നൈജീരിയ: തട്ടിക്കൊണ്ടുപോകപ്പെട്ട തങ്ങളുടെ പൊന്നുമക്കള്‍ സുരക്ഷിതരായി തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഈ മാതാപിതാക്കള്‍. നൈജീരിയായിലെ കാഡുന സ്റ്റേറ്റിലെ ബഥേല്‍ ബാപ്റ്റിസ്റ്റ് ഹൈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് തിങ്കളാഴ്ച വെളുപ്പിന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.
വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വാര്‍ഷികപ്പരീക്ഷയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കൂട്ടത്തോടെയുള്ള തട്ടിക്കൊണ്ടുപോകലുകള്‍ ഇപ്പോള്‍ നൈജീരിയായില്‍ പതിവായി മാറിയിരിക്കുകയാണ്. ക്രൈസ്തവ സംഘടനകള്‍ നടത്തുന്ന സ്‌കൂളുമായി ബന്ധപ്പെട്ടവയാണ് ഈ തട്ടിക്കൊണ്ടുപോകലുകള്‍ ഭൂരിപക്ഷവും. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ 26 വിദ്യാര്‍ത്ഥികളും ഒരു ടീച്ചറും മോചിതരായിട്ടുണ്ട് എന്ന് കാഡുന പോലീസ് അറിയിച്ചു.
മക്കളെയോര്‍ത്ത് വിലപിക്കുന്ന മാതാപിതാക്കളുടെ വീഡിയോ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് പുറത്തുവിട്ടു. ദൈവം തങ്ങളുടെ മക്കളെ സുരക്ഷിതരായി തിരികെയെത്തിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഒരു വിധവയുടെ നാലുമക്കളും ഉള്‍പ്പെടുന്നു. തട്ടിക്കൊണ്ടുപോകലുകളോര്‍ത്ത് കുട്ടികള്‍ക്ക് ഇപ്പോള്‍ സ്‌കൂളുകളില്‍ പോകാന്‍ പോലും ഭയമാണെന്ന് മാതാപിതാക്കള്‍ പറയുന്നു. അക്രമികള്‍ വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ പോലുമാണ് നിഷേധിക്കുന്നത്. വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നതുകൊണ്ട് സ്‌കൂളുകള്‍ അടച്ചിടാണ് ഗവണ്‍മെന്റ് അഭിപ്രായം.
കഴിഞ്ഞ ആറാഴ്ചകള്‍ക്കുള്ളില്‍ നാലു വ്യത്യസ്ത സംഭവങ്ങളിലായി 500 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.