ആത്മാവ്‌ സത്യമാവുമ്പോൾ…


സത്യാത്മാവ്‌ സത്യമായി ശിഷ്യരുടെമേൽ ആവസിച്ചതും അവർ സത്യസന്ധമായി യഥാർത്ഥ സത്യമായ ഈശോയെക്കുറിച്ച്‌ അവരുടെ ജീവിതത്താൽ സാക്ഷ്യം നൽകിയതും ഓർമ്മിക്കുകയും, ഇതേ സത്യാത്മാവ്‌ നമ്മുടെയും ജീവിതങ്ങളിലേക്ക്‌ ഇറങ്ങിവരണമേയെന്ന്‌ പ്രാർത്ഥിക്കുകയും ചെയ്യുന്ന തിരുനാളാണ്‌ പന്തക്കുസ്താ ദിനം. ഈശോയുടെ ഉത്ഥാനശേഷം ഭയത്തോടെ കഴിഞ്ഞിരുന്ന ശിഷ്യർക്ക്‌ പുതിയ പ്രത്യാശയും ധൈര്യവും കിട്ടിയ ദിവസമായിരുന്നു അന്നത്തെ പന്തക്കുസ്താ.

ഇന്ന്‌ നമ്മളോരോരുത്തരും ഈശോ വാഗ്ദാനം ചെയ്ത ആത്മാവിനാൽ പലവേളകളിൽ പൂരിതരായവരാണ്‌ എന്നിരുന്നാലും ഈ ആത്മ സാന്നിധ്യം എന്നും നമുക്കാവശ്യമാണ്‌, പ്രത്യേകിച്ച്‌ ഇക്കലഘട്ടത്തിൽ.
ഒരു വിശ്വാസി തന്റെ ജീവിതത്തിൽ സ്വീകരിച്ചിട്ടുള്ള കൂദാശകളിലൂടെ ഉള്ളിൽ പ്രവേശിച്ചതും വസിക്കുന്നതും ദൈവത്തിന്റെ ആത്മാവ്‌ തന്നയാണോ എന്നറിയാൻ സാധിക്കുന്നത്‌ ആവ്യക്തിയുടെ സത്യത്തോടുള്ള നിലപാട്‌ എപ്രകാരം എന്നതിനെ ആശ്രയിച്ചാണ്‌.

എന്താണ്‌ സത്യമെന്ന്‌ മനസിലാക്കുകയും ആ സത്യത്തിൽ ജീവിക്കുകയും ചെയ്യേണ്ടവരാണ്‌ ക്രിസ്തുവിശ്വാസികളായ നാമോരുത്തരും എന്നത്‌ നിരന്തരം ആവർത്തിക്കപ്പെടുന്ന പ്രയോഗമാണ്‌. എങ്കിലും, ഈശോയാണ്‌ യഥാർത്ഥ സത്യമെന്ന്‌ ഇപ്പോഴും ബോധമുദിക്കാത്ത സത്യക്രിസ്ത്യാനികളുടെ എണ്ണം കൂടിവരുന്നതായി എനിക്ക്‌ തോന്നിക്കാറുണ്ട്‌ സത്യമായി അവതരിച്ച സത്യവചനമായ ഈശോയേക്കാളും അധികമായി അപരവിദ്വേഷത്തിനുതകുന്ന വാക്കുകളും പ്രവർത്തികളും പലരും ഉയർത്തുന്നു എന്നത്‌ എനിക്കേറെ നോവു പകരുന്നുണ്ട്‌.

ഈശോ അയയ്ക്കുന്ന സഹായകൻ വന്നു കഴിയുമ്പോൾ അവൻ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും എന്നത്‌ അവന്റെ വചനമാണ്‌ (യോഹന്നാൻ 16:8)

ഈശോ അയക്കുന്ന/ അയച്ച സഹായകൻ പഠിപ്പിക്കുന്ന കാര്യങ്ങൾ പാപം നീതി ന്യായവിധി എന്നിവയാണ്‌. ഈശോയിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും ഈശോ പിതാവിന്റെ അടുക്കലേക്ക്‌ പോകുന്നതുകൊണ്ട്‌ നമ്മൾ ഇനിമേലിൽ ഈശോ കാണുകയില്ലാത്തതുകൊണ്ട്‌ നീതിയെക്കുറിച്ചും, ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തുവാനുമായാണ്‌ ഈ സത്യാത്മാവ്‌ വരുന്നത്‌ എന്ന സത്യം മറക്കാതിരിക്കാം. ഇതിനപ്പുറമുള്ള കാര്യങ്ങളൊന്നും താൻ അയക്കുന്ന സഹായകൻ പഠിപ്പിക്കുന്നതിനെക്കുറിച്ച്‌ ഈശോ പറഞ്ഞിട്ടില്ല, അവൻ ഒരിക്കലും പറയുകയുമില്ല.

