വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ്. കഴിഞ്ഞ ആഴ്ച ഇറ്റാലിയന്‍ മാഗസിനായ ഓഗിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
93 വയസായ ഒരു മനുഷ്യനില്‍ നിന്ന് പ്രതീക്ഷിക്കുന്ന സാധാരണമായ ക്ഷീണം മാത്രമേ ബെനഡിക്ടിനുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ അവാസ്തവമാണ്. “ശാരീരികമായ തളര്‍ച്ചയുണ്ട്. സ്വരം ദുര്‍ബലമായിരിക്കുന്നു. പക്ഷേ മനസ്സ് കരുത്തുറ്റതാണ്. എല്ലാ ദിവസവും അദ്ദേഹം ദിവ്യബലി അര്‍പ്പിക്കുന്നുണ്ട്, പ്രാര്‍ത്ഥിക്കുന്നുണ്ട്. സന്ദര്‍ശകരില്‍ ചിലരെ സ്വീകരിക്കുന്നുണ്ട്. സംഗീതം ആസ്വദിക്കുകയും എഴുതുകയും വായിക്കുകയും ചെയ്യുന്നു. വത്തിക്കാന്‍ ഗാര്‍ഡനിലൂടെ വാക്കറിന്റെ സഹായത്തോടെ കാലാവസ്ഥ അനുകൂലമെങ്കില്‍ നടക്കാനും തയ്യാറാകുന്നുണ്ട”.
അടുത്തയിടെ രോഗിയായ സഹോദരനെ ജര്‍മ്മനിയില്‍ ചെന്ന് കണ്ട് തിരികെ വത്തിക്കാനില്‍ എത്തിയ ബെനഡിക്ട് പതിനാറാമന് അലര്‍ജിസംബന്ധമായ അസുഖമുണ്ടായിരുന്നു.