കൊച്ചി : മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തെ തടസപ്പെടുത്താനുള്ള സഭാവിരുദ്ധരുടെ ദുരൂഹനീക്കമാണ് കോലം കത്തിക്കലിന് പിന്നിലുള്ളതെന്ന് അല്മായ ഫോറം. കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപതയിലെ അജപാലന കേന്ദ്രത്തിന് മുന്നിൽ ലോകം മുഴുവൻ ആദരിക്കുന്ന റോമിലെ മാർപാപ്പയുടെ പ്രതിനിധി പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയൊണാര്‍ദോ സാന്ദ്രിയുടെയും,സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും കോലങ്ങൾ കത്തിച്ച നടപടി കത്തോലിക്കാ സഭയോടുള്ള പരസ്യമായ അവഹേളനമാണെന്നും സീറോ മലബാർ സഭ അൽമായ ഫോറം അഭിപ്രായപ്പെട്ടു.
എറണാകുളത്ത് ഏകീകൃത കുർബാനക്ക് വേണ്ടി സംയുക്ത സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സംസാരിക്കവെ സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. പരിശുദ്ധ മാർപാപ്പയുടെ ആസന്നമായ ഭാരത സന്ദർശനത്തെ തടസ്സപ്പെടുത്താനുള്ള എറണാകുളം കേന്ദ്രീകരിച്ചുള്ള ചില സഭാ വിരുദ്ധരുടെ ദുരൂഹ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നു.
പൊതുജനമധ്യത്തില്‍ സഭയെയും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തേയും നിന്ദിച്ച വ്യക്തികൾക്കെതിരെ കേരള സർക്കാർ നിയമനടപടികളിലൂടെ സ്വമേധയാ കേസെടുത്ത് അന്വേഷിക്കണം.ഇതിന്റെ പിന്നിലുള്ള നിഗൂഢ ശക്തികളെ നിയമസംവിധാനത്തിനു മുൻപിൽ കൊണ്ടുവരണം.എറണാകുളം പോലുള്ള വലിയ മെട്രോപൊളിറ്റൻ നഗരഹൃദയത്തിലുണ്ടായ ഇത്തരം കുറ്റകൃത്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിതാന്ത ജാഗ്രതയും,കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലും ഉടൻ ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.
ഇത്തരം പ്രതിഷേധങ്ങൾ മുഴുവൻ കത്തോലിക്കാ വിശ്വാസികളെയും അപമാനിച്ചതിന് തുല്യമാണ്.അതേ സമയം അജപാലന കേന്ദ്രമായ റിന്യൂവൽ സെന്ററിൽ കോലങ്ങൾ കത്തുമ്പോൾ മെത്രാപ്പോലീത്തൻ വികാരിയും വൈദികരും തടയാൻ പോലും ശ്രമിക്കാതെ റിന്യൂവൽ സെന്ററിനുള്ളിലിരുന്ന് സാകൂതം വീക്ഷിക്കുകയായിരുന്നു.
ഒരു കൂട്ടം ന്യൂ ജനറേഷൻ വൈദികർ എറണാകുളം അങ്കമാലി അതിരൂപതയെ ഹൈജാക്ക് ചെയ്യുകയാണ്. മറ്റുള്ള വൈദികരെ മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്ത് നിർവീര്യരാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
ഒരു കൂട്ടം വ്യക്തികളുടെയും,ഗ്രൂപ്പുകളുടെയും ആത്മസന്തോഷത്തിനും നേട്ടങ്ങൾക്കും വേണ്ടി അഞ്ചു ലക്ഷം വിശ്വാസികളെ ഭിന്നിപ്പിക്കണോ?വൈദികർ ആത്മശോധന നടത്തണം.ലൗകികമായ ആവേശം കൊള്ളിക്കുന്ന ഇത്തരം നീക്കങ്ങൾ എറണാകുളം-അങ്കമാലി അതിരൂപതയെ നാശത്തിന്റെ വഴിയിലൂടെയാണ് കൊണ്ടുപോകുന്നത്
എകീകൃത കുർബാനക്രമവുമായി ബന്ധപ്പെട്ട് 34 രൂപതകൾ യോജിച്ചു നിന്നപ്പോൾ വിഘടിച്ചു നിൽക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപത മാത്രമാണ്.അതിരൂപതയിൽ മുതലെടുപ്പുകൾക്കായും സ്ഥാപിത താല്പര്യങ്ങളോടെയും പ്രവർത്തിക്കുന്ന വൈദികരെയും അൽമായരെയും അകറ്റിനിർത്തുക തന്നെവേണം.അതിരൂപതാ കേന്ദ്രങ്ങളിൽ നിഗൂഢ ശൈലി വളർത്തി വിശ്വാസികളെ വെല്ലുവിളിക്കുന്ന രീതികൾ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
അതിരൂപതയിൽ നിലനിൽക്കുന്ന സന്യാസസഭകളിലുള്ള ആശ്രമങ്ങളിലും കോൺവെന്റുകളിലും ഇപ്പോഴും ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് വളരെ ഖേദകരമാണ്.സന്യാസസഭകളിലേക്കുള്ള ദൈവവിളികൾ പ്രദാനം ചെയ്യുന്നത് അൽമായരാണ്.സീറോ മലബാർ സഭയെ അനുസരിക്കാത്ത സന്യാസസഭകളിലേക്കുള്ള ദൈവവിളിക്ക് പ്രത്യുത്തരം നൽകേണ്ടതുണ്ടോയെന്ന് വിശ്വാസികൾ ചിന്തിക്കണം.സന്യാസ സഭാ മേധാവികൾ ഇക്കാര്യങ്ങൾ ജാഗ്രതയോടെ വീക്ഷിച്ച് വേണ്ട നിർദേശങ്ങൾ അതാത് ആശ്രമ ഭവനങ്ങൾക്ക് നൽകണം.
സ്നേഹിക്കാനും ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യാനും ശപിക്കുന്നവരെ അനുഗ്രഹിക്കാനും അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ആഹ്വാനം ചെയ്യേണ്ടവർ വര്‍ഗ്ഗീയതയുടേയും വംശീയതയുടേയും ഗൂഢാലോചനകളുടെയും സകല വിധ്വംസക പ്രവണതകളുടെയും വേദികളാക്കി സഭയുടെ അജപാലന കേന്ദ്രങ്ങൾ മാറ്റുന്നത് ശരിയാണോയെന്ന് ചിന്തിക്കണം.ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ദേശങ്ങള്‍ക്കപ്പുറത്ത് സകലരേയും ഉള്‍ക്കൊള്ളുന്ന സ്നേഹവും അനുസരണവും പരിശീലിച്ചുകൊണ്ട് സര്‍ഗ്ഗസ്ഥനായ പിതാവിന്റെ കാരുണ്യത്തിലേക്കും പരിപൂര്‍ണ്ണതയിലേക്കും ഉയരുവാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരടക്കമുള്ള വിശ്വാസികൾക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അൽമായ സെക്രട്ടറി പ്രസ്താവിച്ചു.
ഇത് ഒരു നുണ പ്രസരണം ആവരുത്.