കളളക്കുറിച്ചി: കഴിഞ്ഞ ദിവസം യുവതിയായ കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. സിസ്റ്റര്‍ കൗസല്യ രാജേന്ദ്രന്‍ അബദ്ധത്തില്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ അമാലി അന്‍പരശി പറഞ്ഞു.
ഫെബ്രുവരി 16 ന് സിസ്റ്റര്‍ കോളജിലെത്തിയിരുന്നു. 800 മീറ്റര്‍ അകലെയാണ് കോണ്‍വെന്റിലേക്ക് തിരികെ പോയി. കോണ്‍വെന്റിലെത്തിയ സിസ്റ്റര്‍ തുണി കഴുകാന്‍ പോയപ്പോള്‍ കോണ്‍വെന്റ് ഭൂമിയുടെ അതിരില്‍ തൊട്ടടുത്തുള്ള രണ്ടരവയസുകാരനെ കാണുകയും അവന് മിഠായി നല്കുകയും ചെയ്തു. തുടര്‍ന്ന് കോണ്‍വെന്റിലേക്ക് പോയപ്പോള്‍ അപകടമുണ്ടാവുകയായിരുന്നു. കിണറ്റിലേക്ക് നോക്കി കുട്ടി കരയുന്നത് കണ്ട ഗ്രാന്റ് പേരന്റസാണ് സംഭവസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത്. അവര്‍ കണ്ടത് വെള്ളത്തില്‍ ഒരു ചെരിപ്പ് പൊങ്ങികിടക്കുന്നതാണ്. അയല്‍ക്കാരെയും കോണ്‍വെന്റിലെ സിസ്‌റ്റേഴ്‌സിനെയും അവരാണ് വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷം കോണ്‍വെന്റ് സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്തു. സിസ്റ്റര്‍ കൗസല്യയുടെ പിതാവും ബന്ധുക്കളും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.
അസ്വഭാവികമായ രീതിയില്‍ ഒരു കന്യാസ്ത്രീ മരിച്ചതായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ചില ആളുകള്‍ അതിനോട് പ്രതികരിക്കുന്ന രീതി വളരെ വിചിത്രമായ രീതിയിലാണ്. അപക്വവും ബാലിശവുമായ രീതിയിലാണ് ഭൂരിപക്ഷത്തിന്റെയും പ്രതികരണം. ചിലര്‍ ആ വാര്‍ത്ത വളച്ചൊടിച്ച് അസത്യപ്രചരണങ്ങള്‍ നടത്തുന്നു. മറ്റൊരു കൂട്ടര്‍ സഭയ്ക്ക് വിരുദ്ധമായ രീതിയിലാണ് വാര്‍ത്ത നല്കുന്നതെന്ന് പ്രചരിപ്പിക്കുന്നു. സത്യം എന്താണെന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രം ഇത്തരക്കാര്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ അത് കൂടുതല്‍ നന്നാവുമായിരുന്നു.