ക്രാക്കോവ്: യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മുന്‍വസതി തുറന്നുകൊടുത്തു. ക്രാക്കോവ് ആര്‍ച്ച് ബിഷപ്പായിരുന്ന സമയം ജോണ്‍പോള്‍ താമസിച്ചിരുന്നത് ഇവിടെയായിരുന്നു.
1958 മുതല്‍ 1978 വരെയായിരുന്നു ജോണ്‍ പോള്‍ ക്രാക്കോവിന്റെ ആര്‍ച്ച് ബിഷപ്പായിരുന്നത്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 1979 ല്‍ അദ്ദേഹം അവിടെ തിരികെയെത്തുകയും ജനാലയ്ക്കരികില്‍ നിന്ന് യുവജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് ഈ ജനാല പേപ്പല്‍ വിന്‍ഡോ എന്നാണ് അറിയപ്പെടുന്നത്.. 2002 ലെ തന്റെ ഒമ്പതാമത്തേതും അവസാനത്തേതുമായ ജന്മനാട്ടിലേക്കുള്ള യാത്രയിലും ഈ ജനാലയ്ക്കല്‍ നിന്ന് പാപ്പ സംസാരിച്ചിരുന്നു.
2016 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇവിടെ നിന്ന് യുവജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു. പതിനാലാം നൂറ്റാണ്ടുമുതല്‍ ക്രാക്കോവിനെ മെത്രാന്മാരുടെ താമസമന്ദിരമാണ് ഇത്.
മാര്‍ച്ച് എട്ടുവരെയുള്ള തീയതിക്കുള്ളില്‍ 2.1 മില്യന്‍ ആളുകളാണ് യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തിരിക്കുന്നത്. ഇതില്‍ 1.3 മില്യന്‍ ആളുകളും പോളണ്ടിലേക്കാണ് അഭയാര്‍ത്ഥികളായി എത്തിയിരിക്കുന്നത്. തീര്‍ത്ഥാടനകേന്ദ്രങ്ങളിലും റെക്ടറികളിലും സന്യസ്തഭവനങ്ങളിലും പള്ളിക്കെട്ടിടങ്ങളിലുമായിട്ടാണ് ഇവര്‍ അന്തിയുറങ്ങുന്നത്.