പലരും സത്യമല്ലാത്തതിനെ മുറുകെപ്പിടിക്കാൻ ഇഷ്ടപ്പെടുന്നത്‌ താത്കാലികമായ ലാഭത്തിനാണ്‌. അത്‌ ചിലർക്ക്‌ അധികാരമാണ്‌, ചിലർക്ക്‌ സ്ഥാനങ്ങളാണ്‌, ചിലർക്കത്‌ വ്യക്തികളാണ്‌, ചിലർക്കത്‌ പണമാണ്‌, വീണ്ടും ചിലർക്കത്‌ ചില സ്ഥലങ്ങളാണ്‌. ഇതിനെതിരെയുള്ള ചിന്തകളാണ്‌ ആദ്യത്തെ പന്തക്കുസ്താ ഇന്നും നമ്മെ ഓർമ്മിപ്പിക്കുന്നത്‌.

സത്യാത്മാവ്‌ വന്നുനിറഞ്ഞപ്പോൾ, എന്താണ്‌ സത്യമെന്ന ഉറപ്പ്‌ അവരുടെ ഹൃദയങ്ങളിൽ നിറഞ്ഞപ്പോൾ പത്രോസിനും കൂട്ടർക്കും കൈവന്ന ആത്മീയമായ ശക്തിയും ബോധ്യവും എത്രയോ ഉന്നതമായിരുന്നു. ഇന്ന്‌ നമ്മിൽ ഇല്ലാതെ പോകുന്നതും ഈ ആത്മീയ ശക്തിയും ഉറപ്പുമാണ്‌. പരിശുദ്ധാത്മാവിന്റെ നിറവിൽ അത്മീയമായ കരുത്തിൽ പത്രോസും കൂട്ടരും അ ആരംഭിച്ച കർത്താവിന്റെ സഭയ്ക്ക്‌ ഇന്നും ആയുസ്സുള്ളത്‌ സത്യാത്മാവിന്റെ നിറവിൽ ഇന്നും സത്യമായ ഈശോയെ മുറുകെപ്പിടിച്ച്‌ ജീവിക്കുന്ന കുറേയേറെ സത്യവിശ്വാസികൾ ഉള്ളതിനാലാണെന്ന്‌ പറയാൻ എനിക്ക്‌ സന്തോഷമേയുള്ളൂ.

ലൂക്കായുടെ സുവിശേഷത്തിന്റെ അവസാന ഭാഗമെത്തുമ്പോൾ ഇന്നും ഏറെ ശ്രദ്ധകൊടുക്കേണ്ട ചില ചിന്തകളുണ്ട്‌. അതിലൊന്ന്‌, “വിശുദ്ധലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ്‌ അവൻ തുറന്നു, മറെറാന്ന്‌. ഉന്നതത്തിൽനിന്നു ശക്തിധരിക്കുന്നതുവരെ നഗരത്തിൽത്തന്നെ വസിക്കുവിൻ” (ലൂക്കാ 24:45&49).

ഏതൊരു ക്രിസ്തുശിഷ്യനും ഏറ്റവും അടിസ്ഥാനപരമായി ഈശോയുടെ ചാരത്തിരുന്നുകൊണ്ട്‌ വിശുദ്ധ ലിഘിതങ്ങൾ ഗ്രഹിക്കാനുള്ള കൃപ സായത്തമാക്കണം. ഒപ്പം ഉന്നതത്തിൽ നിന്നും ഈശോ വാഗ്ദാനം ചെയ്ത ആത്മാവിനേയും സ്വന്തമാക്കണം. ആത്മാവാൽ നിറയപ്പെട്ടവർക്ക്‌ അവന്റെ വചനംകൊണ്ട്‌ ഹൃദയം നിറയ്ക്കാനാകുമ്പോൾ, അവരിൽ നിന്ന്‌ പുറപ്പെടുന്ന ഓരോ വാക്കും ആത്മാവും ജീവനുമാകും. അവരുടെ സാക്ഷ്യങ്ങളിൽ ഈശോയുണ്ടാകും ഈശോയുടെ മനസുമുണ്ടാകും. ദൈവത്തിന്റെ ആത്മാവ്‌ സത്യമാകുമ്പോൾ എല്ലായിടത്തും സ്വാതന്ത്ര്യവുമുണ്ടാകും.

ദൈവമേ സത്യമായ നിന്റെ ആത്മാവിനെ ഈ ഭൂവിലേക്ക്‌, ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്‌ ഒരുവേളകൂടി അയക്കണമേ. അങ്ങനെ ഞങ്ങൾ വീണ്ടും നീയാകുന്ന സത്യത്താൽ നവീകരിക്കപ്പെടാനും സത്യമായ നിന്റെ രാജ്യം ഇവിടെ വീണ്ടും പുലരാനും കാരണമാകട്ടെ. എല്ലാവർക്കും പന്തക്കുസ്താ തിരുനാളിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു. എല്ലാവരിലും സത്യമായ ആത്മാവിന്റെ നിറവുണ്ടാകട്ടെയെന്ന്‌ പ്രാർത്ഥിക്കുന്നു.

പോൾ കൊട്ടാരം കപ്പൂച്ചിൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.