പെരുവന്താനം: പാഞ്ചാലിമേട്ടില്‍ കുരിശുനാട്ടി കൈയേറിയെന്ന മട്ടിലുള്ള പ്രചരണങ്ങള്‍ വ്യാജവും നിക്ഷിപ്തതാല്പര്യക്കാരുടെ കുടിലബുദ്ധിയില്‍ നിന്ന് ഉരുത്തിരിഞ്ഞതുമാണെന്നും വിവിധ മതവിശ്വാസികളായ നാട്ടുകാര്‍ ഒരുമിച്ചുപറയുന്നു.
ജോസ് എ കള്ളിവയല്‍ എന്ന വ്യക്തി പള്ളിക്ക് ഇഷ്ടദാനമായി നല്കിയ സ്ഥലത്താണ് കുരിശു സ്ഥാപിച്ച് കുരിശിന്റെ വഴി തുടങ്ങിയതെന്നും അന്നുമുതല്‍ ഇന്നുവരെ മരിയന്‍ കുരിശുമുടി തീര്‍ത്ഥാടനം തടസ്സമില്ലാതെ നടന്നുവരികയാണെന്നും നാട്ടുകാര്‍ പറയുന്നു.
1954 ല്‍ ഇടവക സ്ഥാപിതമായതിനോട് അനുബന്ധിച്ചാണ് കുരിശുമുടിയുടെ പിറവിയും നടന്നത്. 1976 ല്‍ ജോസ് കള്ളിവയലിന്റെ സ്ഥലം മിച്ചഭൂമിയായി പിടിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴും പള്ളിവക സ്ഥലങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതായി ഇതുവരെയും അറിയിച്ചിട്ടില്ലെന്ന് പള്ളി അധികൃതരും വ്യക്തമാക്കുന്നു.
മതസൗഹാര്‍ദ്ദത്തില്‍ കഴിയുന്ന നാട്ടില്‍ വര്‍ഗീയ വിദ്വേഷം വിതയ്ക്കാനുള്ള ചിലരുടെ ശ്രമമാണ് ഈ വ്യാജ ആരോപണത്തിന് പിന്നിലുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് ഇതിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അവര്‍ ഒറ്റക്കെട്ടായി പറയുന്നു.