ജീവിതത്തിലെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ദൈവഹിതം അറിയുന്നതിന് വേണ്ടി വിശുദ്ധ ഗ്രന്ഥം പ്രാര്‍ത്ഥനാപൂര്‍വ്വം എടുക്കുകയും നിവര്‍ത്തി ആദ്യം കാണുന്ന ഭാഗം വായിക്കുകയും ചെയ്യുന്ന രീതി എല്ലാ ആത്മീയരുടെയും പതിവാണ്.പ്രത്യേകിച്ച് കരിസ്മാറ്റിക് കൗണ്‍സിലുകളില്‍ പങ്കെടുക്കുമ്പോള്‍ സാധാരണയായി കണ്ടുവരുന്ന രീതിയാണ് ഇത്.
പ്രത്യേക വിഷയത്തെക്കുറിച്ച് ദൈവത്തിന്റെ അഭിപ്രായം എന്ത്, ദൈവം എന്താണ് നമ്മോട് ആ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നെല്ലാം അറിയാനായാണ് നാം ഇപ്രകാരം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇതു ശരിയാണോ?
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ ഇത്തരമൊരു സംഭവം വിവരിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ സുഹൃത്ത് ബെര്ണാര്ഡിന് ഒരാഗ്രഹം. തന്റെ സ്വത്തുക്കള്മ ുഴുവന്‍ ദാനം ചെയ്യണമെന്നും പിന്നീട് ദാരിദ്ര്യത്തില്‍ ജീവിക്കണമെന്നും. ഇക്കാര്യത്തില്‍ ദൈവഹിതം അറിയാന്‍ വേണ്ടിയാണ് അദ്ദേഹം ഫ്രാന്‍സിസിനെ സമീപിച്ചത്. അടുത്തദിവസം കുര്‍ബാനയില്‍ പങ്കെടുത്തതിന് ശേഷം മറുപടി നല്‍കാമെന്ന് ഫ്രാന്‍സിസ് മറുപടി നല്കി. അടുത്തദിവസം പ്രഭാതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി ഫ്രാന്‍സിസ് ഈ വിഷയം അവതരിപ്പിച്ച് ബൈബിള്‍ തുറന്നു. ക്രിസ്തുതന്റെ ശിഷ്യന്മാരെ വിളിക്കുന്ന സുവിശേഷഭാഗമാണ് ഫ്രാന്‍സിസിന് ലഭിച്ചത്. കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി അദ്ദേഹം രണ്ടാംവട്ടവും ബൈബിള്‍ തുറന്നു. അപ്പോഴും ലഭിച്ചത് അതുതന്നെ. മൂന്നാം വട്ടവും അങ്ങനെ സംഭവിച്ചു. അതോടെ ബെര്ണാര്ഡിന്റേത് ദൈവഹിതമാണെന്ന് ഫ്രാന്‍സിസിന് മനസ്സിലായി.
ഇതുപോലെ ലിസ്യൂവിലെ തെരേസയുടെ ജീവിതത്തിലും ചിലഅനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ഒരു കാര്യം ഇവിടെ നാം മനസ്സിലാക്കിയിരിക്കണം. ലോട്ടറിയെടുക്കുന്നതുപോലെയോ നറുക്കിടുന്നതുപോലെയോ അല്ല ബൈബിളില്‍ നിന്ന് സന്ദേശം സ്വീകരിക്കേണ്ടത് . ചില ദൈവശാസ്ത്ര്ജ്ഞന്മാര് ഇങ്ങനെ ബൈബിളെടുത്ത് സന്ദേശം സ്വീകരിക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
പക്ഷേ ഒരുകാര്യം ഓര്‍മ്മിക്കുക.വിവേകത്തോടും വിശുദ്ധിയോടും പ്രാര്‍ത്ഥനയോടും കൂടി ബൈബിളിനെ സമീപിക്കുക. ബൈബിള്‍ ദൈവവചനമാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഉള്ളവും ഉള്ളും അറിയുന്ന ദൈവം അതിലൂടെ നമ്മോടു സംസാരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അത്തരം ബൈബിള്‍ വായനയെ വെറും അന്ധവിശ്വാസത്തിന്റെ പരിധിയില്‍ പെടുത്തി സമീപിക്കരുത്. വായിക്കുക എന്നാണല്ലോതിരുവചനം നമ്മോട് ആവശ്യപ്പെടുന്നതുതന്നെ. അതുകൊണ്ടുതന്നെ നമുക്ക് ബൈബിളെടുത്തുവായിക്കാം. അതില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം.