വത്തിക്കാന്‍ സിറ്റി: 2022 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന ആദ്യ അന്താരാഷ്ട്ര പര്യടനത്തിന്റെ വിശദവിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലായി നടത്തുന്ന മാള്‍ട്ട സന്ദര്‍ശനത്തിന്റെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. കാറ്റമരനിലായിരിക്കും പാപ്പ ഈ ഐലന്റുകള്‍ സന്ദര്‍ശിക്കുന്നത്.
ഏപ്രില്‍ രണ്ടിന് രാവിലെ റോം വിമാനത്താവളത്തില്‍ നിന്നാണ് പാപ്പയുടെ യാത്ര ആരംഭിക്കുന്നത്. മാള്‍ട്ട പ്രസിഡന്റും പ്രധാനമന്ത്രിയും ചേര്‍ന്ന് മാര്‍പാപ്പയെ സ്വീകരിക്കും. രണ്ടാം ദിവസം റാബാത്തിലുള്ള സെന്റ് പോള്‍ ഗ്രോട്ടയില്‍ പ്രാര്‍ത്ഥിക്കുകയും ഈശോസഭ വൈദികരെയും സെമിനാരിവിദ്യാര്‍ത്ഥികളെയും കണ്ടുമുട്ടുകയും ചെയ്യും. എഡി 60 ല്‍ പൗലോസ് അപ്പസ്തോലന് ഈ ഗ്രോട്ടോയില്‍ താമസിച്ചിട്ടുണ്ട് എന്നാണ് പരമ്പരാഗത വിശ്വാസം. അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 28: 2 ആണ് പാപ്പായുടെ മാള്‍ട്ട സന്ദര്‍ശനത്തിന്റെ മുദ്രാവാക്യം. കത്തോലിക്കാവിശ്വാസം സ്റ്റേറ്റിന്റെ വിശ്വാസമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യമാണ് മാ്ള്ട്ട.
2020 മെയ് 31 ന് സന്ദര്‍ശിക്കാനായിരുന്നു ആദ്യ തീരുമാനം.പക്ഷേ കോവിഡ് സാഹചര്യങ്ങള്‍ പ്രതികൂലമായപ്പോള്‍ പര്യടനം മാറ്റിവയ്ക്കുകയായിരുന്നു.
സമാന്തരമായ രണ്ടു ബോട്ടുകള്‍ ചേര്‍ത്തുകൊണ്ടുള്ള ഒരു യാനമാണ് കാറ്റമരന്‍. ബോട്ടുയാത്രയെക്കാള് സുഖകരമാണ് കാറ്റമരനിലുള്ള യാത്ര. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 1990 ല്‍ മാള്‍ട്ട സന്ദര്‍ശിച്ചപ്പോഴും കാറ്റമരനിലായിരുന്നു യാത്ര.