നാം പുതിയൊരു മാസത്തിലേക്ക് പ്രേവേശിച്ചിരിക്കുകയാണല്ലോ. ഒക്ടോബര്‍. കത്തോലിക്കാ സഭ ഒക്ടോബര്‍ മാസം ജപമാല മാസമായിട്ടാണ് ആചരിക്കുന്നത്. പരമ്പരാഗതമായി നാം നമ്മുടെ സന്യാസഭവനങ്ങളിലും ഇടവകകളിലൂം കൂട്ടായ്മകളിലുമെല്ലാം ജപമാല പ്രാര്‍ത്ഥന നടത്തിവരാറുണ്ട്.
ഇത്തവണ ഒരുപക്ഷേ കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിനെല്ലാം നിയന്ത്രണങ്ങളുണ്ടാവാം. എങ്കിലും നമ്മുടെ ഹൃദയങ്ങളില്‍ പരിശുദ്ധ ജപമാലയോടുള്ള ഭക്തിയും വണക്കവും ഇല്ലാതാക്കാന്‍ ഒരു വൈറസിനും കഴിയുകയില്ല എന്നതാണ് സത്യം. മാത്രവുമല്ല ജപമാല പ്രാര്‍ത്ഥനയിലൂടെ ഇപ്പോഴത്തെ പ്രതിസന്ധികളെ നേരിടാനുള്ള ഒരുക്കത്തിലുമാണ് നാം.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചെറിയ ചെറിയ കൂട്ടായ്മയില്‍ പോലും നാം ഇന്ന് നേരിടുന്ന പലവിധ പ്രശ്‌നങ്ങളെയും നിര്‍വീര്യമാക്കാന്‍ ജപമാലയുടെ സഹായം തേടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിക്കുകയാണ്. പരിശുദ്ധ അമ്മയ്ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു മിനിസ്ട്രിയാണ് മരിയന്‍ മിനിസ്ട്രി. മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന മരിയന്‍ പത്രത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല. പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രചരിപ്പിക്കാനും അമ്മയോടുള്ള സ്‌നേഹത്തില്‍ വളരാനും അമ്മയോട് നിരന്തരം പ്രാര്‍ത്ഥിക്കാനും സഹായകമായ നിരവധിയായ വിഭവങ്ങള്‍ മരിയന്‍ പത്രത്തെ സമ്പന്നമാക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.
നിരവധി വായനക്കാര്‍ ഈ പ്രാര്‍ത്ഥനകളിലൂടെ മരിയസാന്നിധ്യം അനുഭവിക്കുകയും ദൈവാനുഗ്രഹം പ്രാപിക്കുകയും ചെയ്തിട്ടുള്ളതായി അവരില്‍ നിന്ന ലഭിച്ച പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. മരിയന്‍ പത്രത്തിലെ പ്രാര്‍ത്ഥനകളുടെ വിഭാഗത്തില്‍ മാതാവിനോടുള്ള നിരവധി പ്രാര്‍ത്ഥനകള്‍ ചേര്‍ത്തിട്ടുണ്ട്.
ഒക്ടോബര്‍ മാസത്തില്‍ ജപമാല രാജ്ഞിയോട് കൂടുതല്‍ ഭക്തിയില്‍ വളരാന്‍സഹായകരമാണ് ഈ പ്രാര്‍ത്ഥനകള്‍. അതുകൊണ്ട് മരിയന്‍ പത്രത്തിന്റെ സ്ഥിരം വായനക്കാരോട് ഈ മാസം പ്രത്യേകമായി ഈ പേജ് സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മരിയന്‍ പത്രത്തെ ഇനിയും അറിഞ്ഞിട്ടില്ലാത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മരിയന്‍ പത്രത്തെ പരിചയപ്പെടുത്തുകയോ ഈ പ്രാര്‍ത്ഥനകള്‍ അവര്‍ക്ക് ഷെയര്‍ ചെയ്യുകയോ വേണമെന്നും ഓര്‍മ്മിപ്പിക്കുന്നു. ഇതുവഴി നിങ്ങള്‍ ഓരോരുത്തരും മരിയന്‍ ശുശ്രൂഷയുടെ ഭാഗവും മരിയദാസരുമായിത്തീരുകയാണ് ചെയ്യുന്നത്. അമ്മയുടെ അനന്തമായ വാത്സല്യത്തിന് നാം ഓരോരുത്തരും പാത്രമായിത്തീരുകയും ചെയ്യും.
വ്യക്തിപരമായ നിയോഗങ്ങള്‍ക്ക് പുറമെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, യുദ്ധസാധ്യതകള്‍, പകര്‍ച്ചവ്യാധികള്‍, തൊഴിലില്ലായ്മ, അക്രമം തുടങ്ങിയ വിവിധങ്ങളായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലും ഞങ്ങളുടെ ചെറിയ കൂട്ടായ്മയിലും ഈ മാസം പ്രത്യേകം പ്രാര്‍ത്ഥനകളുണ്ടായിരിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനാവിഷയങ്ങള്‍ ഞങ്ങളെ അറിയിക്കാന്‍ മടിക്കരുത്, മറക്കരുത്.
അമ്മയോട് ചേര്‍ന്നുനില്ക്കുമ്പോള്‍ നാമാരും ഒറ്റപ്പെട്ടവരോ അനാഥരോ ആയിത്തീരുകയില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് നമുക്ക് പരിശുദ്ധ അമ്മയോട് കൂടുതല്‍ സ്‌നേഹത്തിലാവാം.
അമ്മേ ഞങ്ങളെ സഹായിക്കണമേ.ഞങ്ങളുടെ സങ്കടങ്ങളില്‍ ആശ്വാസമായി വരണമേ.ആമ്മേന്‍