നൈജീരിയ: വൈദികര്‍ക്ക് നേരെ തുടര്‍ച്ചയായ അക്രമണം നടന്നുകൊണ്ടിരിക്കുന്ന നൈജീരിയായില്‍ നിന്ന് വീണ്ടുമൊരു അക്രമണത്തിന്റെ വാര്‍ത്ത. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്ന ഫാ. വാലന്റൈനെയാണ് നാലുപേരടങ്ങുന്ന അക്രമിസംഘം തട്ടിക്കൊണ്ടുപോയിരിക്കുന്നത്. കോണ്‍ഗ്രിഗേഷന്‍ ഓഫ് സണ്‍സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്‌സി അംഗമാണ് ഫാ. വാലന്റൈന്‍. കഴിഞ്ഞ ആഴ്ചയാണ് നൈജീരിയായിലെ ഒരു സ്‌കൂളില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.
ബോക്കോ ഹാരമാണ് ഇതിന് പിന്നിലെന്ന് അവകാശപ്പെടുന്നു. ഇപ്പോഴും 300 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല. നൈജീരിയായില്‍ വളരെ ഉയര്‍ന്ന തോതിലാണ് കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും നടക്കുന്നതെന്ന് അബൂജ ആര്‍ച്ച് ബിഷപ് ഇഗ്നേഷ്യസ് കൈഗാമ പറഞ്ഞു. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാക്രമീകരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരക്ഷിതാവസ്ഥ രാജ്യത്തെ വലിയൊരു വെല്ലുവിളിയാണ്. അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം നൈജീരിയായില്‍ നിന്ന് എട്ടുവൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ട്. ഇതില്‍ 18 കാരനായ മൈക്കല്‍ നാന്ദി കൊല്ലപ്പെടുകയും ചെയ്തു.