്‍ത്താരയില്‍ കയറി അവര്‍കാട്ടിക്കൂട്ടിയതെല്ലാം നിസ്സാരമായിരുന്നോ..ആക്രോശങ്ങളുടെ സ്വഭാവം എന്തായിരുന്നു. കഷ്ടം!
സഭയുടെ പ്രബോധനങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുകയും വിധേയപ്പെടുകയും ചെയ്യുക എന്നതാണ് പരമ്പരാഗത രീതി. കാരണം അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠം എന്നാണ് തിരുമൊഴി. ഒരുപക്ഷേ ഇന്നത്തെ കാലത്ത് ഇതെഴുതുമ്പോള്‍ അത് പഴഞ്ചന്‍ കാഴ്ചപ്പാടാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടേക്കാം. വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതല്‍ അവസരങ്ങളും അഭിപ്രായപ്രകടനത്തിന് കൂടുതല്‍ സാധ്യതകളും ഉള്ളകാലഘട്ടമാണല്ലോ ഇത് ഇന്ത്യയെ പോലെയുള്ള ഒരു ജനാധിപത്യരാജ്യത്ത് പ്രതികരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഈ പ്രതികരണം ഇങ്ങനെയാണോ വേണ്ടത് ഇങ്ങനെയാണോ വിയോജിപ്പുകള്‍ പ്രകടിപ്പിക്കേണ്ടത്?
മേലധികാരികളെ അനുസരിക്കുന്നില്ല എന്ന് മാത്രമല്ല അവരെ അപമാനിക്കാനും അവഹേളിക്കാനും ശ്രമിക്കുന്നവര്‍ എവിടേയ്ക്ക് നോക്കി ബലിയര്‍പ്പിച്ചാലും ആ ബലിയില്‍ ദൈവം പ്രസാദിക്കുമോ? മറ്റുള്ളവര്‍ക്കു കൂടി ഒതപ്പിന് കാരണക്കാരാകുന്ന ഇക്കൂട്ടരുടെ വാക്കുകളെ ആരാണ് അനുസരിക്കുന്നത്? നാളെ ഇക്കൂട്ടരെ സമൂഹവും വിശ്വാസികളും എങ്ങനെയായിരിക്കും വിലയിരുത്തുന്നത്? സഭാധ്യക്ഷനെ നിസ്സാരനാക്കി പടച്ചുവിടുന്ന കലാപങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇത്. നാളെ നിങ്ങള്‍ പറയുന്ന വാക്കുകളെ എത്രപേര്‍ അനുസരിക്കും? മറ്റുള്ളവരെ അനുസരിക്കാത്തവരെ, മറ്റാരും അനുസരിക്കുകയില്ല. കൊടുത്തത് തിരികെ കിട്ടും എന്നത് പാരമ്പര്യമല്ല ശാസ്ത്രം കൂടിയാണ്. മറക്കരുത്.
സഭയിലെ ഐക്യം തകര്‍ക്കാനുളള വിഘടനവാദികളെ ഒറ്റക്കെട്ടായി നിന്ന് എതിര്‍ത്തുതോല്പിക്കുകയാണ് സഭാവിശ്വാസികള്‍ ചെയ്യേണ്ടത്. മറ്റ് ക്രൈസ്തവസഭാവിഭാഗങ്ങളെ അനൈക്യത്തിന്റെ പേരില്‍ പരിഹസിച്ചവരായിരുന്നു നമ്മളെങ്കില്‍ ഇന്ന് അവരെയും തോല്പിക്കുന്നവിധത്തിലാണ് നാം മു്‌ന്നോട്ടുപോകുന്നത്. ഇതെല്ലാം കണ്ട് കരയുന്ന ഒരാള്‍ ഉണ്ട്. നമ്മുടെ കര്‍ത്താവ്. അതു മറക്കരുത്.
പ്രസന്നപുരത്തെ പ്രതികരണങ്ങള്‍ എന്തിന് വേണ്ടിയായിരുന്നു. ആര്‍ക്കുവേണ്ടിയായിരുന്നു, ആരായിരുന്നു ഇതെല്ലാം ആസൂത്രണം ചെയ്തത്? ഒരുപാട് സംശയങ്ങള്‍ ബാക്കിനില്ക്കുന്നുണ്ട്. കൃത്യസമയത്ത് ചാനലുകാരുടെ കടന്നുവരവും ലൈവ് സംപ്രേഷണവും തന്നെ ഇത്തരമൊരു പ്രതികരണം ആസൂത്രിതവും സംഘടിതവുമാണെന്ന വ്യക്തമായ സൂചന നല്കുന്നുണ്ട്. ഇവിടെ അപഹാസ്യമാകുന്നത് ആരാണ്.. ഇത്തരം വേണ്ടാതീനങ്ങള്‍ ചെയ്തവര്‍ തന്നെ.
സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരുടെ കൈയടികള്‍ കിട്ടും എന്നതൊഴിച്ചാല്‍ സഭാസ്‌നേഹികളും ക്രിസ്തുവിശ്വാസികളുമായ ഒരാളും ഇക്കൂട്ടരെയോ ഇവരെ ഇതിനായി പ്രേരിപ്പിച്ച് അയച്ചവരെയോ പിന്തുണയ്ക്കുകയില്ല.
എന്തായാലും ഒരു കാര്യം ഉറപ്പ് പ്രസന്നപുരത്ത് നടന്നത് സഭാസ്‌നേഹമോ ക്രിസ്തുസ്‌നേഹമോ അല്ല. ആരാധനാരീതികളോടുള്ള എതിര്‍പ്പുമല്ല. അവിടെ നടന്നത് ആഭാസത്തരമാണ് ഗുണ്ടായിസമാണ്, ആസൂത്രിതമായ സംഘര്‍ഷമാണ്.
ദുഷ്ടന്റെയും ശിഷ്ടന്റെയും മേല്‍ മഴ പെയ്യിക്കുന്ന ദൈവത്തോട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം. പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന്ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ.