ചില പരാജയങ്ങളുടെ മുമ്പില്‍ ദുര്ബലരായിപ്പോയവരാകാം നമ്മള്. നേരിടേണ്ടിവരുന്ന ചില വെല്ലുവിളികള്‍ക്കു മുമ്പില്‍ പരാജയപ്പെട്ടുപോയവരും. ഇനിയും ചില പരാജയമുണ്ടാകുമോയെന്ന ഭയം നമ്മുടെ ഉള്ളിലുണ്ടാവാം. മനസ്സ് തളരുമ്പോള്‍ ശരീരവും തളരുന്നത് സ്വഭാവികമാണ്. നമ്മുടെ മനസ്സും ശരീരവും ഒന്നുപോലെ തളരുമ്പോള്‍ നാം നിഷ്ക്രിയരായിപോകും.
അപ്പോഴെല്ലാം നമുക്ക് ആശ്രയിക്കാവുന്നത് ദൈവത്തിന്റെ മാറ്റമില്ലാത്ത വാക്കുകളിലാണ്, വചനത്തിലാണ്. നമ്മുടെ ബലഹീനതയും ദൗര്‍ബല്യവും ദൈവത്തിന് അറിയാം, ദൈവം നമ്മെ ശക്തിപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുമെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം. അതിന് ശക്തി നല്‍കുന്നതാണ് താഴെകൊടുത്തിരിക്കുന്ന തിരുവചനങ്ങള്‍.
ഈ വചനങ്ങള്‍ ആവര്‍ത്തിച്ചുപറഞ്ഞ് നമുക്ക് ആത്മാവില്‍ ശക്തരാകാം..
തളർന്നവന് അവിടുന്നു ബലം നൽകുന്നു ;ദുർബലനു ശക്തിപകരുകയും ചെയ്യുന്നു.യുവാക്കൾ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം;ചെറുപ്പക്കാർ ശക്തിയറ്റു വീഴാം . എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും;അവർ കഴുകന്മാരെപോലെ ചിറകടിച്ചുയരും.അവർ ഓടിയാലും ക്ഷീണിക്കുകയില്ല;നടന്നാൽ തളരുകയുമില്ല.
(ഏശയ്യാ 40 :29 -31 )
അവരുടെ മുൻപിലെ അന്ധകാരത്തെ ഞാൻ പ്രകാശമാക്കുകയും ദുർഘട ദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും.ഇവയെല്ലാം ഞാൻ അവർക്കു ചെയ്തു കൊടുക്കും;അവരെ ഉപേക്ഷിക്കുകയില്ല (ഏശയ്യാ 42 :16 )