റോം: ദരിദ്രരെ സഹായിക്കാനും സേവിക്കാനുമായി റോമിലെ ചര്‍ച്ച് ഓഫ് ദ സ്റ്റിഗ്മാറ്റ ഓഫ് സെന്റ ്ഫ്രാന്‍സിസ് ദേവാലയം ഇനി മുതല്‍ ഇരുപത്തിനാലു മണിക്കൂറും സന്നദ്ധം. ദേവാലയ വാതിലുകള്‍ ദരിദ്രര്‍ക്കായി മലര്‍ക്കെ തുറന്നിട്ടുകൊണ്ടാണ് പരസ്‌നേഹത്തിന്റെ ഉദാത്തമാതൃക ഈ ദേവാലയം കാഴ്ചവയ്ക്കുന്നത്. ആഴ്ചയില്‍ ഇരുപത്തിനാലു മണിക്കൂറും സഹായത്തിന്റെ പൊന്‍കരങ്ങള്‍ നീട്ടി ഇവിടെ ശുശ്രൂഷകരുണ്ടാവും.
30 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. അടുത്തകാലത്തായിരുന്നു ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. റെസ്റ്റ് റൂമുകള്‍, ഡോര്‍മിറ്ററി, ലോണ്ടറി സൗകര്യങ്ങളും ഇവിടെയുണ്ടാകും. 200 പേര്‍ക്ക് സൗജന്യപ്രഭാതഭക്ഷണ വിതരണവും ഉണ്ടാകും. പൂര്‍ണ്ണമായും ദരിദ്രര്‍ക്കാണ് ഈ സേവനങ്ങള്‍ നല്കിയിരിക്കുന്നത്. ദിവ്യകാരുണ്യാരാധനയും പ്രാര്‍ത്ഥനയും ഇവിടെ തുടര്‍ച്ചയായി നടന്നുവരുന്നുമുണ്ട്.
റോമില്‍ അയ്യായിരത്തിനും ആറായിരത്തിനും ഇടയില്‍ ആളുകള്‍ ഭവനരഹിതരായി കഴിയുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. ഇവരില്‍ ചിലര്‍ക്കെങ്കിലും ഈ ദേവാലയത്തിന്റെ സൗകര്യങ്ങള്‍ ആശ്വാസമായിരിക്കും. റോമില്‍ 900 ദേവാലയങ്ങളുമുണ്ട്.