മൈദുഗുരി: നൈജീരിയായില്‍ നിന്ന് വീണ്ടുമൊരു ആശങ്കാകുലമായ വാര്‍ത്ത. കത്തോലിക്കാ വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നു. ബോക്കോ ഹാരം തീവ്രവാദഗ്രൂപ്പിലെ അംഗങ്ങളാണ് പിന്നിലെന്നാണ് സംശയിക്കുന്നത്. ഫാ. ഏലിയ ജുമാ വാഡായെയാണ് കാണാതായിരിക്കുന്നത്.
ജൂണ്‍ 30 ന് ബോര്‍ണോ സ്റ്റേറ്റില്‍ നിന്നാണ് വൈദികനെ കാണാതായിരിക്കുന്നത്. വൈദികന്റെ സുരക്ഷിതമായ തിരിച്ചുവരവിന് വേണ്ടി രൂപതയ്ക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി ഫാ. ജോണ്‍ ബക്കേനി പറഞ്ഞു. മൈദുഗുരി രൂപതയുടെ രൂപതാ സെക്രട്ടറിയാണ് ഫാ. ജോണ്‍ ബക്കേനി.. ഇതുവരെയും അക്രമികളില്‍ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ക്രൈസ്തവര്‍ക്കും പ്രത്യേകിച്ച് വൈദികര്‍ക്ക് നേരെ നൈജീരിയായില്‍ നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും പുതിയ സംഭവവികാസമാണ് ഫാ. ജൂമായുടെ തട്ടിക്കൊണ്ടുപോകല്‍.
2009 മുതല്ക്കാണ് നൈജീരിയ അരക്ഷിതത്വത്തിലേക്ക് മാറിയത്. ബോക്കോ ഹാരം എന്ന ഇസ്ലാമിക തീവ്രവാദഗ്രൂപ്പ് ശക്തി പ്രാപിച്ചത് ഇതോടെയാണ്. ഫുലാനികളാണ് മറ്റൊരു ഭീഷണി. ക്രൈസ്തവരുടെ കൃഷിഭൂമികള്‍ പിടിച്ചെടുത്തും അവരെ കൊന്നൊടുക്കിയുമാണ് ഈ ഭീകരര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത്. രാജ്യത്ത് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ഗവണ്മെന്റും പരാജയപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.