വത്തിക്കാന്‍ സിറ്റി: രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, അവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായി സഭാനിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നതിനായി പുതിയ ഒരു പ്രസ്ഥാനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം നല്കി. ഏറ്റവും ദുര്‍ബലരും ദരിദ്രരുമായ ആളുകളുടെ കാര്യത്തിലുള്ള സഭയുടെ ഉത്കണ്ഠകളാണ് ഇത്തരമൊരു രൂപീകരണത്തിന് കാരണമായിരിക്കുന്നതെന്ന് പാപ്പ പറയുന്നു.
പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട് നില്ക്കുന്ന സിവില്‍, കാനോനിക അസ്തിത്വമുള്ള ഒരു സ്ഥാപനമായിട്ടാണ് പാപ്പാ ഈ പുതിയ പ്രസ്ഥാനത്തിന് രൂപം നല്കിയിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്റെ പൊതുസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള സ്ഥാപനത്തിന് കീഴിലായിരിക്കും പുതിയ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കാനോനിക നിയമങ്ങളും പരിശുദ്ധ സിംഹാസനത്തിലെ വിവിധ സംഘടനകളെ നിയന്ത്രിക്കുന്ന പ്രത്യേക നിയമങ്ങളും അതോടൊപ്പം പാപ്പ അംഗീകരിച്ച പുതിയ പ്രസ്ഥാനത്തിന്റെ അനുബന്ധനിയമങ്ങളും അനുസരിച്ചായിരിക്കും പ്രവര്‍ത്തനം. നിലവിലെ പ്രതിസന്ധികളില്‍ വിവിധ സഭാസമൂഹങ്ങള്‍ നടത്തിയിരുന്ന പല ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെയും തുടര്‍പ്രവര്‍നം തടസ്സപ്പെടുകയും പലസ്ഥാപനങ്ങളും കൈവിട്ടുപോകുകയും ചെയ്ത അവസരത്തിലാണ് പാപ്പ പുതിയപ്രസ്ഥാനം ആരംഭിച്ചിരിക്കുന്നത്.
സഭയുടെ വിളി സമ്പത്തിനായല്ല സേവനത്തിനാണെന്ന് പാപ്പ കോളന്‍ സര്‍ജറിക്ക് ശേഷം ആദ്യമായി പൊതുജനങ്ങളോട് സംസാരിക്കുന്ന വേളയില്‍ അറിയിച്ചിരുന്നു.