ദൈവസ്‌നേഹമുള്ള മനുഷ്യന്‍ ജീവിതയാത്രയില്‍ പലവേള ഉരുവിടുന്ന പദമാണ് മാലാഖമാര്‍. ജീവിതത്തോണി ആടിയുലയുമ്പോഴെല്ലാം ഉള്‍ത്തലങ്ങളില്‍ തട്ടിയുയരുന്ന പ്രാര്‍ത്ഥനാമന്ത്രമാണ്, ‘കാവല്‍മാലാഖമാരേ കാത്തുകൊള്ളണമേ’.
നഗ്നനേത്രങ്ങള്‍ക്ക് ഇതുവരെയും ദര്‍ശനപുണ്യം ലഭിച്ചിട്ടില്ലാത്ത ഒരു ശക്തിയെ നാം വിശ്വസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു, പലപ്പോഴും അദൃശ്യമായ സംരക്ഷണം പ്രാപിക്കുകയും ചെയ്യുന്നു. എന്നാല്‍ നഗ്നനേത്രങ്ങള്‍ക്ക് കാണുവാന്‍ കഴിയുന്ന, മനുഷ്യകരങ്ങള്‍ക്ക് സ്പര്‍ശിക്കുവാന്‍ കഴിയുന്ന, മാറോട് ചേര്‍ത്ത് ആശ്വാസമേകുവാന്‍ കഴിയുന്ന രണ്ട് മാലാഖമാരെ ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ വ്യക്തിക്കും ലഭിക്കുന്നുണ്ട്, നമ്മുടെ മാതാവും പിതാവും. ജീവിത വ്യഗ്രതകള്‍ക്കിടയില്‍ മറക്കപ്പെടുന്ന മാലാഖമാര്‍, ജീവിതാന്തസുകളില്‍ അധികപ്പറ്റാകുന്ന മാലാഖമാര്‍, ജീവിതസുഖങ്ങളില്‍ ഉഛിഷ്ടമാകുന്ന മാലാഖമാര്‍, ജീവിത യാത്രയില്‍ ഉപേക്ഷിക്കപ്പെടുന്ന മാലാഖമാര്‍.
മാറ്റമില്ലാത്ത ദൈവവചനം നമ്മെ പഠിപ്പിക്കുന്ന സത്യമുണ്ട്, (പ്രഭാ 3.9) പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനത്തെ ബലവത്താക്കും, അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും.
അതെ, ഏതൊരു വ്യക്തിയുടേയും ആത്മീയ ജീവിതത്തിലും ഭൗതീക ജീവിതത്തിലും ഒരു ശക്തിക്കും ഇടിച്ച് തകര്‍ക്കുവാന്‍ കഴിയാത്ത ശക്തിയേറിയ സംരക്ഷണക്കോട്ടയായി മാറുന്നു, മാതാപിതാക്കളുടെ അനുഗ്രഹം. ജീവിതാന്തസുകളില്‍ അദൃശ്യശക്തിയായി കൂടെ വന്ന് ശക്തിയേകുന്നു, ജ•ം നല്‍കിയ മാതാപിതാക്കളുടെ അനുഗ്രഹം.
മാനവമക്കളുടെ ജീവിതയാത്രയില്‍ ദൈവതിരുഹിതം പൂര്‍ണ്ണമായി മനസ്സിലാക്കുവാനും അനുസരിക്കുവാനുമായി മോശവഴി പത്ത് കല്‍പനകള്‍ നല്‍കപ്പെട്ടു. അവയിലൊന്നുമാത്രം
വാഗ്ദാനത്തോടുകൂടിയവയായിരുന്നു, നാലാം പ്രമാണം, മാതാപിതാക്കളെ ബഹുമാനിക്കുക (എഫേ 6.2). നാലാം കല്‍പനയിലെ വാഗ്ദാനത്തിന്റെ തിരിച്ചറിവാണ് മാതാപിതാക്കളെ മാലാഖമാരായി സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും നമ്മെ പ്രചോദിപ്പിക്കുന്നത്. നിയമാവര്‍ത്തനം 5.16 ല്‍ വചനം പറയുന്നു, ‘നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കുവാനും നിന്റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്ക് നന്‍മയുണ്ടാകുവാനും വേണ്ടി അവിടുന്ന് കല്പിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനേയും മാതാവിനേയും ബഹുമാനിക്കുക’.
ഓരോ വ്യക്തിയുടേയും ജീവിതത്തിലേക്ക് അമൂല്യമായ രണ്ട് വാഗ്ദാനങ്ങളാണ് വാക്ക് പറഞ്ഞാല്‍ വാക്ക് മാറാത്ത ദൈവം വാഗ്ദാനം ചെയ്യുന്നത്.
