പത്തനംതിട്ട: മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട ബിഷപ് സാമുവല്‍ മാര്‍ ഐറോണിയോസിനെയും വൈദികരെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് വിശ്വാസികള്‍ കേട്ടത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പല വാര്‍ത്തകളും വ്യാപകമായി പ്രചരിക്കുകയുണ്ടായി. എന്നാല്‍ അവയില്‍ പലതും തെറ്റിദ്ധാരണജനകമായ വാര്‍ത്തകളായിരുന്നു. സത്യത്തില്‍ എന്താണ് ഇവിടെ സംഭവിച്ചത്? ബിഷപ്പിനെ എന്തിനാണ് പോലീസ് അറസ്റ്റ് ചെയ്തത്?
തമിഴ്‌നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ സ്ഥലം മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയായിരുന്നു. ഈ വ്യക്തി രൂപതയുടെ അറിവോ സമ്മതമോ ഇല്ലാതെ താമരഭരണി നദിയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിയിരുന്നു. ഈ കേസില്‍ സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമ ബിഷപ്പായതിനാലാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
ബിഷപ്പിനൊപ്പം വൈദികരായവികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കോവിഡ് കാലമായതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി രൂപതാഅധികൃതര്‍ ഇവിടെയെത്തിയിരുന്നില്ല.
ഈ കാലയളവിലാണ് മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥ ലംഘിച്ചത്. ഇക്കാര്യം അറിഞ്ഞതോടെ പത്തനംതിട്ട രൂപത മാനുവല്‍ ജോര്‍ജിനെതിരെ നിയമനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.