ഫ്രാന്‍സ്: പ്രാര്‍ത്ഥിച്ചും ഉപവസിച്ചും പാരീസില്‍ നിന്ന് ചാര്‍ട്രെസ് കത്തീഡ്രലിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. അറുപത്തിരണ്ട് മൈല്‍ ദൂരം നടന്നു ചാര്‍ട്രെസ് കത്തീഡ്രലില്‍ അവസാനിച്ച ഈ തീര്‍ത്ഥാടനത്തില്‍ യാത്രയിലുടനീളം വിശ്വാസികള്‍ ജപമാല ചൊല്ലിയും ഭക്തിഗാനങ്ങള്‍ ആലപിച്ചുമായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. വിശുദ്ധ കുര്‍ബാനയ്ക്കും രാത്രിയിലെ ക്യാമ്പിനു വേണ്ടിയും മാത്രമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്.
ജോലിയില്‍ നിന്ന് അവധിയെടുത്തും കുടുംബം മുഴുവനായും ഒക്കെയാണ് പലരും തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്. തങ്ങളെ സംബന്ധിച്ച് ആത്മീയമായി വലിയ ഉണര്‍വ് നല്കിയതായിരുന്നു തീര്‍ത്ഥാടനമെന്ന് പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടു മുതല്ക്ക് തുടങ്ങിയതാണ് നോട്രഡാമില്‍ നിന്ന് ചാര്‍ട്രെസ് കത്തീഡ്രലിലേക്കുള്ള തീര്‍ത്ഥാടനം. 1194 നും 1220 നും ഇടയ്ക്കാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ് ഈ തീര്‍ത്ഥാടനം. കാരണം കന്യാമറിയത്തിന്റെ ശിരോവസ്ത്രത്തിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്.