ഒന്ന്, ജനിച്ചുവീണ ഈ ഭൂമിയില്‍ ദീര്‍ഘനാള്‍ ജീവിച്ചിരിക്കുവാന്‍. പണ്ഡിതനെന്നോ പാമരനെന്നോ, ധനവാനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഏവരേയും അലട്ടുന്ന ഭയമാണ്, മരണഭയം. മരണം മാടിവിളിക്കുന്ന ദിനം അജ്ഞാതമാകയാല്‍ മരണഭയം നിഴല്‍പോലെ കൂട്ടാളിയാകുന്നു. ജീവിതത്തിലെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമോ എന്ന സംശയം, മരണാനന്തരം നിത്യത പുല്‍കുമോ എന്ന സംശയം, ഇവയെല്ലാം മരണഭയത്തിന് ആര്‍ജ്ജവമേറ്റുന്നു. പുരാതന കാലഘട്ടത്തിന് വിപരീതമായി ആധുനിക ലോകത്തില്‍ കുട്ടികളും യുവതീയുവാക്കളും ക്രമാതീതമായി മരണത്തിന് കീഴടങ്ങുന്നു. അതെ, ആയുസ്സിന്റെ ദൈര്‍ഘ്യം കുറയപ്പെടുന്നു. ദൈവം അരുളിച്ചെയ്യുന്നു, ഈ ഭൂമിയില്‍ ദീര്‍ഘനാള്‍ ജീവിച്ചിരിക്കുവാന്‍ ഓരോ വ്യക്തിയും സ്വായത്തമാക്കേണ്ട അതിപ്രധാന സംരക്ഷണകവചമാണ് മാതാപിതാക്കളുടെ അനുഗ്രഹം.
രണ്ട്, ജീവിത വിജയം പ്രാപിക്കുവാന്‍. ദീര്‍ഘനാള്‍ ഭൂമിയില്‍ ഒരു പരാജിതനായി ജീവിക്കുവാനല്ല ദൈവം ഇഛിക്കുന്നത്. ജീവിതത്തിലെ കര്‍മ്മമണ്ഡലം (പഠനം, ജോലി, ബിസിനസ്സ്, കുടുംബം, സുവിശേഷവേല) ഏതുതന്നെയായാലും, അവിടെ വിജയം കണ്ടെത്തുവാന്‍, പ്രവര്‍ത്തനമേഖലയില്‍ ശാന്തിയും സമാധാനവും, അഭിവൃത്തിയുമുണ്ടാകുവാന്‍, ഓരോ വ്യക്തിയും ശിരസ്സാവഹിക്കേണ്ട അത്ഭുതശക്തിയാണ്, മാതാപിതാക്കളുടെ അനുഗ്രഹം.
ഒരു ജീവിത സാക്ഷ്യം വിവരിക്കട്ടെ. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, മഞ്ഞപ്പിത്തം എന്ന രോഗം ബാധിച്ച് വളരെ അവശനായി ഞാനെന്റെ കിടപ്പുമുറിയില്‍ വിശ്രമിക്കുകയായിരുന്നു. ഏറെനേരത്തെ കിടപ്പില്‍ അസ്വസ്ഥനായി തൊട്ടരുകിലുള്ള ടീപ്പോയില്‍ തലചായ്ച്ച് കിടക്കുമായിന്നു. ഒരു ഞായറാഴ്ച വൈകുന്നേരം, എല്ലാവരും ടിവി യില്‍ ഒരു പ്രോഗ്രാം കാണുവാനൊരുമിച്ചു കൂടി. അവശതമൂലം ഞാന്‍ ടീപ്പോയില്‍ തലവച്ച് കിടന്നു. പലയാവര്‍ത്തി എന്റെ അമ്മ വിളിച്ചു. അല്പസമയത്തിനുള്ളില്‍ അമ്മ വന്ന് ബലമായി എന്നെ അവിടെ നിന്ന് കൊണ്ടുപോയി. 5 മിനുട്ടിനുള്ളില്‍ ശക്തമായ ഒരു ഇടിവെട്ട്. കറണ്ട് പോയി, ടിവി യില്‍ നിന്ന് പുക, പലര്‍ക്കും ഷോക്കേറ്റു.
ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഞാനെന്റെ കിടപ്പുമുറിയില്‍ തിരിച്ചെത്തി. മുറികണ്ടപ്പോള്‍ ശരീരമാകമാനം വിറച്ചു. ഇടറിയസ്വരത്തില്‍ ഞാനുറക്കെ അമ്മയെ വിളിച്ചു. 5 മിനുട്ട് മുമ്പ് വരെ, ഞാന്‍ തലവച്ചുറങ്ങിയ ടീപ്പോയ് നിലത്ത് ചിതറിക്കിടക്കുന്നു. പിന്നീട് തിരിച്ചറിഞ്ഞു, ടീപ്പോയിയുടെ നേരെ മുകളിലുള്ള ടിവി ഏരിയലിലാണ് ഇടി വെട്ടിയത്! 5 മിനുറ്റ് കൂടി ഞാനവിടെ കിടന്നിരുന്നെങ്കില്‍ എന്റെ ശിരസ്സ് നിലത്ത് ചിതറിയേനെ.
അതെ, നൊന്തുപെറ്റ അമ്മ കാണപ്പെട്ട കാവല്‍മാലാഖയായി മാറിയ നിമിഷം.
അനുദിനം മാതാപിതാക്കള്‍ മക്കളെ അനുഗ്രഹിക്കുവാന്‍ മറക്കല്ലെ, മക്കള്‍ മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം വാങ്ങാന്‍ മറക്കല്ലെ, ദൈവത്തിന്റെ ശ്രേഷ്ഠമായ വാഗ്ദാനം സ്വായത്തമാക്കാന്‍ വൈകല്ലെ.
ബ്ര. വില്‍സണ്‍