എറണാകുളം: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏറെനാളായി നിലനിന്നിരുന്ന പ്രതിസന്ധികളെ സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്തിമ വിധി തീര്‍പ്പ് സഭാംഗങ്ങളെല്ലാവരും ഒരേ മനസ്സോടെ സ്വീകരിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ കൂട്ടായ്മ അഭംഗുരം നിലനിര്‍ത്താന്‍ എല്ലാവരും ഒരേ മനസ്സോടെ പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം- അങ്കമാലി അതിരൂപതയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വിവിധ തലങ്ങളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുളള പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സഹായമെത്രാന്മാരായിരുന്ന മാര്‍സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് സീറോമ ലബാര്‍ സഭാ സിനഡ് തീരുമാനം എടുക്കണമെന്നും അടുത്ത സിനഡ് കൂടുന്ന ഓഗസ്റ്റ് മാസം വരെ അതിരൂപതയുടെ ഭരണനിര്‍വഹണത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി സഭയുടെ സ്ഥിരം സിനഡിനോട് ആലോചന നടത്തണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടേതായ തീരുമാനങ്ങളായി പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.