ലോകത്ത് തിന്മ പെരുകുമ്പോള്‍ ദൈവത്തെ കുറ്റം പറയാതെ മാനസാന്തരപ്പെടുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്ത് തിന്മ പെരുകുമ്പോള്‍ ദൈവത്തെ കുറ്റം പറയാതെ ഉളളിലേക്ക് നോക്കുകയും മാനസാന്തരപ്പെടുകയുമാണ് ചെയ്യേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗോപുരം തകര്‍ന്നുവീണ് പതിനെട്ടുപേര്‍ കൊല്ലപ്പെട്ട ബൈബിള്‍സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പാപ്പായുടെ വചനവ്യാഖ്യാനം.

കുറ്റകൃത്യവാര്‍ത്തകള്‍ വര്‍ദ്ധിക്കുമ്പോള്‍, ദാരുണമായ വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ നാം പലരും ചോദിക്കാറുണ്ട് ഈ സംഭവങ്ങള്‍ക്കെല്ലാം ആരാണ് ഉത്തരവാദികള്‍. ദൈവമായിരിക്കുമോ.. ഇത് ദൈവത്തിന്റെ ശിക്ഷയായിരിക്കുമോ, നമ്മുടെ പാപങ്ങള്‍ക്ക് നമ്മെ ശിക്ഷിക്കാന്‍ യുദ്ധവും മഹാമാരിയും അയ്ക്കുന്നത് അവിടുന്നാണോ..

എന്തുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളില്‍ ദൈവം ഇടപെടാത്തത്? ഇത്തരം ചോദ്യങ്ങളും സംശയങ്ങളും ദൈവദൂഷണത്തിന്റെ തുടക്കമാണ്. വിശദീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക് എളുപ്പമുള്ള ഉത്തരം കണ്ടെത്താന്‍ നമ്മള്‍ ദൈവത്തെ പഴിക്കുന്നു. ദൈവദൂഷണം എന്ന മ്ലേച്ഛമായ ശീലം രൂപപ്പെട്ടുതുടങ്ങുന്നത് ഇവിടെ നിന്നാണ്.

നമ്മുടെ വ്യക്തിപരമായ ദുരനുഭവങ്ങള്‍ക്കും ലോകത്തിന്റെ ദുരന്തങ്ങള്‍ക്കും എല്ലാം നാം ദൈവത്തെ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ദൈവമാകട്ടെ നമ്മെ എപ്പോഴും സ്വതന്ത്രരായി വിടുകയാണ് ചെയ്യുന്നത്. കാരുണ്യമില്ലാത്തവനും പ്രതികാരബുദ്ധിയുള്ളവനുമായ ഒരു ദൈവം ഇല്ല. ദൈവത്തില്‍ നിന്ന് ഒരിക്കലും തിന്മ പുറപ്പെടുകയില്ല.

കാരുണ്യമാണ് ദൈവത്തിന്റെ ശൈലി. അവിടുന്ന് എപ്പോഴും നമ്മോട് കരുണയോടെ പെരുമാറുന്നു. ദൈവത്തെ കുറ്റപ്പെടുത്തുന്നതിന് പകരം നാം നമ്മുടെ ഉള്ളിലേക്ക് നോക്കണം. നമ്മുടെ തെറ്റായ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളുമാണ് തിന്മയ്ക്ക് കാരണമാകുന്നത്. ഹൃദയപരിവര്‍ത്തനം കൊണ്ട് മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാകൂ. പാപ്പ പറഞ്ഞു.

ഞായറാഴ്ചയിലെ ത്രികാലജപ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.