മതപീഡനം ഞങ്ങള്‍ക്ക് ദൈവവിളി നല്കി, കാണ്ടമാലില്‍ നിന്ന് ഒരു വിശ്വാസസാക്ഷ്യം


കാണ്ടമാല്‍: കാണ്ടമാല്‍ കലാപം എങ്ങനെ മറക്കാന്‍? ക്രൈസ്തവനരഹത്യയുടെ ക്രൂരമൂഖം ആധുനികലോകം ദര്‍ശിച്ചത് കാണ്ടമാല്‍ കലാപത്തില്‍ നിന്നായിരുന്നു.

2008 ലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കാണ്ടമാല്‍ കലാപം നടന്നത്. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ വഴിയാധാരമായി നാലു മാസം നീണ്ടുനിന്ന കലാപം നഷ്ടപ്പെടുത്തിയത് ഒരുപാട്.പക്ഷേ ആ കലാപം തന്നെയാണ് കാണ്ടമാലിലെ ക്രൈസ്തവവിശ്വാസത്തെ ഊട്ടിയുറപ്പിച്ചത് എന്ന് വ്യക്തമാക്കുന്നതായിരുന്നു തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍.

അതിലൊന്നാണ് ഒരു കുടുംബത്തില്‍ നിന്ന് രണ്ടു പെണ്‍മക്കള്‍ സന്യാസജീവിതത്തിലേക്ക് ആകൃഷ്ടരായത്. ക്രൈസ്തവകൂട്ടക്കൊല അന്ന് കാണ്ടമാലില്‍ നടക്കുമ്പോള്‍ നര്‍മ്മദയും മഞ്ജുതയും കൗമാരക്കാരികളായിരുന്നു. പക്ഷേ ഇന്ന് രണ്ടുപേരും സന്യസ്തവഴിയിലാണ്. അതിന് കാരണമായി അവര്‍ പറയുന്നത് അന്നത്തെ കൂട്ടക്കുരുതി തങ്ങളുടെ ക്രിസ്തീയ ജീവിതത്തെ ഊതിയുണര്‍ത്തി എന്നാണ്.

നര്‍മ്മദ പ്രദാന്റെ നിത്യവ്രതവാഗ്ദാനം നടന്നത് ഈ മാസം നാലാം തിയതിയായിരുന്നു. ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സഭാംഗമാണ് നര്‍മ്മദ. ഇളയ സഹോദരി മഞ്ജുത ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റര്‍ ഓഫ് സെന്റ് ജോസഫ് സഭാംഗമാണ്.

കാറ്റില്‍ കെടാത്ത വിശ്വാസദീപത്തിന്റെ ഈ ഉജ്ജ്്വല മാതൃകയെ ആദരിക്കണമെന്ന് വിശ്വാസികള്‍ തീരുമാനിച്ചതിന്റെ അനന്തരഫലമായിരുന്നു കട്ടക് ഭുവനേശ്വര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് നാട് നല്കിയ അനുമോദനം. ഹിന്ദുക്കളുള്‍പ്പടെ രണ്ടായിരത്തിയഞ്ഞൂറോളം പേരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.

വിശ്വാസം ഹനിക്കപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങളും അനുഭവങ്ങളും ഇവര്‍ക്കുണ്ടായിട്ടുണ്ടെന്നും അപ്പോഴെല്ലാം വിശ്വാസസ്ഥിരതയോടെ നിലനില്ക്കുകയാണ് ഇവര്‍ ചെയ്തതെന്നും ഇടവക അസിസ്റ്റന്റ് വികാരി ഫാ. ടി ഫ്രാന്‍സിസ് പറഞ്ഞു. അതെ എന്ന് ഈ സഹോദരിമാര്‍ ഒരേ സ്വരത്തില്‍ അതിനോട് പ്രതികരിച്ചു. അപ്പസ്‌തോലന്റെ വാക്കുകള്‍ പോലെ പട്ടിണിക്കും രോഗത്തിനും ഒന്നിനും ഈ സഹോദരിമാരെ ദൈവസ്‌നേഹത്തില്‍ നിന്ന് അകറ്റാനായില്ല.

സ്‌നേഹത്തോടെ ആളുകളെ സേവിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. കാരണം ദൈവം സ്‌നേഹമാണ്. ഈ സഹോദരിമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ദൈവം തന്റെ രാജ്യത്തിലെ വേലയ്ക്കായി തന്റെ മക്കളെ തിരഞ്ഞെടുത്തതില്‍ ഈ കന്യാസ്ത്രീമാരുടെ മാതാപിതാക്കള്‍ ഏറെ സന്തോഷിക്കുന്നു. അവര്‍ക്ക് പറയാനുള്ളത് ദൈവത്തോടുള്ള നന്ദി മാത്രം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.