മാതാവിന്റെ മാധ്യസ്ഥതയില്‍ ലഭിച്ച ആദ്യത്തെ അത്ഭുതമെന്ന രീതിയില്‍ ബൈബിള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് കാനായിലെ കല്യാണവീട്ടില്‍ നടന്ന സംഭവമാണ്. ഇതിലൂടെ നാം മനസ്സിലാക്കേണ്ടത് മാതാവിനെ വിളിച്ചാല്‍ ഈശോയ്ക്ക് ആ വിഷയത്തില്‍ ഇടപെടാതിരിക്കാനാവില്ല എന്നാണ്. ഔര്‍ ലേഡി ഓഫ് പ്രോവിഡന്‍സ് എന്ന് പരിശുദ്ധ കന്യാമറിയത്തെ വിശേഷിപ്പിച്ചുതുടങ്ങിയത് ഇങ്ങനെയാണ്.
എങ്കിലും പതിനാറാം നൂറ്റാണ്ടു വരെ ഈ ഭക്തിക്ക് പ്രചാരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. സിസിപിയോന്‍ പള്‍സോണെ എന്ന കലാകാരന്‍ 1580 ല്‍ വരച്ച ഒരു ചിത്രത്തോടെയാണ് ഇത്തരത്തിലുള്ള മരിയഭക്തിക്ക് പ്രചാരം ലഭിച്ചത്. ഉണ്ണീശോയെ മടിയില്‍ കിടത്തിയ മാതാവിനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.
ഉണ്ണി അമ്മയുടെ കൈവിരലുകളില്‍ മുറുകെ പിടിച്ചിട്ടുണ്ട്. ഇരുവരും പരസ്പരം മുഖം നോക്കിയാണ് ഇരിക്കുന്നത്. അത്യന്തം ഭക്തിയും പ്രാര്‍ത്ഥനയും ഹൃദ്യതയും തോന്നുന്ന ഒരു ചിത്രമാണ് ഇത്. അമ്മയുടെ വിരലുകളില്‍പിടിച്ചിരി്ക്കുന്ന മകന്റെ ചിത്രം പറയുന്നത് താന്‍ തന്റെ അധികാരം അമ്മയ്ക്കുകൂടി നല്കിയിരിക്കുന്നു എന്നാണ്.
അതുകൊണ്ടുതന്നെ അമ്മയുടെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുന്ന ഒരാളെയും ഈശോ തള്ളിക്കളയുകയുമില്ല. ഔര്‍ ലേഡി ഓഫ് പ്രോവിഡന്‍സ് ചിത്രം ക്യൂന്‍ ഓഫ് ദ ഹോം എന്നും അറിയപ്പെടാറുണ്ട്. ഇന്ന് ലോകമെങ്ങും ഔര്‍ ലേഡി ഓഫ് പ്രോവിഡന്‍സിനോടുള്ള ഭക്തി വ്യാപിച്ചിരിക്കുന്നു.
1969 ല്‍ പോപ്പ് പോള്‍ ആറാമന്‍ നവംബര്‍ 19 ഔര്‍ ലേഡി ഓഫ് പ്രോവിഡന്‍സിന്റെ തിരുനാള്‍ ദിനമായും പ്രഖ്യാപിച്ചു.
അമ്മേ മാതാവേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ. ജീവിതത്തിന്റെ എല്ലാ നിസ്സഹായതകളിലും സങ്കടങ്ങളിലും ദുരിതങ്ങളിലും അമ്മയില്‍ ഞങ്ങള്‍ ശരണം വയ്ക്കുന്നു. അമ്മയോട് ഞങ്ങള്‍ മാധ്യസ്ഥം യാചിക്കുന്നു.
അമ്മ പറഞ്ഞാല്‍ മകന്‍ അത് നിരസിക്കുകയില്ലല്ലോ. ആകയാല്‍ ഞങ്ങളുടെ സ്വന്തവും പ്രിയമുള്ളവളുമായ അമ്മേ ഞങ്ങള്‍ക്കുവേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കണമേ. അവയൊന്നും ഞങ്ങളുടെ പുണ്യങ്ങളെയോ യോഗ്യതകളെയോ പ്രതിയല്ല മറിച്ച് അമ്മ ഞങ്ങളുടെ അമ്മയാണെന്നും അമ്മ സ്‌നേഹമയിയാണെന്നുമുള്ള വിശ്വാസം കൊണ്ടുമാത്രമാണ്.
അമ്മേ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മേ ഇപ്പോഴും എപ്പോഴും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍.